കോളിളക്കമുണ്ടാക്കിയ ദി കേരള സ്റ്റോറി എന്ന ചിത്രം ബോക്സ് ഓഫീസില്‍ പണം വാരുന്നു. ഇന്നലെ വരെ ചിത്രം നേടിയത് 187.47 കോടി രൂപയാണ്.ശനിയാഴ്ച തിയേറ്ററുകളില്‍ നിന്ന് 9.15 കോടിയാണ് നേടിയത്.
ശനിയാഴ്ച, ചില വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെ പൂനെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ (എഫ്ടിഐഐ) പ്രധാന തിയേറ്ററില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം സംഘടിപ്പിച്ചു. സംഭവസ്ഥലത്ത് കനത്ത പൊലീസ് സേനയെ വിന്യസിച്ചിട്ടും, ഷോയെക്കുറിച്ച് വിദ്യാര്‍ത്ഥികളെ അറിയിച്ചില്ലെന്ന് ആരോപിച്ച് എഫ്ടിഐഐ സ്റ്റുഡന്റ്സ് അസോസിയേഷന് പ്രതിഷേധ പ്രകടനം നടത്തി. എംഐടിഇഇ ഫിലിം സൊസൈറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനം രാവിലെ 9.30നാണ് നിശ്ചയിച്ചിരുന്നതെങ്കിലും ഒരു മണിക്കൂര്‍ വൈകിയാണ് തുടങ്ങിയത്.
സംവിധായകന് സുദീപ്തോ സെന്‍ ക്യാമ്പസിലെത്തി പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. ഞങ്ങള്‍ വിദ്യാര്‍ത്ഥികളുമായി സംസാരിച്ചു. ക്യാമ്പസില്‍ ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ക്ഷണിച്ചതിനെ തുടര്‍ന്നാണ് ഇവിടെ വന്നതെന്നും സംവിധായകന് പറഞ്ഞു.
വിപുല്‍ ഷായാണ് കേരള സ്റ്റോറിയുടെ നിര്‍മ്മാണം നിര്‍വഹിച്ചത്. ആദ ശര്‍മ്മ, സോണിയ ബാലാനി, യോഗിത ബിഹാനി, സിദ്ധി ഇദ്നാനി എന്നിവരാണ് പ്രധാന അഭിനേതാക്കള്‍. ഈ മാസം 5 നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.
സമുദായ സംഘര്‍ഷമുണ്ടാകുമെന്ന് പറഞ്ഞ് സിനിമ നിരോധിച്ച പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു. സിനിമയ്ക്ക് സുരക്ഷ ഉറപ്പാക്കാന്‍ തമിഴ്നാടിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ രണ്ട് സംസ്ഥാനങ്ങളിലും സിനിമയുടെ റിലീസ് വീണ്ടും സാധ്യമാകുമെന്നാണ് കരുതുന്നത്.
യുവതികളെ മതം മാറ്റി ഇസ്ലാമിക ഭീകര സംഘടനയായ ഐ എസ് ഐ എസിലേക്ക് കൊണ്ടു പോയതാണ് ചിത്രത്തിന്റെ ഇതിവൃത്തം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: