തിരുവനന്തപുരം: കേരളത്തിലെ ആദ്യ സര്‍ക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരമായിരുന്നുവെന്ന് ഉപരാഷ്‌ട്രപതി ജഗദീപ് ധന്‍കര്‍. അന്നത്തെ പ്രധാനമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയായ ആളുമായിരുന്നു അത് ചെയ്തതെന്ന് ജവഹര്‍ലാല്‍ നെഹ്റുവിനേയും ഇന്ദിരാഗാന്ധിയേയും സൂചിപ്പിച്ച് അദ്ദേഹം പറഞ്ഞു. രാജ്യതാല്‍പര്യത്തിന്റെ കാര്യം വരുമ്പോള്‍ രാഷ്‌ട്രീയത്തിന്റെ കണ്ണട ഉപയോഗിക്കരുത്. ജനാധിപത്യത്തിന്റെ ശ്രീകോവിലിലുണ്ടാകുന്ന തടസങ്ങളും അസ്വസ്ഥതകളും ഒരിക്കലും രാഷ്‌ട്രീയ ആയുധമാക്കരുത്, നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്ത് ഉപരാഷ്‌ട്രപതി പറഞ്ഞു.
ഭരണഘടനാ പദവിയിലിരിക്കുന്നവര്‍ പെരുമാറ്റത്തിലെ ഔചിത്യം, അന്തസ്, മര്യാദ എന്നിവയില്‍ മാതൃകയാകണം. ഫലപ്രദവും ഉത്പാദനക്ഷമവുമായ നിയമനിര്‍മാണപ്രവര്‍ത്തനമാണ് ജനാധിപത്യമൂല്യങ്ങള്‍ പൂവണിയുന്നതിനും സംരക്ഷിക്കുന്നതിനും എക്സിക്യൂട്ടീവിന്റെ ഉത്തരവാദിത്തം നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും സുരക്ഷിതമായ മാര്‍ഗം. ‘ഭിന്ന വീക്ഷണത്തോടുള്ള അസഹിഷ്ണുതയുടെ ആശങ്കജനകമായ പ്രവണത’ ഇല്ലാതാകണം.
ഒരുകാലത്ത് പാര്‍ലമെന്റിലെയും നിയമസഭകളിലെയും ആശയവിനിമയത്തിന്റെ മുഖമുദ്രയായ വിവേകവും നര്‍മവും പരിഹാസവും പൊതുവ്യവഹാരങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്നു. ഇത് പുനരുജ്ജീവിപ്പിക്കണം.
അഭിപ്രായ സ്വാതന്ത്ര്യം ഊര്‍ജസ്വലമായ ജനാധിപത്യ പാരമ്പര്യം നിലനിര്‍ത്താന്‍ ആരോഗ്യകരമായ സംവാദത്തിന് വിനിയോഗിക്കണം. പാര്‍ലമെന്റിലൂടെയും നിയമനിര്‍മാണസഭകളിലൂടെയും പ്രതിഫലിക്കുന്ന ജനങ്ങളുടെ കല്‍പ്പനകളിലാണ് ജനാധിപത്യത്തിന്റെ സത്ത കുടികൊള്ളുന്നത്, ഉപരാഷ്‌ട്രപതി പറഞ്ഞു.
മുന്നോട്ടുള്ള വീക്ഷണത്തിനും സാമൂഹിക നീതിയോടുള്ള പ്രതിബദ്ധതയ്‌ക്കും പേരുകേട്ടതാണ് കേരളമെന്നും ജഗദീപ് ധന്‍കര്‍ പറഞ്ഞു.
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, നിയമസഭാ സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മന്ത്രി കെ. രാധാകൃഷ്ണന്‍ മറ്റ് വിശിഷ്ടാതിഥികള്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: