പുതിയ ഭാരതത്തിന്റെ പ്രതീക്ഷയും പ്രത്യാശയുമായി, 142 കോടി ഭാരതീയരുടെ അഭിലാഷങ്ങളുടെ പൂര്‍ത്തീകരണമായി പുതിയ പാര്‍ലമെന്റ് മന്ദിരം 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിക്കും. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്ത് തന്നെ ജനാധിപത്യത്തിന്റെ പുതിയ ശ്രീകോവില്‍ രാഷ്‌ട്രത്തിന് സ്വന്തമാകുന്നു. ജനാധിപത്യത്തിന്റെ മാതാവായ ഭാരതത്തിലേക്ക് ലോകം മുറുവന്‍ ഉറ്റുനോക്കുന്ന അസുലഭമുഹൂര്‍ത്തമാണത്. ഉദ്ഘാടനത്തിന്റെ ഭാഗമായി സ്വാതന്ത്ര്യത്തിന്റെ, അധികാരകൈമാറ്റത്തിന്റെ പ്രതീകമായ സ്വര്‍ണചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ചടങ്ങിന്റെ പ്രൗഢിയും പ്രധാന്യവും വര്‍ധിപ്പിക്കുകയാണ്.
ചരിത്രം ആവര്‍ത്തിക്കുകയാണിവിടെ, ഇന്ത്യയുടെ പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു 1947 ആഗസ്ത് 14ന് അര്‍ധരാത്രി പുരോഹിതരില്‍ നിന്ന് ഏറ്റുവാങ്ങിയ അതേ ചെങ്കോല്‍ അവിടെ സ്ഥാപിക്കപ്പെടുന്നു. അന്നു നടന്ന ചടങ്ങുകളെല്ലാം ആവര്‍ത്തി ക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പുരോഹിതരില്‍ നിന്ന് ചെങ്കോല്‍ ഏറ്റുവാങ്ങി ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിന് സമീപമായി സ്ഥാപിക്കും.
സ്വാതന്ത്ര്യം ലഭിച്ച് 75 വര്‍ഷം കഴിഞ്ഞിട്ടും, ഇങ്ങനെയൊരു ചെങ്കോല്‍ കൈമാറിയതിനെക്കുറിച്ച് ഇന്ത്യയിലെ ബഹുഭൂരിപക്ഷം പേര്‍ക്കും അറിവുണ്ടായിരുന്നില്ല. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ്(പഴയ അലഹാബാദ്)ലെ ആനന്ദഭവന്‍ മ്യൂസിയത്തില്‍ നിന്നാണ് സ്വര്‍ണചെങ്കോല്‍ പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക്എത്തുന്നത്. നെഹ്റുവിന് കൈമാറിയ ചെങ്കോല്‍ നെഹ്രു കുടുംബത്തിന്റെ വസതിയായ, പിന്നീട് മ്യൂസിയമായി മാറിയ ആനന്ദഭവനിലാണ് സൂക്ഷിച്ചിരുന്നത്.
1978ല്‍ കാഞ്ചി മഠത്തിലെ മഹാപെരിയവ ചെങ്കോലിന്റെ കഥ ഒരു ശിഷ്യനോട് പറഞ്ഞിരുന്നു. അന്നത് തമിഴ് മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാവുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം ‘ആസാദി കാ അമൃത് മഹോത്സവ’വേളയില്‍ തമിഴ്‌നാട്ടില്‍ ഇതിന് വീണ്ടും വാര്‍ത്താപ്രധാന്യം ലഭിച്ചു. ചെങ്കോലിന്റെ പവിത്രതയും കഥയും പ്രധാനമന്ത്രി മോദിയെ ആകര്‍ഷിച്ചു. പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ ചെങ്കോലിനെ അതിന്റെ യഥാസ്ഥാനത്തേക്ക് തിരികെ കൊണ്ടുവരാനും മഠങ്ങളെ ആദരിക്കാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നെഹ്രു ചെങ്കോല്‍ ഏറ്റുവാങ്ങുന്ന ചിത്രം തിരുവാടുതുറൈ മഠത്തില്‍ ഇപ്പോഴുമുണ്ട്.
ഇന്ത്യയ്‌ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിക്കുമ്പോള്‍ അധികാരകൈമാറ്റം എങ്ങനെ സൂചിപ്പിക്കണമെന്ന് പ്രഥമ പ്രധാനമന്ത്രിയാകാനിരുന്ന നെഹ്രുവിനോട് ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനവൈസ്രോയിയായിരുന്ന മൗണ്ട് ബാറ്റണ്‍ പ്രഭു ചോദിച്ചതോടെയാണ് ചെങ്കോല്‍ എന്ന അധികാരമുദ്രയിലേക്ക് ചിന്തയെത്തുന്നത്. ഭാരതീയ അനുഷ്ഠാനപ്രകാരമുള്ള, അധികാരകൈമാറ്റത്തെ വിശിഷ്ടമാക്കുന്ന ഒരു ചടങ്ങ് ഉണ്ടായിരുന്നോ എന്നതായിരുന്നു മൗണ്ട്ബാറ്റണ്‍ പ്രഭുവിന്റെ ചോദ്യം.
നെഹ്രു ഈ ചോദ്യം മുതിര്‍ന്ന സ്വാതന്ത്ര്യ സമരസേനാനിയും പണ്ഡിതനും അവസാനഗവര്‍ണര്‍ ജനറലുമായിരുന്ന സി. രാജഗോപാലാചാരിയുമായി പങ്കുവെച്ചു. സി. രാജഗോപാലാചാരിയാണ് മഹത്തായ ചോള രാജവംശത്തിന്റെ പാരമ്പര്യ അധികാര കൈമാറ്റ മുദ്രയായ ചെങ്കോലിന്റെ കാര്യം നെഹ്രുവിനോടു പറഞ്ഞത്. പുതിയ രാജാവ് അധികാരമേല്‍ക്കുമ്പോള്‍ പുരോഹിതര്‍ ചെങ്കോല്‍ കൈമാറുന്ന ചടങ്ങിനെക്കുറിച്ചു കേട്ടതോടെ ബ്രിട്ടീഷ് ഭരണത്തില്‍ നിന്ന് സ്വാതന്ത്ര്യം നേടുന്ന ഇന്ത്യയുടെ പുതിയ അധികാരത്തെ ചെങ്കോല്‍ കൈമാറ്റം കൊണ്ട് സൂചിപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു.
സി. രാജഗോപാലാചാരി നേരിട്ടാണ് സ്വര്‍ണ ചെങ്കോല്‍ നിര്‍മിക്കാനുള്ള ഒരുക്കങ്ങള്‍ നടത്തിയത്. ചെങ്കോല്‍ നിര്‍മ്മിക്കാന്‍ രാജ്യത്തെ പ്രമുഖ ശൈവമഠമായ തിരുവാടുതുറൈ മഠത്തിന്റെ ഇരുപതാമത് ഗുരുമഹാ സന്നിധാനം ശ്രീലശ്രീ അമ്പലവാന ദേശികസ്വാമിയോട് ആവശ്യപ്പെട്ടു. അദ്ദേഹം മദ്രാസിലെ സ്വര്‍ണ്ണ വ്യാപാരികളായ വുമ്മിഡി ബംഗാരുചെട്ടിക്ക് ചെങ്കോലിന്റെ രൂപരേഖ കൈമാറി. അവരുടെ പണിശാലയിലാണ് ചെങ്കോല്‍ നിര്‍മ്മിക്കപ്പെട്ടത്. അഞ്ചടി ഉയരത്തില്‍ സ്വര്‍ണംപൊതിഞ്ഞ് രത്നങ്ങള്‍കൊണ്ട് അലങ്കരിച്ച ചെങ്കോലില്‍ ഏറ്റവും മുകളിലായി ഭഗവാന്‍ ശിവന്റെ വാഹ നമായ നന്ദികേശന്റെ രൂപവും കൊത്തിവെച്ചിരുന്നു.
ചെങ്കോല്‍ കൈമാറ്റ ചടങ്ങിന് മുഖ്യകാര്‍മികത്വം വഹിക്കാന്‍ രാജഗോപാലാചാരി, മഠാധിപതി അമ്പലവാന ദേശികരോട് അഭ്യര്‍ത്ഥിച്ചു. എന്നാല്‍ ആരോഗ്യപ്രശ്നങ്ങള്‍ കാരണം അദ്ദേഹത്തിന് ദല്‍ഹിയിലേക്ക് എത്താന്‍ കഴിയുമായിരുന്നില്ല. പകരം പ്രതിനിധിയായി ഉപമഠാധിപതി കുമാരസ്വാമി തമ്പിരാനെ അദ്ദേഹം നിയോഗിച്ചു. മന്ത്രോച്ചാരണത്തിന് നേതൃത്വം നല്‍കാന്‍ മാണിക്കം ഓതുവാരെയും മംഗളവാദ്യം വായിക്കാന്‍ നാദസ്വരവിദ്വാന്‍ ടി.എന്‍. രാജരത്നംപിള്ളയെയും ചുമതലപ്പെടുത്തി. തമിഴ്നാട്ടില്‍ നിന്നും പ്രത്യേക വിമാനത്തില്‍ അവര്‍ ദല്‍ഹിയിലെത്തി.
നെഹ്രുവിന്റെ ചരിത്രപ്രസിദ്ധമായ പ്രസംഗത്തിനുമുമ്പായിരുന്നു അധികാരക്കൈമാറ്റച്ചടങ്ങ്. മൗണ്ട് ബാറ്റണ്‍ പ്രഭുവിനാണ് തമിഴ്നാട്ടില്‍ നിന്നും കൊണ്ടുവന്ന ചെങ്കോല്‍ ആദ്യം കൈമാറിയത്. 1947 ആഗസ്ത് 14ന് രാത്രി 11.45ന് മൗണ്ട് ബാറ്റണില്‍ നിന്ന് കുമാരസ്വാമി തമ്പിരാന്‍ ചെങ്കോല്‍ ഏറ്റുവാങ്ങി. മന്ത്രോച്ചാരണങ്ങള്‍ക്കിടെ പവിത്രമായ ഗംഗാജലംകൊണ്ട് അഭിഷേകം ചെയ്ത് ഘോഷയാത്രയായി ചെന്ന് നെഹ്രുവിന് കൈമാറി. ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഋഷിവര്യനായ തിരുജ്ഞാന സംബന്ധര്‍ രചിച്ച കോളറു പതികം എന്ന പവിത്രമായ കീര്‍ത്തനവും ഈ സമയം അന്തരീക്ഷത്തില്‍ മുഴങ്ങി. പുരോഹിതരില്‍ നിന്ന് ചെങ്കോല്‍ സ്വീകരിച്ച നെഹ്റു ഭാരതത്തെ ഭരിക്കാനുള്ള നിയോഗം അനുഗ്രഹാശിസ്സുകളോടെ സ്വീകരിക്കുകയായിരുന്നു.
ചരിത്രപ്രസിദ്ധമായ ഈ ചെങ്കോല്‍ സ്ഥാപിക്കാന്‍ ഏറ്റവും ഉചിതവും പവിത്രവുമായ സ്ഥലമാണ് പുതിയ പാര്‍ലമെന്റ് മന്ദിരം. അതിരുകളില്ലാത്ത പ്രതീക്ഷയുടെയും അതിരുകളില്ലാത്ത സാധ്യതകളുടെയും ശക്തവും സമൃദ്ധവുമായ രാഷ്‌ട്രം കെട്ടിപ്പടുക്കാനുള്ള ദൃഢനിശ്ചയത്തിന്റെയും പ്രതീകമാണിത്. പുതിയ ഭാരതം ലോകത്തില്‍ ഏറ്റവും ഉന്നതമായ സ്ഥാനം നേടുന്നതിന് സാക്ഷ്യം വഹിക്കുന്ന, അമൃതകാലത്തിന്റെ പ്രതീകമാകുമിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: