ക്വാലാലംപുര്‍: ബാഡ്മിന്റണില്‍ ഇത്രയും നീണ്ട റാലി ഷോട്ടുകളോടുകൂടിയ സര്‍വ് ഇതുവരെ ഉണ്ടായിട്ടില്ല. മലേഷ്യന്‍ മാസ്‌റ്റേഴ്‌സ് ബാഡ്മിന്റണില്‍ ഇന്ന് പിറന്നത് ചരിത്രം. വനിതകളുടെ ഡബിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഈ അല്‍ഭുത മുഹൂര്‍ത്തം.
മലേഷ്യന്‍ താരങ്ങളായ തിനാഹ് മുരളീധരനും പേളി ടാനും ഒരുവശത്ത് മറുവശത്ത് ജപ്പാന്‍ ജോഡികളായ റെനാ മിയൂര- അയാകോ സുകുരാമോട്ടോ. മത്സര വിജയികളെ നിര്‍ണയിക്കുന്ന മൂന്നാം ഗെയിമിലാണ് അത് സംഭവിച്ചത്. ആദ്യ രണ്ട് ഗെയിമുകളിലും ഇരുകൂട്ടരും ഓരോന്ന് വീതം ജയിച്ചുനില്‍ക്കുന്നു. സ്‌കോര്‍: 21-17, 18-21. ആദ്യ ഗെയിം സ്വന്തമാക്കിയ മലേഷ്യന്‍ സഖ്യം മൂന്നാം ഗെയിമില്‍ 16-14ന് മുന്നിട്ടു നില്‍ക്കുന്ന നിമിഷം ആരംഭിച്ച സെര്‍വ് അവസാനിച്ചത് മൂന്ന് മിനിറ്റിലേറെ സമയം നീണ്ട റാലി ഷോട്ടുകള്‍ക്ക് ശേഷം.
211 ഷോട്ടുകളാണ് ഇരു ഭാഗത്തു നിന്നും തൊടുത്തത്. പകുതിയോളം സമയം പിന്നിടുമ്പോള്‍ ഇരുവശത്തെയും താരങ്ങള്‍ തളര്‍ന്നുകഴിഞ്ഞു. എന്നിട്ടും ചെറിയൊരനക്കത്തിന് പോലും ഇടമില്ലാത്ത ഷോട്ടുകള്‍ക്കിടെ തളര്‍ച്ചയ്‌ക്കും കീഴ്‌പ്പെടാന്‍ തയ്യാറായില്ല. ഇരുവശത്തു നിന്നും തളര്‍ച്ചയ്‌ക്കിടയിലും ഊര്‍ജം കൂടി വന്നുകൊണ്ടിരുന്നത് ഷോട്ടുകളില്‍ പ്രകടമായി. മൂന്നര മിനിറ്റോളം കണ്ണ് ചിമ്മാതെ കണ്ടിരുന്നുപോകും ആ ഷോട്ടുകള്‍.
ഒടുവില്‍ മലേഷ്യന്‍ താരം തിനാഹ് തൊടുത്ത ഷോട്ടിലേക്ക് എത്തിപ്പെടാനാകാതെ ജപ്പാന്‍ താരം സാക്കുറാമോട്ടോ വീണു. ഈ സമയം ആഘോഷത്തിനപ്പുറം നാല് താരങ്ങളും കളിത്തട്ടില്‍ തളര്‍ന്ന് വീണ് ചിരിയോടെ അടുത്ത സെര്‍വിനുള്ള ഊര്‍ജം ചിരിയോടെ വീണ്ടെടുക്കുകയായിരുന്നു. കളിക്കടയിലെ ആവേശത്തെ ലോകത്തിനാകെ വാരിപ്പുണരാന്‍ തോന്നിക്കുന്ന നിമിഷമായിരുന്നു അത്.
ഒടുവില്‍ വിഖ്യാതമായ ആ സെര്‍വ് നേടിയ മലേഷ്യന്‍ താരങ്ങള്‍ തന്നെ മത്സരം സ്വന്തമാക്കി. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ 21-19നാണ് സഖ്യം മൂന്നാം ഗെയിം നേടിയത്. കഴിഞ്ഞ വര്‍ഷം കൊറിയ ഓപ്പണില്‍ ദക്ഷിണകൊറിയന്‍ ജോഡികളായ ബയേക്ക് ഹാ-നായും ലീ യൂ റിമും ചൈനീസ് സഖ്യം ഡു യുവേ- ലി വെന്‍മെയ് മത്സരത്തിലെ 195 ഷോട്ടുകള്‍ പിറന്ന സെര്‍വ് റെക്കോഡിനെയാണ് ഇന്നലെ നടന്ന കളിയിലൂടെ പഴങ്കഥയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: