വാഷിംഗ്ടണ്‍ : വെളിച്ചങ്ങളുടെ ഉത്സവമായ ദീപാവലി പൊതു അവധിയായി അംഗീകരിക്കണമെന്ന ബില്‍ അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ അവതരിപ്പിച്ച് സഭാംഗമായ ഗ്രേസ് മെംഗ്. ഈ നീക്കത്തെ വിവിധ സമുദായങ്ങള്‍ സ്വാഗതം ചെയ്തു.
ദീപാവലി ഫെഡറല്‍ ഹോളിഡേ ആക്കുന്ന ബില്‍ അവതരിപ്പിക്കുന്നത് പ്രഖ്യാപിക്കുന്നതില്‍ താന്‍ അഭിമാനിക്കുന്നു. എല്ലാ സഹപ്രവര്‍ത്തകര്‍ക്കും പിന്തുണ അറിയിച്ച് ഒപ്പം നിന്നവര്‍ക്കും നന്ദി – മെംഗ് ട്വീറ്റ് ചെയ്തു.
ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ആളുകള്‍ക്കും ക്യൂന്‍സ്, ന്യൂയോര്‍ക്ക്, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവിടങ്ങളിലെ എണ്ണമറ്റ കുടുംബങ്ങള്‍ക്കും സമൂഹങ്ങള്‍ക്കും വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസങ്ങളിലൊന്നാണ് ദീപാവലി- ഗ്രേസ് മെംഗ് വാഷിംഗ്ടണില്‍ നടത്തിയ ഓണ്‍ലൈന്‍ സമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസ് പാസാക്കി പ്രസിഡന്റ് ഒപ്പുവെച്ചാല്‍ ദീപാവലി ദിന നിയമം അമേരിക്കയിലെ 12-ാമത്തെ ഫെഡറല്‍ അംഗീകൃത അവധിയാകും.
ദീപാവലിക്ക് അവധി നല്‍കുന്നത് കുടുംബങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒരുമിച്ച് ആഘോഷിക്കാന്‍ അവസരമൊരുക്കും.രാജ്യത്തിന്റെ വൈവിധ്യമാര്‍ന്ന സാംസ്കാരിക ഘടനയെ സര്‍ക്കാര്‍ വിലമതിക്കുന്നുണ്ടെന്ന് തെളിയിക്കാനും ഇതിലൂടെ കഴിയുമെന്ന് ഗ്രേസ് മെംഗ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസില്‍ എല്ലാ വര്‍ഷവും ദീപാവലി ആഘോഷിക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: