പാലാ: സിവില്‍ സര്‍വീസ് പരീക്ഷയില്‍ രാജ്യത്ത് ആറാമത്തെയും കേരളത്തില്‍ ഒന്നാമെത്തയും റാങ്ക് സ്വന്തമാക്കി പാലാ സ്വദേശി ഗഹന നവ്യ ജയിംസ് (25) കേരളത്തിന്റെ അഭിമാനമായി. പാലാ സെന്റ് തോമസ് കോളജില്‍ നിന്ന് വിരമിച്ച ഹിന്ദി അധ്യാപകന് മുത്തോലി ചിറക്കല്‍ പ്രൊഫ. സി.കെ. ജയിംസ് തോമസിന്റെയും കാലടി സംസ്കൃത സര്‍വകലാശാലയില്‍ നിന്ന് വിആര്‍എസ് എടുത്ത് വിരമിച്ച അധ്യാപിക ദീപാ ജോര്‍ജിന്റെയും മൂത്ത മകളാണ് ഗഹന. പരിശീലനവും മുന്‍വിധികളും ഇല്ലാതെയുള്ള പഠനമായിരുന്നു ഗഹനയുടേത്.
സിവില്‍ സര്‍വീസിനെ ബാലികേറാമലയായി കാണുന്ന പുതുതലമുറയ്ക്ക് മുന്നില്‍, ഒറ്റയ്ക്ക് പൊരുതി നേടിയ വിജയത്തിന്റെ കഥയാണ് ഗഹനക്ക് പറയാനുള്ളത്. സിവില്‍ സര്‍വ്വീസ് പഠനത്തിന് ഒരു പരിശീലന കേന്ദ്രത്തെയും ആശ്രയിച്ചിട്ടില്ല. ഒറ്റയ്ക്ക് പഠിച്ചാണ് റാങ്ക് നേടിയത്. മാതൃസഹോദരനും ജപ്പാന് അംബാസഡറുമായ പാലാ സ്വദേശി സിബി ജോര്‍ജ്ജ് ആണ് വിദേശകാര്യ വിഷയങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രചോദനമായത്. 2021ല്‍ ആദ്യം പരീക്ഷ എഴുതി പ്രിലിമിനറി പാസായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം വീണ്ടും ശ്രമം നടത്തി. അതില്‍ റാങ്ക് നേടാനായതില്‍ ഏറെ സന്തോഷമുണ്ട്. റാങ്ക് പ്രതീക്ഷിച്ചിരുന്നില്ല, എന്നാല്‍ ആഗ്രഹമുണ്ടായിരുന്നതായി ഗഹന പറയുന്നു. ഒരുപാട് വായിക്കുന്ന ശീലമുണ്ട്. മലയാള ദിനപ്പത്രങ്ങളാണ് ആദ്യം മുതല്‍ വായിച്ചിരുന്നത്. പിന്നീട് ഇംഗ്ലീഷ് പത്രങ്ങളും ദിനചര്യയാക്കി. ടൈംടേബിള്‍ വച്ചുള്ള പഠനമില്ല. എപ്പോഴാണോ താത്പര്യം തോന്നുന്നത് അപ്പോള്‍ തുടര്‍ച്ചയായി പഠിക്കുന്നതായിരുന്നു തന്റെ ശീലമെന്നും ഗഹന പറയുന്നു.
പാലാ ചാവറ പബ്ലിക് സ്കൂളിലാണ് പത്താം ക്ലാസും സെന്റ് മേരീസ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്ന് പ്ലസ്ടുവും ഫുള്‍ എ പ്ലസോടെ പൂര്‍ത്തിയാക്കി. പാലാ അല്‍ഫോന്‍സാ കോളജില്‍നിന്ന് ഒന്നാം റാങ്കോടെ ബിഎ ഹിസ്റ്ററിയും സെന്റ് തോമസ് കോളജില്‍നിന്ന് എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ യൂണിവേഴ്സിറ്റി ഒന്നാം റാങ്കും നേടി. തുടര്‍ന്ന് യുജിസി നാഷണല്‍ റിസര്‍ച്ച് ഫെലോഷിപ്പ്.
എംജി സര്‍വകലാശാലയില്‍ ഇന്റര്‍നാഷനല്‍ റിലേഷന്‍സില്‍ ഗവേഷണം നടത്തി വരവേയാണ് സിവില്‍ സര്‍വ്വീസില്‍ റാങ്ക് തേടിയെത്തുന്നത്. ഫോറിന് അഫയേഴ്സില് പ്രവര്‍ത്തിക്കുകയാണ് ആഗ്രഹമെന്നും ഗഹന പറഞ്ഞു. പഠനത്തോടൊപ്പം കലോത്സവങ്ങളിലും ഗഹന സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. രചനാ മത്സരങ്ങളോടാണ് താത്പര്യം. കവിതാ രചനയും ഇഷ്ടവിഷയമാണ്. വലിയ വിജയത്തില്‍ സന്തോഷമുണ്ടെന്നും കുടുംബം ഉറച്ച പിന്തുണയാണ് നല്‍കിയതെന്നും ഗഹന കൂട്ടിച്ചേര്‍ത്തു. സഹോദരന്: ഗൗരവ് അമര്‍ ജെയിംസ് പാലാ സെന്റ് തോമസ് കോളജ് മൂന്നാം വര്‍ഷ ബിഎ ഹിസ്റ്ററി വിദ്യാര്‍ത്ഥിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: