ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്(ഐപിഎല്‍)16-ാം സീസണ് ലീഗ് റൗണ്ടിലെ അവസാന ദിനം ഇന്ന്. രണ്ട് കളികളിലായി രണ്ട് ടീമുകള്‍ പ്ലേഓഫിലേക്ക് യോഗ്യതനേടാനുള്ള നാലാം സ്ഥാനത്തിനായി പൊരിഞ്ഞ പോരാട്ടത്തിനിറങ്ങും. സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തോല്‍പ്പിച്ച് മുന്നേറാന്‍ മുംബൈ ഇന്ത്യന്‍സും പ്ലേഓഫ് ഉറപ്പിച്ച ഗുജറാത്ത് ടൈറ്റന്‍സിനെ കീഴടക്കാന്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും കളത്തിലിറങ്ങും.
പട്ടികയിലെ സ്ഥിതിഗതികള്‍ പ്രകാരം മുംബൈയ്ക്കും ആര്‍സിബിക്കും 14 പോയിന്റ് വീതമുണ്ട്. ഇരു ടീമുകളും ഇന്ന് ജയിച്ചാല്‍ കൂടുതല്‍ റണ്‍റേറ്റ് ഉള്ളവര്‍ പ്ലേഓഫിന് യോഗ്യയത നേടും. ഇപ്പോഴത്തെ നിലയില്‍ റണ്‍റേറ്റില്‍ ആര്‍സിബിയാണ് മുംബൈയെക്കാള്‍ മുന്നില്‍. ഈ രണ്ട് ടീമുകളും പരാജയപ്പെട്ടാല്‍ സംഭവിക്കുന്നത് സഞ്ജു വി. സാംസണ് നയിക്കുന്ന രാജസ്ഥാന് റോയല്‍സ് നാലാം സ്ഥാനത്തേക്ക് മുന്നേറുകയാകും. നിലവില്‍ രാജസ്ഥാനും ആര്‍സിബിക്കും 14 പോയിന്റ് വീതമാണുള്ളത്. കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനോട് ആര്‍സിബി പരാജയപ്പെട്ടാല്‍ ടീമിന് ഇപ്പോഴുള്ള 0.180 റണ്‍റേറ്റ് ഇടിയും. എല്ലാ കളികളും തീര്‍ന്ന രാജസ്ഥാനാകട്ടെ 0.148 റണ്‍റേറ്റാണുള്ളത്. ആര്‍സിബി തോല്ക്കുകയാണെങ്കില് ഇപ്പോഴത്തെ റണ്‍റേറ്റ് കുറഞ്ഞ് രാജസ്ഥാനെക്കാള്‍ പിന്നില്‍ പോകുമെന്ന് ഉറപ്പാണ്. 14 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സ് റണ്‍റേറ്റ് അടിസ്ഥാനത്തില്‍ ഇപ്പോള്‍ തന്നെ രാജസ്ഥാനേക്കാള്‍ പിന്നിലാണ്. അങ്ങനെയെങ്കില്‍ ഇന്നത്തെ നിര്‍ണായക മത്സരത്തില്‍ ഹൈദരാബാദിനോട് പരാജയപ്പെട്ടാല്‍ ഈ മുന്‍ ചാമ്പ്യന്‍ ടീമിന് പ്ലേഓഫ് കാണാനാവില്ലെന്നത് തീര്‍ച്ചയാണ്. ബാംഗ്ലൂരും മുംബൈയും തോറ്റ് സഞ്ജുവിന്റെ രാജസ്ഥാന് മുന്നേറാന്‍ സാധിച്ചെങ്കിലെന്ന് മലയാളി ആരാധകരും മോഹിക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: