ട്രെയിനില്‍ മൂന്നാം ക്ലാസ് എസി കമ്പാര്‍ട്ട്മെന്റ് ഇക്കാലത്ത് ദീര്‍ഘദൂര യാത്രയ്ക്ക് ആര്‍ഭാടമല്ല. ഉച്ചഭക്ഷണ സമയം. എതിര് സീറ്റിലെ അച്ഛനും നാലു വയസ്സായ മകനും ഭക്ഷണം കഴിക്കുമ്പോള്‍ ഒരമ്മ ഒക്കത്ത് ഒരു കുഞ്ഞിനെയും പേറി ഭിക്ഷതേടുന്നു. പിന്നാലെ വന്ന ആറുവയസുകാരി ഭക്ഷണം കഴിക്കുന്ന അച്ഛനേയും മകനേയും നോക്കി നിന്നു. പെണ്‍കുട്ടി കൈനീട്ടി. പെണ്‍കുട്ടിയുടെ കണ്ണ്, മകന് അദ്ദേഹം നുള്ളിക്കൊടുത്ത് ശേഷിക്കുന്ന ആഹാരത്തിലായിരുന്നു. അവള് അത് ചോദിച്ചു. കഴിച്ചുപോയതാണല്ലോ എന്ന് ആ അച്ഛന് ധര്‍മ്മസങ്കടപ്പെട്ടു. പക്ഷേ പെണ്‍കുട്ടിക്ക് അതുവേണമായിരുന്നു. അവള് പിന്നെയും അത് ചൂണ്ടിക്കാട്ടി, ആംഗ്യം കാണിച്ചു. അവള്‍ക്ക് ഹിന്ദി അറിയാം. മലയാളികളോടാണ് സംസാരിക്കുന്നതെന്നറിയാം. നിരന്തരം യാത്രക്കാരെ കാണുന്നതിന്റെ ശീലമായിരിക്കാം. ഒടുവില്‍ എച്ചിലാക്കിയതാണല്ലോ എന്ന വിഷമത്തോടെ അദ്ദേഹം ആ ഭക്ഷണം പെണ്‍കുട്ടിക്ക് കൊടുത്തു. മകന് അത്ഭുതത്തോടെ നോക്കിയിരുന്നു. സന്തോഷത്തോടെ പെണ്‍കുട്ടി ചോദിച്ചു: ക്യാ മഝ്ലി ഹെ? (മീനാണോ). അല്ല, അത് മുര്‍ഗി (ചിക്കന്‍) ആണെന്ന് പറഞ്ഞപ്പോള്‍ അവള് ചിരിച്ചുകൊണ്ട് നടന്നു നീങ്ങി.
ഉള്ളൊന്ന് കാളി. ഭക്ഷണം യാചിക്കുന്ന ആറുവയസുകാരി. അവള്‍ക്ക് മീനും ചിക്കനും കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയാത്ത സ്ഥിതി. 2023ല്‍ സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിലെ കാഴ്ചയാണ്.
അഞ്ചാം പഞ്ചവത്സര പദ്ധതിയില്‍, 1971 ല്‍, ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പില്‍ ഉയര്‍ത്തിയ ‘ഗരീബി ഹഠാവോ’ മുദ്രാവാക്യം, നടപടിക്ക് ഉള്‍പ്പെടുത്തിയിരുന്നു. 52 വര്‍ഷം കഴിഞ്ഞിരിക്കുന്നു. പട്ടിണിയെ അതിദാരിദ്ര്യം എന്ന് പുനര്‍ നിര്‍വചിച്ചതാണ് നമ്മുടെ ഒരു വളര്‍ച്ച. ഭിക്ഷാടനം നിരോധിക്കുകയും നിര്‍മാര്‍ജനം ചെയ്യുമെന്ന് പ്രതിജ്ഞകള്‍ ആവര്‍ത്തിക്കുകയും ചെയ്യുന്നു. പക്ഷേ അതും തുടരുന്നു. നമ്മള് എവിടെയെത്തി, എങ്ങോട്ട് എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്.
അതിനിടയ്ക്കാണ് നമ്മുടെ പൊതുവിതരണ സമ്പ്രദായം, കാര്‍ഷിക ഉല്‍പ്പാദനം, ഭക്ഷ്യോല്‍പ്പന്ന വിതരണം തുടങ്ങിയവയില്‍ ഉണ്ടായിരിക്കുന്ന ഇപ്പോഴത്തെ മാറ്റം വിലയിരുത്തേണ്ടത്. സംസ്ഥാനങ്ങളിലെ സ്കൂള്‍ കുട്ടികള്‍ക്ക് ആഹാരം നല്‍കുന്നതിന് ‘പ്രധാനമന്ത്രി പോഷണ്‍ പദ്ധതി’ ആവിഷ്കരിച്ചത് ഓരോ സംസ്ഥാനങ്ങളും നടപ്പാക്കുന്നത് എങ്ങനെയെന്ന് വിലയിരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങള്‍ ഇപ്പോള്‍ വിവാദമാകുകയും ചെയ്യുന്നു. ‘ആറ്റില്‍ കളഞ്ഞാല്‍ പോലും അളന്നുകളയണ’മെന്നാണ് പറച്ചില്. അപ്പോള്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുന്നത് അവിടവിടങ്ങളില്‍ എത്തുന്നോ എന്ന് അറിയാന്‍ പരിശോധനകള്‍ ആവശ്യമാണല്ലോ.
നമ്മുടെ പൊതുവിതരണ സംവിധാനം, അതായത്, പണ്ടത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനം എത്രമാത്രം കുറ്റമറ്റതാണ്, ജനോപകാരപ്രദമാണ് എന്ന വിലയിരുത്തലും ഇതിനൊപ്പം നടക്കണം. സ്വാതന്ത്ര്യത്തിന്റെ അമൃതകാലം എന്ന് പറയുന്നത്, ഒരു രാജ്യം സ്വന്തമായി, സ്വതന്ത്രമായി പ്രവര്‍ത്തിച്ചിട്ട് 75 വര്‍ഷം തികഞ്ഞുവെന്നാണല്ലോ അര്‍ത്ഥം. അപ്പോള്‍ വിലയിരുത്തലുകള്‍ നടക്കണം, അത് കൃത്യമായി നടക്കണം. അത് തുടര്കാലത്തിന് ഗുണമാകാനാവശ്യമാണ്.
കേന്ദ്രത്തില്‍ വാജ്പേയി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോഴാണ് പൊതുവിതരണ സംവിധാനത്തില്‍ വന്‍ വിപ്ലവം ഉണ്ടായത്. മലയാളിയായ എ.കെ. ആന്റണി കേന്ദ്ര പൊതുവിതരണ വകുപ്പ് മന്ത്രിയായിരിക്കെ നടത്തിയ വലിയ പരിഷ്കാരം റേഷന്‍ കടകള്‍ എന്ന പേര് മാറ്റി ‘പൊതുവിതരണ കേന്ദ്രം’ എന്നാക്കിയതാണ്. പ്രൊഫ.കെ.വി. തോമസ് ഈ വകുപ്പ് ഭരിച്ചപ്പോള്‍, ഗോഡൗണുകളില്‍നിന്ന് റീട്ടൈല്‍ കടകളിലേക്ക് പോകുന്ന പിഡിഎസ് വിതരണത്തിനുള്ള ധാന്യങ്ങള്‍ മറ്റുവഴിയില് സ്വകാര്യ മില്ലുകളിലേക്കും മറ്റും പോകുന്നത് തടയാന്‍ സാങ്കേതിക സംവിധാനം ഉണ്ടാക്കുമെന്ന് പ്രഖ്യാപനം നടത്തിയതാണ് മുഖ്യനേട്ടം. വാജ്പേയി സര്‍ക്കാര്‍ ചെയ്തത്, ‘അന്നപൂര്‍ണ യോജന’ പ്രകാരം ആവശ്യക്കാര്‍ക്ക് ആവശ്യത്തിന് ഭക്ഷ്യധാന്യം കുറഞ്ഞ വിലയില്‍ പൊതുവിതരണകേന്ദ്രങ്ങള്‍ വഴി നല്കുന്ന തീരുമാനമെടുത്ത് നടപ്പാക്കുകയായിരുന്നു.
രാജ്യത്ത് ഭക്ഷ്യോല്‍പ്പാദനം കൂട്ടി. കാര്‍ഷിക ഉല്‍പ്പാദനം കൂടിയപ്പോള്‍ അത് സംഭരിച്ചുവെക്കാന്‍ സംവിധാനങ്ങള്‍ നമുക്കില്ലായിരുന്നു. ഹരിതവിപ്ലവത്തില്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംഭരണവും സംസ്കരണവും ആസൂത്രണം ചെയ്തിരുന്നു. പക്ഷേ, ഉല്പ്പാദനംതന്നെ വര്‍ദ്ധിക്കുമെന്നോ വര്‍ദ്ധിപ്പിക്കാമെന്നോ ഉറപ്പില്ലാഞ്ഞതിനാല്‍ അനുബന്ധ കാര്യങ്ങളില്‍ അതുവരെയുള്ള സര്‍ക്കാരുകള്‍ ശ്രദ്ധിച്ചിരുന്നില്ല. ഉല്‍പ്പാദനം വര്‍ദ്ധിച്ചപ്പോള്‍ ഉണ്ടായ ഭക്ഷ്യധാന്യങ്ങള്‍ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ കൊടുക്കാനാണ് വാജ്പേയി തീരുമാനിച്ചത്. ‘ഗരീബി ഹഠാവോ’ യാഥാര്‍ത്ഥ്യമാകാന്‍ തുടങ്ങിയത് അവിടം മുതലാണ്. ഇപ്പോള്‍ കേരളത്തിലും കേന്ദ്രസര്ക്കാരിന്റെവക ധാന്യങ്ങള്‍, അരി, പൂര്‍ണമായും സൗജന്യമായി ബിപില്‍ റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് കിട്ടുന്നു; കാര്‍ഡിലെ അംഗങ്ങളുടെ എണ്ണത്തിന് അനുസരിച്ച്. പലപ്പോഴും പല കുടുംബത്തിനും ഒരു മാസം ആവശ്യമായ അരിയില്‍ കൂടുതല്‍ ലഭിക്കുന്നുവെന്ന് ചില കണക്കുകള്‍ പറയുന്നു. ഇതിനു പുറമേയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അരി സ്കൂളില്‍നിന്ന് വിതരണം ചെയ്യുന്നത്.
വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ‘സര്‍വശിക്ഷാ അഭിയാന് പദ്ധതി’ ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് വിദ്യാഭ്യാസ മേഖലയില്‍ നല്കുന്ന സഹായം വന്‍ തോതിലാണ്. വാസ്തവത്തില്‍ കേരളം കഴിഞ്ഞ കാലങ്ങളില്‍ ഉണ്ടാക്കിയ വിദ്യാഭ്യാസപരമായ മുന്നേറ്റം വലുതാണ്. അത് മറ്റുസംസ്ഥാനങ്ങള്‍ക്ക് ഇനിയൊരു കാല്‍നൂറ്റാണ്ടുകൊണ്ട് ഒരുപക്ഷേ നേടാനായേക്കും. കാരണം, പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിലെ കാഴ്ചപ്പാടുകളും പദ്ധതി വിഭാവനവും ആ തരത്തിലാണ്. കേരളത്തിലെ ഈ നേട്ടം അിസ്ഥാന സൗകര്യത്തില്‍, വിദ്യാഭ്യാസത്തോടുള്ള സമൂഹത്തിന്റെ മനോനിലയില്‍ ഒക്കെ ഉണ്ടാക്കിയത് സങ്കല്പ്പാതീതമായ ഗതിവേഗമാണ്. ഇത് സംസ്ഥാന സര്‍ക്കാരുകളുടെ മാത്രം നേട്ടമാണെന്ന് വാദിക്കുന്നതാണ് പ്രശ്നം. ഇതില്‍ സാമൂഹ്യ സംഭാവന വന്‍തോതിലുണ്ട്, സാമ്പത്തികമായി ഉള്‍പ്പെടെ. അതിനാല്‍ത്തന്നെ മറ്റു സംസ്ഥാനങ്ങള്‍ക്ക് അിസ്ഥാന സൗകര്യ വികസനത്തിന് ധനസഹായം നല്‍കുന്നത് അതേ മാനദണ്ഡത്തില്‍ ഇവിടെ ആവശ്യമില്ലാതെ വരുന്നു. ചില സംസ്ഥാനങ്ങളില്‍ ഇല്ലാത്തത് ഉണ്ടാക്കാന്‍ അവതരിപ്പിക്കുന്ന രാജ്യവ്യാപകമായ പദ്ധതിയുടെ ഗുണം, അവ കൈവരിച്ചുകഴിഞ്ഞ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാതെ പോകരുതല്ലോ. അതിനാല്‍ത്തന്നെ അതത് സംസ്ഥാനങ്ങള്‍ക്ക് ഉതകുംവിധത്തില്‍ പദ്ധതിയുടെ പുനര്‍ഘടനയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. അങ്ങനെ പല, അല്ല, എല്ലാ കേന്ദ്രപദ്ധതികളും അതേരൂപത്തിലല്ലാതെയാണ് കേരളത്തില്‍ അവതരിപ്പിക്കുന്നതും നടപ്പാക്കുന്നതും. വിദ്യാഭ്യാസകാര്യത്തിലും അതുതന്നെയാണ് രീതി.
(പതിറ്റാണ്ടായി ഇതാണ് രീതി. കേന്ദ്രപദ്ധതികളെ സംസ്ഥാനത്തെ പുതിയ പദ്ധതികള്‍പോലെ അവതരിപ്പിക്കാന്‍, അതിന് ‘ഗവേഷണപഠനം നടത്തി സ്വന്തം പദ്ധതിയാക്കാന്‍’ പ്രത്യേക വിഭാഗംതന്നെ ഉണ്ടത്രെ. ഒരു പ്രത്യേക വിഷയമായി ആര്‍ക്കെങ്കിലും പഠിക്കാവുന്നതാണ്. വിരമിച്ച സെക്രട്ടറിതല ഉദ്യോഗസ്ഥര്‍ ചിലര്‍ ഇത് സമ്മതിക്കുന്നുമുണ്ട്.)
കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെ ഘടനമാറ്റി അവതരിപ്പിക്കുമ്പോള്‍, പക്ഷേ, അതത് വകുപ്പുകളിലേ വിനിയോഗിക്കാവൂ എന്നുണ്ട്. കേരളത്തില്‍ മാത്രമല്ല, മറ്റു ചില സംസ്ഥാനങ്ങളും അങ്ങനെ ചെയ്യുന്നുണ്ട്. എന്നാല്‍, കേരളത്തില്‍ അതിന് ഘടന പുതുക്കുക മാത്രമല്ല, പേരും മാറ്റും. അങ്ങനെയാണ് ‘പ്രധാനമന്ത്രി ആവാസ് യോജന’ കേരളത്തില്‍ ‘ലൈഫ് പദ്ധതി’ ആകുന്നത്. ‘ഉന്നത് യോജന ജ്യോതി’ എന്ന ‘ഉജാല’ എന്ന പദ്ധതി പ്രകാരം ഫിലമെന്റ് ബള്‍ബുകള്‍ എല്‍ഇഡി ബള്ബുകളാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതി കേരളത്തില്‍ നടപ്പാക്കിയത് കെഎസ്ഇബി വഴിയായിരുന്നു. അത് പക്ഷേ കേന്ദ്രത്തിന്റെ പണവും പദ്ധതിയുമായിരുന്നുവെന്ന് സംസ്ഥാന സര്‍ക്കാര്‍ എവിടെയും പറഞ്ഞില്ല. കുറഞ്ഞ പക്ഷം, ‘ഞാനും മൂര്‍ഖന്‍ ചേട്ടനുംകൂടി അയാളെ കൊന്നുവെന്ന് പറയുന്ന തവള’യുടെ വീമ്പടിയിലെ മര്യാദപോലുമില്ലാത്ത സ്ഥിതി.
ഇങ്ങനെ എണ്ണിനിരത്തിയാല് സംസ്ഥാനത്തിന്റെ പദ്ധതികളെല്ലാം ഏറെക്കുറേ 90 ശതമാനവും കേന്ദ്ര പദ്ധതികള്‍ കേരളത്തിന്റേതായി അവതരിപ്പിക്കുന്നതാണെന്നു കാണാം. 130 കോടി ജനങ്ങളുള്ള രാജ്യത്ത് കേന്ദ്രത്തിന് നേരിട്ട് ഇതൊന്നും ചെയ്യാനാവില്ല. അതിനാണല്ലോ ഫെഡറല്‍ സംവിധാനവും സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളും. (എന്നിട്ടും ഫെഡറലിസം ഇല്ലെന്നാണ് പ്രചാരണം)
പറഞ്ഞുവന്നത് വിദ്യാഭ്യാസ വകുപ്പുവഴി, നടപ്പിലാക്കുന്ന ഉച്ചഭക്ഷണ പദ്ധതിയെക്കുറിച്ചാണ്. ആവശ്യത്തിന് പോഷക ആഹാരമില്ലാതെ, ആഹാരംതന്നെയില്ലാതെ, സ്കൂളില്‍ പോകാന്‍ കഴിയാതെ അന്നന്നത്തെ ആഹാരത്തിന് അദ്ധ്വാനിക്കേണ്ട സ്ഥിതി ചിലയിടങ്ങളിലെങ്കിലും കുട്ടികള്‍ക്കുണ്ട്. മറയുള്ള ശുചിയിടമില്ലാത്തതിനാ ല്‍ പെണ്‍കുട്ടികളെ പഠിക്കാന്‍ വിടാത്ത നാടും ഗ്രാമങ്ങളും ഈ അമൃതകാലത്തിന് തൊട്ടു മുമ്പുവരെ രാജ്യത്തുണ്ടായിരുന്നു. ആഹാരം കിട്ടുമെങ്കില്‍ പഠിക്കാന്‍ പോകാമെന്നായപ്പോള്‍ അവര്‍ക്ക് ഉച്ചഭക്ഷണം കൊടുക്കുന്ന പദ്ധതി ആവിഷ്കരിച്ചു. അത് പോഷകാഹാരമായ’കഞ്ഞിയും പയറു’മാണെങ്കിലും കേരളത്തില്‍ അതു പോരാ എന്നു നിശ്ചയിച്ച് ‘മിനി സദ്യ’ ആക്കുന്ന സ്കൂളുകളുമുണ്ട്. അതിന് ഫണ്ട് മറ്റുനിലകളില്‍ കണ്ടെത്തുന്നു. അതിന്റെ പിന്നിലെ ഗൂഢതാല്പര്യം, ഉച്ചഭക്ഷണം നല്‍കുന്നത് ‘ഞങ്ങളാ’ണെന്ന ധാരണ പരത്താനാണെന്ന് ആരെങ്കിലും കുറ്റപ്പെടുത്തിയാല്‍ അവരെ ഒന്നും പറയാനാവില്ല. 126 കോടി രൂപ സ്കൂള്‍ ഉച്ചഭക്ഷണ വിതരണത്തിന് സര്‍ക്കാര്‍ അനുവദിച്ചുവെന്ന് സംസ്ഥാന മന്ത്രി പറയുമ്പോള്‍ അത് ഭക്ഷണം പാകം ചെയ്യുന്നതിന്റെ ചെലവാണ്; അതിലെ 60 ശതമാനം തുക കേന്ദ്ര സര്‍ക്കാരിന്റേതാണ്. അരിയും പയര്‍വര്‍ഗ്ഗങ്ങളും കേന്ദ്രത്തിന്റെ സൗജന്യമാണ്. കുട്ടികളുടെ എണ്ണം കണക്കാക്കിയാണ് ആ അരിവിഹിതം. പക്ഷേ, 2023 മാര്‍ച്ച് അവസാനം അഞ്ചുകിലോ അരിവീതം കേരളത്തില്‍ 28.74 ലക്ഷം കുട്ടികള്‍ക്ക് നല്കി. എവിടുന്ന് ആ അരി? എന്തിന്റെ നീക്കിയിരിപ്പ്?
ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍, ഈ ഉച്ചഭക്ഷണ പദ്ധതിയുടെ കണക്കുകളും വിവരങ്ങളും പരിശോധിക്കുമ്പോള്‍ കേരളത്തിലും പശ്ചിമ ബംഗാളിലും മറ്റ് സംസ്ഥാനങ്ങളിലേതില്നിന്ന് വ്യത്യസ്തമായ കണക്കുകള്‍. കുറച്ചൊക്കെ അവിശ്വസനീയം. റേഷന്‍ വിതരണത്തിന്റെ, റേഷന്‍ കാര്‍ഡുടമകളുടെ, ബിപിഎല്‍-എപിഎല്‍ വിഭജനത്തിന്റെ കാര്യത്തില്‍ കേരളത്തിലെ കണക്കുപിഴകള് മുമ്പ് പുറത്തുവന്നതാണ്. അങ്ങനെ ഈ വിഷയത്തിലും സംഭവിക്കുന്നുണ്ടെങ്കില്‍ അത് കണ്ടെത്തുകതന്നെ വേണമല്ലോ. ‘തൊഴിലുറപ്പു പദ്ധതി’യുടെ കണക്കിലെ പിഴവുകള്‍ കണ്ടെത്തിയപ്പോള്‍ ‘തൊഴില്‍ ഇല്ലാതാക്കി’യെന്ന നുണപ്രചാരണം നടത്തിയതുപോലെ ‘കുഞ്ഞുങ്ങളുടെ കഞ്ഞികുടി മുട്ടിച്ചു’വെന്ന പ്രചാരണം വന്നേക്കാമെന്ന് ആശങ്കപ്പെടുമ്പോള്‍ ട്രെയിനിലെ ആ പെണ്‍കുട്ടിയെ ഓര്‍മ്മവരുന്നു.
പിന്കുറിപ്പ്:
സര്‍വശിക്ഷാ അഭിയാന് പദ്ധതിയുടെ മുന്‍ വര്ഷങ്ങളിലൊന്നിന്റെ കണക്ക് കേരളം കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതില്‍ സംസ്ഥാനത്തിന്റെ ഓഡിറ്ററുടെ റിപ്പോര്‍ട്ടില്‍ 14 കാര്യങ്ങള്‍ ഓഡിറ്റിങ് കമ്പനിതന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അതില്‍ എട്ട് വിഷയങ്ങളില്‍ കമ്പനിതന്നെ അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. അത് കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയിലും പെട്ടിട്ടുണ്ട്!
പ്രതികരിക്കാൻ ഇവിടെ എഴുതുക: