പാലക്കാട്: വന്ദേഭാരത് ട്രെയിനിന്റെ കോച്ച് നിര്‍മാണ കരാര്‍ ബെമലിന് ലഭിച്ചേക്കും. ഇപ്പോള്‍ ബെമലിന്റെ കഞ്ചിക്കോട് യൂണിറ്റില്‍നിന്ന് മെമു കോച്ചുകള്‍ നിര്‍മിച്ചു നല്കുന്നുണ്ട്. വന്ദേഭാരതിന്റെ സ്ലീപ്പര്‍ കോച്ച് രൂപകല്‍പന, നിര്‍മാണം പൂര്‍ത്തിയാക്കല്‍ എന്നിവ ബെമല്‍ നിര്‍വഹിക്കും.
റെയില്‍വെ കോച്ചുകള്‍ നിര്‍മിച്ചുനല്കുന്നതും ബെമലാണ്. ഇതിനകം 20,000ത്തിലധികം റെയില്‍വെ കോച്ചുകളും മെട്രോ കോച്ചുകളും ബെമല്‍ നിര്‍മിച്ചു നല്കിയിട്ടുണ്ട്. ബെംഗളൂരു, മൈസൂര്‍, കോലാര്‍ എന്നിവിടങ്ങളിലാണ് ബെമലിന് യൂണിറ്റുകളുള്ളത്. സംസ്ഥാനത്ത് ആദ്യമായി രാജ്യസുരക്ഷയ്‌ക്കുള്ള വാഹനങ്ങള്‍ നിര്‍മിച്ചു തുടങ്ങിയതും കഞ്ചിക്കോട്ടെ ബെമലിലാണ്.
വന്ദേഭാരതിന്റെ കോച്ചുകള്‍ നിര്‍മിക്കുവാനുള്ള സൗകര്യം ബെമലിന് ലഭിച്ചാല്‍ കേരളത്തെ സംബന്ധിച്ചിടത്തോളം വലിയ നേട്ടമാണ്. സംസ്ഥാനത്ത് രണ്ടാമത് വന്ദേഭാരത് വരാനുള്ള സാഹചര്യവുമുണ്ട്.
രാജ്യത്തിപ്പോള്‍ 15 വന്ദേഭാരത് ട്രെയിനുകളാണ് സര്‍വീസ് നടത്തുന്നത്. 2021-22 സാമ്പത്തികവര്‍ഷത്തില്‍ 206 കോടി രൂപയുടെ ലാഭമാണ് ബെമല്‍ ഉണ്ടാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: