കൊല്‍ക്കത്ത: നിരോധനത്തിനും തീയറ്റര്‍ വിലക്കിനുമൊടുവില്‍ കോടതി ഇടപെടലിനെത്തുടര്‍ന്ന് ബംഗാളിലെ തീയറ്ററുകളിലും കേരള സ്റ്റോറി നിറയുന്നു. സംസ്ഥാനത്ത് സിനിമ നിരോധിച്ചിട്ടില്ലെന്നും കാണാനാളില്ലാത്തതിനാല്‍ തീയറ്ററുകള്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറാകാത്തതുമാണ് പ്രശ്നമെന്നായിരുന്നു വിവാദങ്ങളില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെയും സര്‍ക്കാരിന്റെയും വാദം. എന്തായാലും വരുന്ന രണ്ടാഴ്ചത്തേക്ക് ഹൗസ് ഫുള്‍ ബുക്കിങ് ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചിത്രം പ്രദര്‍ശനത്തിനെടുത്ത തീയറ്ററുകള്‍. നിരോധനം സുപ്രീംകോടതി നീക്കിയതോടെയാണ് ബംഗാളിലെ തീയറ്ററുകളില്‍ ചിത്രമെത്തിയത്.
തുടക്കത്തില്‍ ഭീഷണിയെ ഭയന്ന് ഭൂരിപക്ഷം തീയറ്ററുകളും പിന്മാറിയപ്പോള് ബോണാഗാവ് നോര്‍ത്ത് 24 പര്‍ഗാനയിലെ ശ്രീമാ ഹാള്‍ എന്ന തീയറ്റര്‍ മാത്രമാണ് സിനിമ പ്രദര്‍ശിപ്പിക്കാന്‍ തയാറായത്. നിറഞ്ഞ സദസിലാണ് ശ്രീമാ ഹാളില്‍ കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ കൂടുതല്‍ തീയറ്ററുകള്‍ ചിത്രമെടുക്കാന്‍ മുന്നോട്ടുവരികയായിരുന്നു.
കേരളാ സ്റ്റോറിയുടെ സംഗീത സംവിധായകനായ ബിശാഖ് ജ്യോതി ബോണാഗാവ് സ്വദേശിയാണ്. വിവാദങ്ങള്‍ക്കും ഭീഷണി സന്ദേശങ്ങള്ക്കുമിടെ ബംഗാളില്‍ ചിത്രത്തിന് ലഭിച്ച സ്വീകരണത്തില്‍ സന്തുഷ്ടനാണെന്ന് ബിശാഖ് ജ്യോതി പ്രതികരിച്ചു.
ബംഗാളിലെ ഭൂരിഭാഗം തീയറ്ററുകളും ദ കേരളാ സ്റ്റോറിയോട് മുഖംതിരിച്ചപ്പോള്‍ എന്റെ ഗ്രാമത്തിലെ ഒരു തീയറ്റര്‍ ആ ചിത്രം പ്രദര്‍ശിപ്പിച്ചതില്‍ ഏറെ സന്തോഷമുണ്ട്. തീയറ്റര്‍ ഉടമകള്‍ക്കും വിതരണക്കാര്‍ക്കും ചിത്രത്തിന്റെ പ്രദര്‍ശനം നിര്‍ത്തണമെന്നാവശ്യപ്പെട്ട് നിരവധി തവണ ഫോണ്‍കോളുകള്‍ വന്നതായി കേട്ടിരുന്നു. ബംഗാളിലെ മറ്റു തീയറ്ററുകളും ചിത്രം പ്രദര്‍ശിപ്പിച്ച് തുടങ്ങുമെന്ന് പ്രതീക്ഷയുണ്ടായിരുന്നു, ബിശാഖ് ജ്യോതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: