ന്യൂദല്‍ഹി: ശബരിമല തീര്‍ഥാടകരില്‍ നിന്ന് നിലയ്‌ക്കല്‍ – പമ്പ റൂട്ടില്‍ അമിതനിരക്ക് ഈടാക്കുന്ന കെഎസ്ആര്‍ടി സിയുടെ നടപടിയില്‍ ഇടപെട്ട് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സിസിഐ). നിരക്ക് ഈടാക്കുന്നതു സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷന്‍ സംസ്ഥാനസര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും നോട്ടീസ് അയച്ചു.
തീര്‍ഥാടകരില്‍ നിന്ന് നിലയ്‌ക്കല്‍ മുതല്‍ പമ്പ വരെയുള്ള റൂട്ടില്‍ അമിത നിരക്കാണ് കെഎസ്ആര്‍ടിസി ഈടാക്കുന്നതെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. നിരക്ക് കുറയ്‌ക്കണമെന്ന് വിവിധ ഹൈന്ദവസംഘടനകള്‍ നിരവധി തവണ ആവശ്യപ്പെട്ടതാണ്. എന്നാല്‍ നിരക്ക് കുറയ്‌ക്കാന്‍ കെഎസ്ആര്‍ടിസി തയാറായിരുന്നില്ല.
മറ്റുറൂട്ടു കളിലേതിനെക്കാള്‍ അമിതനിരക്കാണ് കെഎസ്ആര്‍ടിസി ഈ റൂട്ടില്‍ ഈടാക്കുന്നതെന്ന് കാണിച്ച് സുപ്രീംകോടതി അഭിഭാഷകനായ ഷൈന്‍ പി. ശശിധര്‍ ആണ് കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയെ സമീപിച്ചത്. പരാതി പരിഗണിച്ച കമ്മിഷന്‍ സംസ്ഥാന സര്‍ക്കാരിനും കെഎസ്ആര്‍ടിസിക്കും നോട്ടീസ് അയക്കുകയായിരുന്നു. ആവശ്യമായ രേഖകള്‍ സഹിതം നാല് ആഴ്ചയ്‌ക്കകം മറുപടി നല്കാനാണ് കമ്മിഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടിയുടെ പകര്‍പ്പ് പരാതിക്കാരന് നല്കാനും കമ്മിഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കെഎസ്ആര്‍ടിസിയുടെ ഭാഗത്ത് പിഴവുണ്ടെന്ന് തെളിഞ്ഞാല്‍ കമ്മിഷന്‍ കനത്ത പിഴയീടാക്കും. ശബരിമല തീര്‍ഥാടകര്‍ക്കുള്ള കെഎസ്ആര്‍ടിസി ബസ് നിരക്കുകള്‍ പുനഃപരിശോധിക്കാന്‍ കോമ്പറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ നിര്‍ദേശവും നല്കിയേക്കും. സംസ്ഥാനവും കെഎസ്ആര്‍ടിസിയും നല്കുന്ന റിപ്പോര്‍ട്ട് കണക്കിലെടുത്താകും ഇതുസംബന്ധിച്ച തീരമാനത്തിലേക്ക് കോമ്പറ്റീഷന്‍ കമ്മിഷന്‍ എത്തിച്ചേരുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: