ലഖ്നൗ: അയോധ്യയിലെ ശ്രീരാമക്ഷേത്രത്തിലേക്ക് എത്തുന്ന തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്താന്‍ ബഹുഭാഷാ വിദഗ്ധരുടെ വിപുലമായ സംഘത്തെ നിയോഗിക്കുമെന്ന് ശ്രീരാമജന്മഭൂമി തീര്‍ത്ഥ ക്ഷേത്ര ട്രസ്റ്റ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും വിദേശ രാജ്യങ്ങളില്‍ നിന്നുമൊക്കെ ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ എത്തിയേക്കുമെന്നത് മുന്‍കൂട്ടികണ്ടാണ് തീരുമാനം. ഏത് ഭാഷ സംസാരിക്കുന്നവര്‍ക്കും തടസ്സമില്ലാതെ തീര്‍ത്ഥാടനം പൂര്‍ത്തിയാക്കുന്നതിനുള്ള സൗകര്യത്തിനായാണിത്.
ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ നിന്ന് ഇപ്പോള്‍തന്നെ ധാരാളം തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും അയോധ്യയിലേക്ക് വരുന്നുണ്ട്. ഏതൊക്കെ നാടുകളില്‍ നിന്നാണ് വിദേശ വിനോദസഞ്ചാരികള്‍ അയോധ്യ സന്ദര്‍ശിക്കുന്നതെന്നറിയാന്‍ ട്രസ്റ്റ് പഠനവും നടത്തുന്നുണ്ട്. അത് അനുസരിച്ച് ഭാഷാവിദഗ്ധരെ നിയോഗിക്കും. ദക്ഷിണ കൊറിയ അടക്കമുള്ള രാജ്യങ്ങള്‍ തങ്ങളുടെ രാമായണപൈതൃകം ചൂണ്ടിക്കാട്ടി അയോധ്യയിലെ രാമക്ഷേത്രം പൂര്‍ത്തിയാകുന്നതിനെ ഉത്സാഹത്തോടെയാണ് വരവേല്‍ക്കുന്നത്.
ഐതിഹ്യമനുസരിച്ച്, അയോധ്യയിലെ രാജകുമാരി സുരിരത്ന സമുദ്രമാര്‍ഗ്ഗം കൊറിയയിലേക്ക് പോയി കിം സുറോ രാജാവിനെ വിവാഹം കഴിച്ചുവെന്നും എഡി 48ല്‍ ഹിയോ ഹ്വാങ്-ഓക്ക് രാജ്ഞിയായെന്നുമാണ് ചൂണ്ടിക്കാണിക്കുന്നത്. അയോധ്യ അഡ്മിനിസ്ട്രേഷന് വിങ് രൂപീകരിക്കുന്ന ടൂറിസ്റ്റ് ഗൈഡ് ഗ്രൂപ്പിന് പുറമേയാണ് ട്രസ്റ്റിന്റെ ഭാഷാവിദഗ്ധസംഘം പ്രവര്‍ത്തിക്കുക.
ട്രസ്റ്റിന്റെ കണക്കനുസരിച്ച്, നിലവില്‍ പ്രതിദിനം 15,000 മുതല്‍ 20,000 വരെ ഭക്തര്‍ അയോധ്യയിലെത്തുന്നുണ്ട്. 2024 ജനുവരിയില്‍ രാമക്ഷേത്രം ഭക്തര്‍ക്കായി തുറന്നുകൊടുത്തതിന് ശേഷം ഇത് പ്രതിദിനം ലക്ഷത്തിലേറെയായി ഉയരുമെന്ന് ട്രസ്റ്റ് പ്രതീക്ഷിക്കുന്നു. ഉത്തര്‍പ്രദേശിന് പുറത്ത് നിന്ന് അയോധ്യ സന്ദര്‍ശിക്കുന്ന ഭൂരിഭാഗം ഭക്തരും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്. അതുകൊണ്ടുതന്നെ ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ വിദഗ്ധര്‍ കൂടുതലായി ആവശ്യമാണ്, ട്രസ്റ്റ് അംഗം ഡോ അനില്‍ മിശ്ര പറഞ്ഞു. മറാത്തി, തെലുങ്ക്, തമിഴ്, കന്നഡ, ഒഡിയ, മലയാളം എന്നീ ഭാഷകളില്‍ പ്രത്യേകം പ്രത്യേകം സംഘങ്ങളെ നിയോഗിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: