തിരുവനന്തപുരം : കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ യുയുസി ലിസ്റ്റില്‍ എസ്എഫ്ഐ നേതാവിനെ തിരുകി കയറ്റിയ സംഭവത്തില്‍ എഫ്ഐആറിലും ഗുരുതര പിഴവ്. യുയുസിയായി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ എസ്എഫ്ഐ നേതാവ് വിശാഖിന്റെ പ്രായം കുറച്ച് കാണിച്ചതായാണ് ആരോപണം. വിശാഖിനേയും കേസിലെ ഒന്നാം പ്രതിയും പ്രിന്‍സിപ്പലുമായിരുന്ന പ്രൊഫ. ജി.ജെ. ഷൈജുവിനേയും വിശാഖിനേയും കഴിഞ്ഞ ദിവസം കോളേജില്‍ നിന്നും സസ്പെന്‍ഡ് ചെയ്തിരുന്നു.
രണ്ടാം പ്രതിയായ എസ്എഫ്ഐ നേതാവ് എ വിശാഖിന് 19 വയസ്സ് എന്നാണ് എഫ്ഐആറിലുള്ളത്. കേരള സര്‍വകലാശാല ചട്ടപ്രകാരം 25 വയസുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. അതിനാല്‍ ഇയാള്‍ ആള്‍മാറാട്ടം നടത്തി യുയുസി ലിസ്റ്റില്‍ കയറിക്കൂടുകയായിരുന്നു. ഈ വയസ്സ് തന്നെ എഫ്ഐആറിലും നല്‍കുകയായിരുന്നു.
കേരള സര്‍വകലാശാലയിലെ രേഖകള്‍ പ്രകാരം വിശാഖിന്റെ ജനനതീയതി, 25- 09- 1998 ആണ്. 25 വയസുള്ള വിശാഖിന് ചട്ടപ്രകാരം കോളേജ് യൂണിയന് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ല. ചട്ടം മറികടന്ന് മത്സരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യം റിട്ടേണിങ് ഓഫീസര്‍ തള്ളിയതിനാല്‍ തെരഞ്ഞെടുപ്പിന് ശേഷം പേര് തിരുത്തി വിശാഖിനെ യുയുസി പട്ടികയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. ഇത് തന്നെ എഫ്ഐആറിലും ആവര്‍ത്തിച്ചതോടെ പ്രതികളെ സഹായിക്കാനാണ് ഇതെന്നാണ് ആരോപണം ഉയരുന്നത്.
കൂടാതെ സംഭവത്തില്‍ കെഎസ്യു ഡിജിപിക്ക് പരാതി നല്‍കിയിട്ടും പോലീസ് ഉടന്‍ നടപടി സ്വീകരിച്ചില്ലെന്നും ആരോപണമുണ്ട്. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് കേസില്‍ നടപടി കൈക്കൊണ്ടത്. എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ കേരള സര്‍വകലാശാല രജിസ്ട്രാര്‍ നല്കിയ പരാതിയില്‍ ഞായറാഴ്ചയും കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: