കാബൂള്‍: പെണ്‍കുട്ടികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പോകരുതെന്ന താലിബാന്‍ വിലക്ക് ലംഘിച്ച് ഇന്ത്യയില്‍ നിന്നും ബിരുദാനന്തബിരുദം നേടി അഫ്ഗാന്‍ പെണ്‍കുട്ടി ബെഹിഷ്ട ഖൈറുദ്ദീന്‍. അഫ്ഗാന്‍ സ്കോളര്‍ഷിപ്പില്‍ അഫ്ഗാനിലിരുന്ന് പഠിച്ചാണ് ബെഹിഷ്ട ഖൈറുദ്ദീന്‍ എം ടെക് ബിരുദാനന്തര ബിരുദം നേടിയത്.
അഫ്ഗാന്‍ സ്കോളര്‍ഷിപ്പ് പ്രകാരമാണ് മദ്രാസ് ഐഐടിയില്‍ എംടെക് പഠനത്തിന് അപേക്ഷിച്ചത്. കെമിക്കല്‍ എഞ്ചിനീയറിംഗില്‍ എംടെകിന് അപേക്ഷിച്ച ബെഹിഷ്ട ഐഐടി മദ്രാസിന്റെ ഇന്‍റര്‍വ്യൂ പാസായി. അപ്പോഴേയ്‌ക്കും താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരം കയ്യടക്കിയിരുന്നു. ഇതോടെ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം അറ്റുപോയി. പക്ഷെ ബെഹിഷ്ട ഖൈറുദ്ദീന്‍ തളര്‍ന്നില്ല. അവള്‍ ഐഐടി മദ്രാസിന്റെ ആഗോള വിദ്യാര്‍ത്ഥികളുടെ കാര്യങ്ങള്‍ നോക്കിനടത്തുന്ന ഗ്ലോബല്‍ എന്‍ഗേജ്മെന്‍റ് സമിതിയെ ബന്ധപ്പെട്ടു. തുടര്‍ന്ന് ഐഐടി മദ്രാസിലെ രഘുനാഥന്‍ രംഗസ്വാമിയെ ബന്ധപ്പെട്ടു. ഇന്‍റര്‍വ്യൂ പാസായ വിവരം അറിയിച്ച ഉടനെ ബെഹിഷ്ടയ്‌ക്ക് സ്കോളര്‍ഷിപ്പ് നല്‍കാന്‍ തീരുമാനിച്ചു.
പിന്നീട് അഫ്ഗാനിലെ വീട്ടിലിരുന്ന് ബെഹിഷ്ട പഠിക്കുകയായിരുന്നു. രണ്ട് വർഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടറും ഉപയോഗിച്ചായിരുന്നു പഠനം. ഏതാണ്ട് ദിവസം മുഴുവന്‍ പഠനം തന്നെ. ഏതാനും മണിക്കൂറുകള്‍ മാത്രമായിരുന്നു ഉറക്കം. കടം വാങ്ങിയ ബീക്കറുകളും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങൾ നടത്തിയത്. ഒറ്റപ്പെട്ട വീട്ടിൽ ഒതുങ്ങിയിരുന്ന് വിദൂര വിദ്യാഭ്യാസത്തിൂടെ എല്ലാ സെമസ്റ്ററുകളും വിദ്യാർത്ഥി പൂർത്തിയാക്കുകയായിരുന്നു. ഇതിനായുള്ള എല്ലാ സഹായങ്ങളും ഐഐടി മദ്രസ് നൽകി.
താലിബാന്‍ വിലക്കുകളെ ലംഘിച്ച് പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ ഏറെ വിഷമിച്ചിരുന്നു. യുവതികള്‍ യൂണിവേഴ്സിറ്റി പഠനത്തിന് പോകരുതെന്നും പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകരുതെന്നും യുവതികള്‍ ജോലിക്ക് പുറത്ത് പോകരുതെന്നും ശിരസ്സ് മുതല്‍ പാദം വരെ പൊതിയുന്ന വസ്ത്രം ധരിയ്‌ക്കണമെന്നുമായിരുന്നു താലിബാന്റെ അന്ത്യശാസനം.
ബെഷിഷ്ടയുടെ വീട്ടില്‍ എല്ലാവരും വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കുന്നവരാണ്. അമ്മ ഡോക്ടറാണ്. മൂത്ത സഹോദരി മദ്രാസ് ഐഐടിയില്‍ നിന്നും പിഎച്ച് ഡി എടുത്തു. പിതാവ് സാമൂഹ്യ വിഷയത്തില്‍ ബിരുദധാരിയാണ്. മറ്റൊരു സഹോദരി നിയമവും സഹോദരന്‍ സമൂഹ്യശാസ്ത്രത്തില്‍ ബിരുദവും പഠിയ്‌ക്കുന്നു. അഫ്ഗാനിലെ വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുമ്പോള്‍ മദ്രാസ് ഐഐടിയിലെ പഠനം വളരെ ഉയര്‍ന്ന നിലവാരമുള്ളതാണെന്ന് ബെഹിഷ്ട പറയുന്നു. അഫ്ഗാനിസ്ഥാനിലും ഇതേ നിലവാരത്തിലുള്ള വിദ്യാഭ്യാസം എന്നെങ്കിലും നടപ്പാക്കണമെന്നതാണ് ബെഹിഷ്ട ഖൈറുദ്ദീന്റെ സ്വപ്നം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: