ന്യൂദല്‍ഹി: ഭാവിയിലെ വെല്ലുവിളികളെ നേരിടാന്‍ ലോകാരോഗ്യ സംഘടന സജ്ജമാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ലോകാരോഗ്യ അസംബ്ലിയുടെ 76-ാം സമ്മേളനത്തെ വീഡിയോസന്ദേശത്തിലൂടെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
75 വര്‍ഷം ലോകത്തെ സേവിക്കുക എന്ന ചരിത്രപരമായ നേട്ടം കൈവരിച്ച ലോകാരോഗ്യ സംഘടനയെ അദ്ദേഹം അഭിനന്ദിച്ചു. കൊവിഡ് കാലത്താണ് സംഘടനയുടെ പോരായ്മകള്‍ ദൃശ്യമായത്. മഹാമാരികളെ അതിജീവിക്കാന്‍ ശേഷിയുള്ള ആഗോള സംവിധാനങ്ങള്‍ കെട്ടിപ്പടുക്കണം. നൂറിലധികം രാജ്യങ്ങളിലേക്ക് 300 ദശലക്ഷം ഡോസ് കൊവിഡ് വാക്സിനുകള്‍ ഇന്ത്യ കയറ്റിയയച്ചു, പ്രധാനമന്ത്രി പറഞ്ഞു.
ഏതാനും വര്‍ഷങ്ങളായി ആരോഗ്യ മേഖലയില്‍ ഇന്ത്യ കൈവരിച്ച നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടിയ പ്രധാനമന്ത്രി, ആയുഷ്മാന്‍ ഭാരത്, ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളുടെ വര്‍ധന, രാജ്യത്തെ ദശലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ശുചിത്വവും കുടിവെള്ളവും ലഭ്യമാക്കാനുള്ള യജ്ഞം എന്നിവ ചൂണ്ടിക്കാട്ടി. ആരോഗ്യകരമായ ലോകം കെട്ടിപ്പടുക്കാനുള്ള എല്ലാ ശ്രമങ്ങളെയും സഹായിക്കും. പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: