മുംബൈ: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനുള്ള ഇന്ത്യയുടെ ആദ്യ സംഘം ഇന്ന് ലണ്ടനിലേക്ക് തിരിക്കും. ഇംഗ്ലണ്ടിലെ ദി ഓവല്‍ സ്റ്റേഡിയത്തില്‍ ജൂണ്‍ ഏഴിനാണ് മത്സരം ആരംഭിക്കുക. ഓസ്ട്രേലിയയാണ് എതിരാളികള്‍. വിരാട് കോലി, രവിചന്ദ്രന്‍ അശ്വിന്, അക്ഷര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട് എന്നിവരാണ് ഇന്ന് പുറപ്പെടുന്ന പ്രധാന ഇന്ത്യന്‍ താരങ്ങള്‍.
പത്ത് താരങ്ങളും ആറ് സ്ക്വാഡ് അംഗങ്ങളും ഒരു റിസര്‍വ് താരവും മൂന്ന് സപ്പോര്‍ട്ടിങ് ബോളര്മാരുമടങ്ങിയ സംഘമാണ് ഇന്നത്തെ യാത്രാസംഘത്തിലുള്ളത്. പ്ലേഓഫിലേക്ക് കടന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ്(ഐപിഎല്‍) ക്രിക്കറ്റിന്റെ ലീഗ് റൗണ്ടില്‍ പുറത്തായ ടീമിലെ താരങ്ങളാണ് ഇന്ന് യാത്ര തിരിക്കുന്നത്. ഇന്നത്തെ യാത്രയില്‍ അശ്വിന് ഉള്‍പ്പെടുമോയെന്ന കാര്യത്തില്‍ ഉറപ്പായിട്ടില്ല. എങ്കിലും അടുത്ത ദിവസങ്ങളില്‍ തന്നെ താരം ലണ്ടനിലെ ഇന്ത്യന്‍ കാമ്പിനൊപ്പം ചേരും.
ഉനദ്ഘട്ടിന് ഐപിഎല്‍ നെറ്റ്സ് പരിശീലനത്തിനിടെ പരിക്കേറ്റിരുന്നു. ഉമേഷ് യാദവും പരിക്കിന്റെ പിടിയിലകപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നും ഫിറ്റ്നസ് തെളിയിച്ച ശേഷമാകാം ഇന്ത്യന്‍ സംഘത്തിനൊപ്പം ചേരുന്നതെന്ന് കണക്കാക്കുന്നു.
മുകേഷ് കുമാര്‍ ആണ് ഇന്ത്യന്‍ ടീമിനൊപ്പം പോകുന്ന ഏക റിസര്‍വ് താരം. പേസര്‍മാരായ അനികേത് ചൗധരി, ആകാശ് ദിപ്, യാരാ പൃഥ്വിരാജ് എന്നിവരാണ് മൂന്ന് സപ്പോര്‍ട്ടിങ് ബോളര്‍മാര്‍.
നിലവില്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ചാമ്പ്യന്‍ഷിപ്പിലുള്ള ചേതേശ്വര്‍ പൂജാര വരും ദിവസങ്ങളില്‍ ഇന്ത്യന്‍ ക്യാമ്പിനൊപ്പം ചേരും. മുംബൈ ഇന്ത്യന്‍സ് പ്ലേഓഫിലേക്ക് കടന്നതിനാല്‍ നായകന് രോഹിത് ശര്‍മ്മ പിന്നീടേ ലണ്ടനിലേക്ക് തിരിക്കൂ. 15 പേരാണ് ഇനി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനായി ഇന്ത്യന്‍ ക്യാമ്പിലെത്താനുള്ളത്. റിസര്‍വ് താരങ്ങളായ സൂര്യകുമാര്‍ യാദവും റുട്ടുരാജ് ഗെയ്ക്ക്വാദും അടങ്ങുന്ന ഈ സംഘം 29ന് രാത്രിയിലായിരിക്കും ലണ്ടനിലേക്ക് പുറപ്പെടുക. 28നാണ് 16-ാം സീസണ് ഐപിഎല്‍ ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: