കൊച്ചി : ലൈഫ് മിഷന് അഴിമതി കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കരന്റെ ഇടക്കാല ജാമ്യാപേക്ഷ കോടതി തള്ളി. തനിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാല്‍ ചികിത്സാര്‍ത്ഥം ഇടക്കാല ജാമ്യം അനുവദിക്കണമന്നാണ് ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്.
എന്നാല്‍ ശിവശങ്കറിന്റെ ജാമ്യാപേക്ഷ കോടതി തള്ളുകയായിരുന്നു. കേസില്‍ ഒന്നാംപ്രതിയായ ശിവശങ്കര്‍ നിലവില്‍ റിമാന്‍ഡിലാണ്. ജാമ്യ ഉപാധികളില്‍ ഇളവ് തേടി യുണിടാക് ഉടമയും കേസിലെ ഏഴാം പ്രതിയുമായ സന്തോഷ് ഈപ്പനും നല്കിയ ഹര്‍ജി കോടതി തള്ളി. തന്റെ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്നും സന്തോഷ് ഈപ്പന് ആവശ്യപ്പെട്ടെങ്കിലും കോടതി അതും തള്ളി.
അതേസമയം ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ശിവശങ്കര്‍ ജാമ്യാപേക്ഷ നിലവില്‍ സുപ്രീംകോടതി പരിഗണനയിലാണ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷന് പദ്ധതിയുമായി തനിക്ക് ബന്ധമില്ലെന്നാണ് ശിവശങ്കര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ പറയുന്നത്.
യൂണിടാക്കുമായി സാമ്പത്തിക ഇടപാട് നടത്തിയത് യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരായ സ്വപ്ന സുരേഷ്, സരിത്ത് എന്നിവരാണ്. യുഎഇ കോണ്‍സുലേറ്റാണ് യൂണിടാക്കിനെ തെരഞ്ഞെടുത്തത്. തനിക്കോ സംസ്ഥാന സര്‍ക്കാരിനോ ഇതില്‍ പങ്കില്ല. ലൈഫ് മിഷന് കേസിലെ അറസ്റ്റ്, രാഷ്ട്രീയ അടവിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയേയും കുടുംബാംഗങ്ങളേയും ലക്ഷ്യമിട്ടാണ് ലൈഫ് മിഷന് കേസ് എന്നും ശിവശങ്കറിന്റെ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.
സുപ്രീം കോടതിയില്‍ ജസ്റ്റിസ് വി.രാമസുബ്രഹ്മണ്യം, ജസ്റ്റിസ് പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുക. ഹര്‍ജിയില്‍ നേരത്തെ ഇഡിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചിരുന്നു. സുപ്രീം കോടതി അവധിക്കാലത്തിന് പിരിയുന്നതിന് മുമ്പ് തന്നെ കേസ് പരിഗണിച്ച് ഇടക്കാല ജാമ്യം നല്‍കണമെന്നാണ് ശിവശങ്കര്‍ ആവശ്യപ്പെട്ടതെങ്കിലും ഹര്‍ജി ഇപ്പോഴും പരിഗണനയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: