ന്യൂദല്‍ഹി: പുതിയ പാർലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ പൊലീസ് ബാരിക്കേഡുകള്‍ ചാടിക്കടന്ന് പ്രതിഷേധ മാര്‍ച്ച് നടത്തിയ സാക്ഷി മാലിക്, ബജ്രംഗ് പൂനിയ, വിനേഷ് ഫൊഗാട്ട് ഉള്‍പ്പെടെയുള്ള ഗുസ്തിതാരങ്ങളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ദല്‍ഹി പൊലീസ് സമരക്കാരുടെ ടെന്‍റുകള്‍ പൊളിച്ചുനീക്കി. ഗുസ്തിതാരങ്ങള്‍ നിരവധി നിയമങ്ങള്‍ ലംഘിച്ചുവെന്നും അവരെ ഇനി സമരത്തിനായി ജന്തര്‍മന്ദറിലേക്ക് തിരിച്ചുവരാന്‍ അനുവദിക്കില്ലെന്നും ദല്‍ഹി പൊലീസ് പറഞ്ഞു.
പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അതിന് മുന്നില്‍ വനിതാ പഞ്ചായത്ത് നടത്തുമെന്ന് സമരം ചെയ്യുന്ന ഗുസ്തിതാരങ്ങള്‍ വെല്ലുവിളിച്ചിരുന്നു. “താരങ്ങള്‍ നിരവധി നിയമങ്ങള്‍ ലംഘിച്ചുവെന്നും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും സാഹചര്യങ്ങള്‍ വിലയിരുത്തി വരികയാണെന്നും ക്രമസമാധാന ചുമതലയുള്ള പൊലീസ് കമ്മീഷണര്‍ ദീപേന്ദ്ര പഥക് പറഞ്ഞു. സമരത്തിനിടയില്‍ പൊലീസുകാര്‍ക്കും പരിക്കേറ്റു.
നേരത്തെ ഖാപ് മഹാപഞ്ചായത്ത് സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഞായറാഴ്ച ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളില്‍ നിന്നും ഖാപ് മഹാപഞ്ചായത്ത് പ്രവര്‍ത്തകര്‍ ജന്തര്‍മന്ദറില്‍ എത്താന്‍ ശ്രമം നടത്തിയെങ്കിലും ഇവരെ അതിര്‍ത്തിയില്‍ തടഞ്ഞിരുന്നു. അതിനാല്‍ പ്രതിഷേധ മാര്‍ച്ചിന് അധികം പേര്‍ക്ക് എത്താനായില്ല.
പുതിയ പാര്‍ലമെന്‍റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം തന്നെ അതിന് മുന്നില്‍ വനിതാ പഞ്ചായത്ത് നടത്തുക എന്ന ലക്ഷ്യത്തോടെ ഗുസ്തിതാരങ്ങള്‍ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ ചാടിക്കടന്ന് കുതിയ്‌ക്കുകയായിരുന്നു. അതിനിടെ ചിലര്‍ ബോധപൂര്‍വ്വം സമരക്കാരുടെ കയ്യില്‍ കോണ്‍ഗ്രസിന്റെ പതാക വെച്ചുകൊടുക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. മാർച്ചിനിടയില്‍ സംഘർഷവുമുണ്ടായി. ഇതോടെ പൊലീസ് സാക്ഷി മാലിക് , ബജ്രംഗ് പൂനിയ, വിനേഷ് ഫൊഗാട്ട് ഉൾപ്പടെയുള്ള ഗുസ്തിതാരങ്ങളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: