തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിനോട് ഇടത് സംഘടനാ സഹയാത്രികന് കൂടിയായ രജിസ്ട്രാര്‍ക്ക് വിവേചനം. കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘിന്റെ ഓഫീസ് രജിസ്ട്രാര്‍ ഡോ. പ്രൊഫ. കെ.എസ്. അനില്‍ കുമാര്‍ താഴിട്ട് പൂട്ടി. ഓഫീസ് പ്രവര്‍ത്തിക്കാന്‍ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
അതേസമയം അനുമതിയില്ലാത്ത ഇടത്, കോണ്‍ഗ്രസ്, സിപിഐ അനുകൂല സംഘടനാ ഓഫീസുകള്‍ക്ക് രജിസ്ട്രാറുടെ പച്ചക്കൊടി. സിപിഎം അനുഭാവമുള്ള എംപ്ലോയീസ് യൂണിയന്, കോണ്‍ഗ്രസിന്റെ സ്റ്റാഫ് യൂണിയന്, സിപിഐയുടെ എംപ്ലോയീസ് അസോസിയേഷന് എന്നീ സംഘടനകള്‍ക്ക് സര്‍വകലാശാല കാമ്പസില്‍ പ്രത്യേക ഓഫീസുകള്‍ ഉണ്ട്.
എന്നാല്‍ ഈ ഓഫീസ് മുറികളും കാര്യവട്ടം കാമ്പസില്‍ ജീവനക്കാരുടെ സഹകരണ സംഘങ്ങള്‍ ഉപയോഗിക്കുന്ന കെട്ടിടങ്ങളും സര്‍വകലാശാല ഔദ്യോഗികമായി അനുവദിച്ചതല്ല. എംപ്ലോയീസ് സംഘ് ഓഫീസ് പ്രവര്‍ത്തനം തുടങ്ങുന്നുവെന്ന് യൂണിയന് ഭാരവാഹികള്‍ പ്രഖ്യാപിച്ചതിനെതുടര്‍ന്ന് സിപിഎം സംഘടനാ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഇതോടെ എകെപിഎസ്ടിഎ നേതാവായ രജിസ്ട്രാര്‍ എപ്ലോയീസ് സംഘിന്റെ ഓഫീസ് പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.
ഉദ്ഘാടനത്തിനായി ഒരുക്കിയ ഓഫീസ് പൂട്ടിയതിനെതിരെ എംപ്ലോയീസ് സംഘ് ശക്തമായി പ്രതിഷേധിച്ചു. എംപ്ലോയീസ് സംഘ് അനധികൃതമായി ഓഫീസ് തുടങ്ങിയെന്നാണ് രജിസ്ട്രാറിന്റെ നിലപാടെങ്കില്‍ മറ്റ് സംഘടനകളുടെ അനധികൃത ഓഫീസുകളും അവസാനിപ്പിക്കണമെന്ന് എംപ്ലോയീസ് സംഘ് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. മറ്റ് സംഘടനകള്‍ക്ക് ഏത് വിധത്തിലാണ് ഓഫീസ് കിട്ടിയതെന്നും ആരാണ് ഓഫീസുകളുടെ ഉടമസ്ഥരെന്ന് കണ്ടെത്തണമെന്നും എംപ്ലോയീസ് സംഘ് ആവശ്യപ്പെട്ടു.
നിയമാനുസൃതം എംപ്ലോയീസ് സംഘിന്റെ ഓഫീസ് തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ഫെറ്റോ സംസ്ഥാന പ്രസിഡന്റ് എസ്.കെ. ജയകുമാര്‍ പറഞ്ഞു. തുല്യനീതി നടപ്പാക്കുമെന്ന് വൈസ് ചാന്‍സലര്‍ നല്കിയ ഉറപ്പിലാണ് മറ്റ് നടപടികളിലേക്ക് നീങ്ങാത്തതെന്നും ഭീഷണി കണ്ട് ഒരിഞ്ച് പിറകിലോട്ടു പോകില്ലെന്നും ജയകുമാര്‍ പറഞ്ഞു.
സെനറ്റ് അംഗം ഡോ. ടി.ജി. വിനോദ്കുമാര്‍, ആര്‍ആര്‍കെഎംഎസ് അഖിലേന്ത്യാ ഉപാധ്യക്ഷന്‍ പി. സുനില്‍കുമാര്‍, എഫ്യുഇഎസ് ജനറല്‍ സെക്രട്ടറി എസ്. അരുണ്‍കുമാര്‍, കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് പ്രസിഡന്റ് എസ്.ജെ. ശ്രീലക്ഷ്മി, ജനറല്‍ സെക്രട്ടറി എം.കെ. ദിലീപ് കുമാര്‍, കെയുഇഎസ് സംഘടനാ സെക്രട്ടറി ബി.എല്‍. അഭിലാഷ് തുടങ്ങിയവര്‍ പങ്കെടുത്തു.
രജിസ്ട്രാറോട് വിശദീകരണം തേടി വിസി
തിരുവനന്തപുരം: കേരള സര്‍വകലാശാല ഓഫീസ് ആസ്ഥാനത്ത് ജീവനക്കാരുടെ സംഘടനാ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് വിശദീകരണം നല്‍കണമെന്ന് രജിസ്ട്രാറോട് വൈസ് ചാന്‍സലര്‍ ഡോ. മോഹന്‍ കുന്നുമ്മല്‍ ആവശ്യപ്പെട്ടു.
യൂണിയന് ഓഫീസുകള്‍ പ്രവര്‍ത്തിക്കാന്‍ ആരാണ് അനുമതി നല്‍കിയത്, എന്തടിസ്ഥാനത്തിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത് തുടങ്ങിയവയില്‍ 24 മണിക്കൂറിനുള്ളില്‍ വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. അനുമതി ഇല്ലാത്തതിനാല്‍ കേരള യൂണിവേഴ്സിറ്റി എപ്ലോയീസ് സംഘിന്റെ ഓഫീസ് രജിസ്ട്രാര്‍ താഴിട്ട് പൂട്ടിയത് വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് വിസി വിശദീകരണം ആവശ്യപ്പെട്ടത്.
കേരള സര്‍വകലാശാല സിപിഎമ്മിന്റെ കുത്തകയല്ല: വി. മുരളീധരന്
തിരുവനന്തപുരം: കേരള സര്‍വകലാശാല സിപിഎമ്മിന്റെ ആള്മാറാട്ടക്കാരുടേയും വ്യാജരേഖക്കാരുടേയും കുത്തകയല്ലെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. ഇഷ്ടക്കാര്‍ക്ക് ഇഷ്ടം പോലെ മാര്‍ക്ക് അനുവദിച്ചും യോഗ്യതപോലും നോക്കാതെ നിയമിച്ചും സര്‍വകലാശാലകളെ ദുരുപയോഗം ചെയ്യുകയാണ് സിപിഎം എന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ് പ്രവര്‍ത്തകരുമായി വി. മുരളീധരന് കൂടിക്കാഴ്ച നടത്തി. ഓഫീസ് തുറക്കാന്‍ അനുവദിക്കുന്നില്ലെന്ന പരാതിയില്‍ വൈസ് ചാന്‍സലര്‍ ഉചിതമായ നടപടിയെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്രമന്ത്രി പറഞ്ഞു. സര്‍വകലാശാലയിലെ സിപിഎം ഏകാധിപത്യത്തിന് എതിരെ ശക്തമായ നിലപാട് എടുത്താണ് എംപ്ലോയീസ് സംഘ് പ്രവര്‍ത്തിക്കുന്നത്.
ഓഫീസ് വിവാദത്തില്‍ നിയമവും ചട്ടവും നോക്കിയുള്ള തീരുമാനമുണ്ടാകുമെന്നും വി. മുരളീധരന് പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. മോഹന്കുന്നുമ്മലുമായും കേന്ദ്രമന്ത്രി ചര്‍ച്ച നടത്തി. കേരള സര്‍വകലാശാലയുടേയും ആരോഗ്യ സര്‍വകലാശാലയുടേയും പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ പൂര്‍ണ പിന്തുണ ഉറപ്പാക്കുമെന്ന് വി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: