തിരുവനന്തപുരം: ആര്‍എസ്എസ് ശാഖകള്‍ക്ക് ക്ഷേത്രങ്ങളിലുള്ള വിലക്ക് കര്‍ശനമാക്കാന്‍ നിര്‍ദേശിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പിന്നില്‍ ക്ഷേത്രങ്ങള്‍ സിപിഎം അധീനതയിലാക്കണമെന്ന പാര്‍ട്ടി നിര്‍ദേശം. ക്ഷേത്രങ്ങളില്‍ കാവിക്കൊടികള്‍ കെട്ടുന്നതിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്ന സിപിഎം നീക്കങ്ങളുടെ തുടര്‍ച്ചയാണ് പുതിയ സര്‍ക്കുലര്‍. മെയ് 18നാണ് ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും ബന്ധപ്പെട്ടതല്ലാതെയുള്ള കായിക പരിശീലനങ്ങള്‍ നടത്തുന്നതിനോ മാസ് ഡ്രില്ലിനോ സ്ഥാവരജംഗമ വസ്തുക്കള്‍ ഉപയോഗിക്കുന്നതിനോ അനുമതിയില്ലെന്നും അത് നടത്തുന്നത് തടയുന്നതിന് ആവശ്യമായ നടപടികള്‍ ഉദ്യോഗസ്ഥര്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറി ഉത്തരവിറക്കിയത്. നിര്‍ദേശം പാലിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
ഉത്സവകാലത്ത് ക്ഷേത്രങ്ങളില്‍ കാവിക്കൊടി കെട്ടുന്നതിന്റെ പേരില്‍ സിപിഎം സംസ്ഥാനത്തുടനീളം സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തിയിരുന്നു. തിരുവനന്തപുരത്ത് വെള്ളായണി ദേവീക്ഷേത്രം, കരിക്കകം ചാമുണ്ഡീക്ഷേത്രം, പാല്‍ക്കുളങ്ങര ദേവീക്ഷേത്രം, പത്തനംതിട്ട വള്ളംകുളം നന്നൂര്‍ ക്ഷേത്രം, ഓമല്ലൂര്‍ രക്തകണ്ഠേശ്വര ക്ഷേത്രം, കൊല്ലം പട്ടാഴി ക്ഷേത്രം എന്നിവിടങ്ങളിലെല്ലാം ഇത്തരം അതിക്രമങ്ങള്‍ നടന്നിരുന്നു.
വെള്ളായണി ദേവീ ക്ഷേത്രത്തിലെ വിഷയത്തില്‍ ഹൈക്കോടതിയില്‍ നിന്നും പോലീസിന് തിരിച്ചടി നേരിട്ടിരുന്നു. ക്ഷേത്രത്തില്‍ ഏതു കൊടി കെട്ടണമെന്ന് പറയാന്‍ പോലീസിന് അധികാരമില്ലെന്നു പറഞ്ഞ കോടതി ക്ഷേത്രഭരണസമിതികളില്‍ രാഷ്ട്രീയചുമതലയുള്ളവര്‍ ഉണ്ടാവരുതെന്ന സുപ്രധാന വിധിയും പ്രസ്താവിച്ചു. കോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് ക്ഷേത്രഉപദേശക സമിതിക്കെതിരെ നടപടിയെടുത്താണ് ബോര്‍ഡ് അന്ന് പക വീട്ടിയത്. ക്ഷേത്രപരിസരങ്ങളില്‍ നിന്ന് വിശ്വാസി സമൂഹത്തെയും ക്ഷേത്രസംരക്ഷണത്തിന് നിലകൊള്ളുന്നവരെയും ഒഴിവാക്കി പിടിച്ചെടുക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നത്. ക്ഷേത്രഭരണസമിതികള്‍ പിടിച്ചെടുക്കണമെന്ന പാര്‍ട്ടി നിര്‍ദേശത്തിനു വേണ്ട കളമൊരുക്കലാണ് ദേവസ്വംബോര്‍ഡിന്റെ ഉത്തരവെന്നാണ് വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: