പ്രദീപ് കുമാരപിള്ള
ആലുവായ്‌ക്കടുത്ത് ശ്രീമൂലനഗരം എന്ന ഗ്രാമത്തില്‍ ആയുര്‍വേദ ചികിത്സകനും സംസ്‌കൃത പണ്ഡിതനുമായിരുന്ന കെ.ആര്‍. വേലായുധപ്പണിക്കരുടെയും പുകിലേത്ത് ലക്ഷ്മിയമ്മയുടെയും നാല് മക്കളില്‍ രണ്ടാമനായി ജനിച്ച വിജയന് ബാല്യംമുതലേ കലാഭിരുചിയുണ്ടായിരുന്നു. അത് ലഭിച്ചതാകട്ടെ സാഹിത്യ രസികരായിരുന്ന പിതാവില്‍ നിന്നും വല്യമ്മാവനില്‍ നിന്നും. അനുകരണകലയില്‍ അതീവ വൈദഗ്‌ദ്ധ്യം പുലര്‍ത്തിയ വിജയന്‍ സ്‌കൂള്‍ നാടകങ്ങളിലും പിന്നീട് അമച്വര്‍ നാടകങ്ങളിലും സജീവ സാന്നിധ്യമായി. ഏകാഭിനയ പരിപാടികളും അവതരിപ്പിച്ചു.
അഗതികള്‍ എന്ന നാടകത്തിലൂടെ വിജയനെന്ന ചെറുപ്പക്കാരനെ പ്രൊഫഷണല്‍ നാടകരംഗത്തേക്ക് കൂട്ടിക്കൊണ്ടുവരുന്നത് പറവൂര്‍ ഭാനു എന്ന നാടകപ്രവര്‍ത്തകനാണ്. പി.ജെ. ആന്റണിയുടെ ഇങ്ക്വിലാബിന്റെ മക്കള്‍, മുന്തിരിച്ചാറില്‍ കുറേ കണ്ണുനീര്‍, ഉഴവുചാല്‍, ഏരൂര്‍ വാസുദേവിന്റെ ആദാമിന്റെ സന്തതികള്‍, ജീവിതം അവസാനിക്കുന്നില്ല തുടങ്ങിയ നാടകങ്ങള്‍ ശ്രീമൂലനഗരം വിജയനെ അരങ്ങില്‍ അടയാളപ്പെടുത്താന്‍ പോന്നവയായിരുന്നു. ഇതില്‍ ഏരൂര്‍ വാസുദേവിന്റ ആദാമിന്റെ സന്തതികളിലെ മാജിക്കുകാരന്‍ മമ്മദിക്ക എന്ന കഥാപാത്രത്തിന്റെ വന്‍വിജയം മുസ്ലിം വേഷങ്ങള്‍ തുടര്‍ന്നും ലഭിക്കാനിടയാക്കി. ”മുസ്ലിം കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതില്‍ വിജയനോളം പോന്ന മറ്റൊരാളില്ല” എന്ന് പില്‍ക്കാലത്ത് പ്രസിദ്ധ നടന്‍ തിലകന്‍ പറഞ്ഞിട്ടുള്ളതും ഇതോട് ചേര്‍ത്തുവായിക്കാം.
ഭാവാഭിനയ വൈദഗ്‌ദ്ധ്യവും മികച്ച ശബ്ദനിയന്ത്രണവും തികഞ്ഞ രംഗബോധവും നിരീക്ഷണ പാടവവും സ്വായത്തമാക്കിയ വിജയന്‍ പിന്നീട് നാടകരംഗത്ത് നടനായും സംവിധായകനായും ഉന്നതസ്ഥാനങ്ങളില്‍ അവരോധിക്കപ്പെട്ടു. പി.ജെ. തിയേറ്റേഴ്‌സ്, പത്തനംതിട്ട പീപ്പിള്‍സ് തിയേറ്റര്‍, കെപിടിഎ നാടക സമിതി, കേരളാ തിയേറ്റേഴ്‌സ്, കാളിദാസ കലാകേന്ദ്രം, നവജ്യോതി തുടങ്ങിയ സമിതികളില്‍ സഹകരിച്ചിരുന്നു.
കവിത്വസിദ്ധി കൈമുതലായുണ്ടായിരുന്ന വിജയന്‍ അക്കാലം മുതല്‍ നാടകങ്ങള്‍ക്ക് പാട്ടെഴുതുകയും ചെയ്തിരുന്നു. എച്ച്എംവിക്കുവേണ്ടി യേശുദാസ് പാടിയ ആദ്യ ലളിതഗാനം രചിച്ചത് ശ്രീമൂലനഗരം വിജയനാണ്. വിഷാദമെന്തിന് വിലാസിനീ.. എന്ന ഈ ഗാനത്തിന്റെ സംഗീതസംവിധായകന്‍ എം. എസ്. ബാബുരാജാണ്.
നാടകാഭിനേതാവെന്ന നിലയില്‍ ആര്‍ജിച്ച അറിവുകൊണ്ട് പില്‍ക്കാലത്ത് വിജയന്‍ ഒരു നാടകരചയിതാവും സംവിധായകനുമൊക്കെയായിത്തീര്‍ന്നു. സാഹിത്യകാരനെന്ന നിലയിലും വിജയന്‍ ശ്രദ്ധേയനായി. യുദ്ധഭൂമി, യമുന, പത്തു സെന്റ്, തടാകം, സമുദ്രം, ജ്വാലാമുഖി, കുരിശിന്റെ വഴി തുടങ്ങിയവ പ്രസിദ്ധീകരിച്ച നാടകങ്ങളാണ്. കതിരുകള്‍ എന്ന കവിതാ സമാഹാരവും ചൂണ്ട എന്ന നോവലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകൃതങ്ങളല്ലാത്ത പല നാടകങ്ങളും അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. ഒട്ടനവധി റേഡിയോ നാടകങ്ങള്‍ രചിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.
ആകാശവാണിയിലെ എ ഗ്രേഡ് ആര്‍ട്ടിസ്റ്റ് ആയിരുന്ന വിജയന്‍ ചില പത്രങ്ങള്‍ക്കും പ്രസിദ്ധീകരണങ്ങള്‍ക്കുമായി കാര്‍ട്ടൂണുകളും രചിക്കുകയുണ്ടായി. തുളസിത്തറ, മുക്കുവനും ഭൂതവും, തുറമുഖം, സാഗരം, വിഷുപ്പക്ഷി, സൂര്യപുത്രി, കാഴ്ചശീവേലി, കളരി, സഹസ്രയോഗം, വിളക്കുമാടം, അന്വേഷണം, അത്താഴവിരുന്ന്, നാലമ്പലം, കൃഷ്ണമൃഗം, ശുദ്ധികലശം, കസേരകളി, അനുഗ്രഹം, വയ്യാവേലി അഥവാ കുഴിയാന, കല്‍പ്പാന്തകാലത്തോളം തുടങ്ങിയ നാടകങ്ങള്‍ രചിച്ച് അവതരിപ്പിച്ചിട്ടുണ്ട്. ഇവയില്‍ പലതും നിരവധി തവണ സ്റ്റേജ് ചെയ്യപ്പെട്ടവയാണ്.
സിനിമയിലേക്ക്
1964 ല്‍ വിജയന്‍ ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത് പി.എ. തോമസിന്റെ ചിത്രങ്ങളിലൂടെയായിരുന്നു. ഒരാള്‍ കൂടി കള്ളനായി എന്ന ചിത്രത്തിനായി മൂന്ന് ഗാനങ്ങളെഴുതിക്കൊണ്ടായിരുന്നു തുടക്കം.
കരിവളവില്‍ക്കണപെട്ടിക്കാരാ.. (പി. ലീല), കണ്ണുനീര്‍ പൊഴിക്കു നീ കാലമേ… (യേശുദാസ്), ചായക്കടക്കാരന്‍ ബീരാന്‍കാക്കേടെ മോളൊരു ചീനപ്പടക്കം… (യേശുദാസ്, പി. ലീല) എന്നിവയായിരുന്നു ഗാനങ്ങള്‍. നാടകങ്ങളില്‍ വിജയന്റെ പാട്ടുകള്‍ കൂടുതല്‍ ചിട്ടപ്പെടുത്തിയിട്ടുള്ള ജോബാണ് ആദ്യസിനിമയിലെ പാട്ടുകളും ഒരുക്കിയത്. തുടര്‍ന്ന് തോമസിന്റെ തന്നെ പോര്‍ട്ടര്‍ കുഞ്ഞാലിക്കും ഭൂമിയിലെ മാലാഖയ്‌ക്കും വേണ്ടി ഓരോ പാട്ടെഴുതി. വണ്ടിക്കാരന്‍ ബീരാന്‍കാക്ക രണ്ടാം കെട്ടിന് പൂതി വന്ന്… എന്ന പോര്‍ട്ടര്‍ കുഞ്ഞാലിയിലെ പാട്ട് സീറോ ബാബുവാണ് പാടിയിട്ടുള്ളത്. (സംഗീതം-ജോബ്) ഭൂമിയിലെ മാലാഖയിലെ മുണ്ടോപ്പാടത്ത് കൊയ്‌ത്തിന് വന്നപ്പോ… എന്ന പി. ലീലയും സീറോ ബാബുവും പാടിയ ഗാനം എം.എ. മജീദ് ചിട്ടപ്പെടുത്തിയതാണ്.
ഇതിനിടയില്‍ കുടുംബിനി എന്ന ചിത്രത്തിലൂടെ വിജയന്‍ തിരശ്ശീലയിലുമെത്തി. അലിയാര്‍ എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. ഈ നാല് ചിത്രങ്ങളിലും സംവിധാന സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തു.
നാടക കലയുടെ പുഷ്‌കല കാലമായിരുന്നു അന്ന്. ഹ്രസ്വമായ ചലച്ചിത്ര ജീവിതത്തിനു ശേഷം നാടകരംഗത്തേക്കു മടങ്ങിയ വിജയന്‍ സ്വന്തമായി കേരള സ്റ്റേജ് എന്നൊരു നാടകട്രൂപ്പ് രൂപീകരിച്ചിരുന്നു. ഏഴ് വര്‍ഷങ്ങള്‍ക്കു ശേഷമാണ് സിനിമയിലേക്കു വരുന്നത്. കെ.എസ്. സേതുമാധവന്റെ അച്ഛനും ബാപ്പയും എന്ന ചിത്രത്തില്‍ ഒരു സമ്പന്ന കുടുംബത്തിലെ കാര്യസ്ഥനായി (ഇബ്രാഹിംകുട്ടി) വേഷമിട്ടുകൊണ്ടായിരുന്നു രണ്ടാംവരവ്. തൊട്ടടുത്തുവന്ന സേതുമാധവന്‍ ചിത്രമായ ആദ്യത്തെ കഥയില്‍ നാണുമ്മാവന്റെ വേഷം ഗംഭീരമാക്കിയതു വഴി ആ വര്‍ഷത്തെ മദ്രാസ് ഫിലിം ഫാന്‍സ് അസോസിയേഷന്റെ മികച്ച സഹനടനുള്ള പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. (ചലച്ചിത്രാഭിനയത്തിന് ലഭിച്ചിട്ടുള്ള ഏക അവാര്‍ഡ് ഇതാണ്.) അടുത്ത വര്‍ഷം ഉദയായുടെ തേനരുവിയിലും പാവങ്ങള്‍ പെണ്ണുങ്ങളിലും നീലായുടെ സ്വര്‍ഗപുത്രിയിലും തോമസ് പിക്‌ചേഴ്‌സിന്റെ ജീസസിലും വേഷമിട്ടു. ഇവയില്‍ പാവങ്ങള്‍ പെണ്ണുങ്ങളിലെ പ്രതികാരത്തിനായി കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുന്ന നാരായണന്‍ എന്ന കഥാപാത്രം കൂടുതല്‍ നന്നായി.
1974 ല്‍ എസ്. ബാബുവിന്റെ ചഞ്ചല എന്ന ചിത്രത്തില്‍ സദാശിവന്‍ എന്ന വക്കീലായി വേഷമിട്ടു. പിക്‌നിക്കിലെ വാച്ചര്‍ ശങ്കരപ്പിള്ളയും ക്രിമിനല്‍സിലെ സുന്ദരം പിള്ളയും ശ്രദ്ധിക്കപ്പെട്ടു. പുലിവാല്, തിരുവോണം, മറ്റൊരു സീത (ഗസ്റ്റ്), ഒഴുക്കിനെതിരെ (ഗസ്റ്റ് ) കടുവയെ പിടിച്ച കിടുവ, ശ്രീമത് ഭഗവദ്ഗീത ( ദുര്‍വ്വാസാവ്), യത്തീം (അബ്ദുള്ള), സൊസൈറ്റി ലേഡി (നാണു പിള്ള), പത്മതീര്‍ത്ഥം (ശങ്കരപ്പിള്ള), ബലപരീക്ഷണം (പട്ടര്‍), ഇതാണെന്റെ വഴി (ഇക്ക), ചക്രായുധം, മധുരിക്കുന്ന രാത്രി (രണ്ടിലും വില്ലന്‍ കഥാപാത്രങ്ങള്‍), തിരയും തീരവും(സാവിത്രിയുടെ അച്ഛന്‍), രണ്ട് മുഖങ്ങള്‍, സത്യം (മുഹമ്മദ്), അഷ്ടപദി (അബ്ദുള്ള), എന്റെ ഗ്രാമം (ചായക്കട കുഞ്ചുനായര്‍) തുടങ്ങിയവയാണ് വിജയന്‍ വേഷമിട്ട മറ്റു പ്രധാന ചിത്രങ്ങള്‍.
ഭാസ്‌കരന്‍ മാസ്റ്ററുടെ ജഗദ്ഗുരു ആദിശങ്കരനില്‍ പത്മപാദര്‍ എന്ന പ്രധാനവേഷത്തില്‍ വിജയനാണ് അഭിനയിച്ചു തുടങ്ങിയത്. ചിത്രം പലപല ഷെഡ്യൂളുകളായി നീണ്ടപ്പോള്‍ സഹകരിക്കാനാവാത്ത സാഹചര്യമുണ്ടാകുകയും പിന്മാറുകയും ചെയ്തു. സുഹൃത്തും നാടകത്തില്‍ സഹപ്രവര്‍ത്തകനുമൊക്കെയായിരുന്ന പ്രതാപചന്ദ്രനാണ് പിന്നീട് ആ വേഷത്തിലെത്തിയത്.
തിരക്കഥാകൃത്ത്
ശ്രീമൂലനഗരം രഹ്നാ തിയേറ്റേഴ്‌സ് അവതരിപ്പിച്ചു വന്നിരുന്ന തപോവനം എന്ന നാടകം റാണി ഫിലിംസ് എന്നൊരു ബാനര്‍ ചലച്ചിത്രമാക്കാന്‍ തീരുമാനിച്ച വാര്‍ത്ത വരുന്നത് 1974ലാണ്. ശ്രീമൂലനഗരം വിജയന്‍ തിരക്കഥ-സംഭാഷണവും, ഒഎന്‍വി-എം.കെ. അര്‍ജുനന്‍ ടീം ഗാനങ്ങളും ഒരുക്കുന്ന ചിത്രം എസ്. ബാബു സംവിധാനം ചെയ്യുന്നുവെന്നും, രഹ്നാ തിയേറ്റേഴ്‌സിലെ അഭിനേതാക്കളായ തിലകന്‍, വില്യം ഡിക്രൂസ്, ശ്രീമൂലനഗരം വിജയന്‍, തൃശൂര്‍ എല്‍സി എന്നിവര്‍ ചിത്രത്തിലഭിനയിക്കുന്നുവെന്നും വാര്‍ത്തയിലുണ്ട്. 1974 ജനുവരിയില്‍ പുറത്തുവന്ന ചഞ്ചലയില്‍ വിജയന്‍ അഭിനയിച്ചിരുന്നു. എസ്. ബാബുവിന്റേതായിരുന്നു ആ ചിത്രം. അതിനെത്തുടര്‍ന്നാണ് ഈ പ്രോജക്ട് പ്രഖ്യാപിക്കപ്പെട്ടത്. നിര്‍ഭാഗ്യവശാല്‍ എഴുത്താരംഭിച്ച ആദ്യ തിരക്കഥ കടലാസില്‍ ഒതുങ്ങുകയായിരുന്നു.
‘തപോവനം’ പൂവണിഞ്ഞില്ലെങ്കിലും ആ വര്‍ഷം തന്നെ ശശികുമാറിന്റെ ‘പഞ്ചതന്ത്രം’ എന്ന ചിത്രത്തിന് സംഭാഷണരചന നിര്‍വ്വഹിച്ചുകൊണ്ട് സിനിമയിലെ എഴുത്തുപണി തുടങ്ങിവച്ചു. തൊട്ടടുത്ത വര്‍ഷം എ.ബി. രാജിന്റെ ടൂറിസ്റ്റ് ബംഗ്ലാവിന് തിരക്കഥയും സംഭാഷണവുമെഴുതി. 1978 ലെ പത്മതീര്‍ത്ഥം, ചക്രായുധം, മിടുക്കിപ്പൊന്നമ്മ, മധുരിക്കുന്ന രാത്രി, 1980 ലെ തിരയും തീരവും, പ്രളയം എന്നിവയും വിജയന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളാണ്. ഇതില്‍ പ്രളയം, യുദ്ധഭൂമി എന്ന വിജയന്റെ നാടകത്തിന്റെയും, മധുരിക്കുന്ന രാത്രി സഹോദരന്‍ ശ്രീമൂലനഗരം മോഹന്റെ ഗ്രീഷ്മം എന്ന നാടകത്തിന്റെയും ചലച്ചിത്ര രൂപങ്ങളാണ്. ക്രിമിനല്‍സ് എന്ന ചിത്രത്തിനുവേണ്ടി ഒരു ഗാനം രചിച്ചിട്ടുണ്ട്. (കാന്താരീ പാത്തൂത്താടെ… എന്ന ഗാനം എം.എസ്. ബാബുരാജാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.)
എഴുപതുകളുടെ അന്ത്യത്തില്‍ വിജയന്‍ ഒരു സംവിധായകന്റെ കുപ്പായവുമണിഞ്ഞു. എന്റെ ഗ്രാമം എന്നു പേരിട്ട ആ ചിത്രം ടി.കെ. വാസുദേവനുമായിച്ചേര്‍ന്നാണ് സംവിധാനം ചെയ്തിട്ടുള്ളത്. ഐശ്വര്യാ ഫിലിംസിന്റെ ബാനറില്‍ ചാലക്കുടി ഇസ്മായില്‍ നിര്‍മ്മിച്ച ഈ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രം 1979 ലെ സ്റ്റേറ്റ് അവാര്‍ഡിന് മത്സരിച്ചിട്ടുണ്ട്. ഈ ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ഗാനങ്ങളും രചിച്ചത് അദ്ദേഹമായിരുന്നു. മണിനാഗത്താന്മാരേ കനിയേണം… (യേശുദാസ്, അമ്പിളി), പത്തായം പോലത്തെ വയറാണ്…. (ആന്റോ, പി.ആര്‍. ഭാസ്‌കരന്‍) വീണാപാണിനീ രാഗവിലോലിനി (വാണീജയറാം) എന്നിവയ്‌ക്കൊപ്പം വിദ്യാധരന്‍ മാസ്റ്റര്‍ ഈണമിട്ട കല്‍പ്പാന്തകാലത്തോളം കാതരേ നീയെന്‍ മുന്നില്‍… എന്ന യേശുദാസ് പാടിയ ഗാനം രചനാഭംഗികൊണ്ടും സംഗീതമേന്മകൊണ്ടും ആലാപനമാധുര്യംകൊണ്ടും നിത്യസുന്ദരമായി നില്‍ക്കുന്നു.
മാസ്റ്റര്‍ രാജീവ്, സോമന്‍, ശങ്കരാടി, ബഹദൂര്‍, മാള, കടുവാക്കുളം, അംബിക, കനകദുര്‍ഗ്ഗ, കവിയൂര്‍ പൊന്നമ്മ തുടങ്ങിയവരഭിനയിച്ച ഈ ചിത്രം അഞ്ചുവര്‍ഷം വൈകി. പ്രേക്ഷകസമക്ഷമെത്തിയെങ്കിലും അധികം ശ്രദ്ധിക്കപ്പെടുകയുണ്ടായില്ല.
കുടുംബം
ഏറെക്കാലം വൃക്കസംബന്ധമായ ബുദ്ധിമുട്ടുകള്‍ അലട്ടിയിരുന്ന വിജയന്‍ 1992 മേയ് 23 ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ചു. മരിക്കുമ്പോള്‍ 59 വയസ്സുണ്ടായിരുന്നു.
പത്രപ്രവര്‍ത്തകനും നാടകരചയിതാവുമായ ശ്രീമൂലനഗരം മോഹന്‍, സുമതി, കുസുമം (തൃശൂര്‍ ആകാശവാണി ഡയറക്ടറായിരുന്ന എം.കെ.ശിവശങ്കരന്റെ ഭാര്യ) എന്നിവരാണ് സഹോദരങ്ങള്‍. നഴ്‌സായി റിട്ടയര്‍ ചെയ്ത വിലാസിനി ഭാര്യയും റോയ്‌മോന്‍ (പൊന്നന്‍), റാണിമോള്‍ (പൊന്നി )
എന്നിവര്‍ മക്കളുമാണ്. (മകന്‍ റോയ്, ശ്രീമൂലനഗരം പൊന്നന്‍ എന്ന പേരില്‍ ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. മരിക്കുന്നതിന് കുറച്ചുകാലം മുന്‍പ് പിതാവെഴുതി പൂര്‍ത്തിയാക്കിയ സമാസം എന്ന നാടകം പൊന്നന്‍ റേഡിയോ നാടകമാക്കി അവതരിപ്പിച്ചിട്ടുണ്ട്.) അനന്തരവനായ ജീജോയാണ് മകള്‍ റാണിയുടെ ഭര്‍ത്താവ്.
മരണശേഷവും വിജയന്റെ ഒരു കൃതി ചലച്ചിത്രമായിട്ടുണ്ട്. 1994 ല്‍ അമ്പിളി സംവിധാനം ചെയ്ത സമുദായം എന്ന ചിത്രം അതിപ്രശസ്തമായ തുളസിത്തറ എന്ന നാടകത്തിന്റെ സിനിമാവിഷ്‌കാരമാണ്. മരിക്കുന്നതിന് പത്ത് വര്‍ഷം മുന്‍പ് വിജയന്‍ സഹകരിച്ച അവസാന ചിത്രവും അമ്പിളിയുടേതായിരുന്നു- അഷ്ടപദി.
2017 ല്‍ പുറത്തുവന്ന ഹണീ ബി 2.5 എന്ന ചിത്രത്തില്‍ ലാലും കൂട്ടരും പാടുന്നതായി ചിത്രീകരിച്ചിട്ടുള്ള ആമിനാത്താത്തേടെ പൊന്നുമോളാണ്… എന്ന പാട്ട് ശ്രീമൂലനഗരം വിജയന്റെ രചനയാണ്. ക്രെഡിറ്റ്‌സില്‍ എസ്. എം. വിജയന്‍ എന്നുമാത്രം ചേര്‍ത്തതിനാല്‍ പലരും തിരിച്ചറിയാതെ പോയി.
കലയ്‌ക്കു വേണ്ടി സമര്‍പ്പിച്ചതായിരുന്നു വിജയന്റെ ജീവിതം. ധന്യമായ ആ ഓര്‍മ്മകള്‍ക്കു മുന്നില്‍ ശ്രദ്ധാഞ്ജലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: