ഇംഫാല്‍: ഇംഫാല്‍ ഈസ്റ്റ് ജില്ലയില്‍ മാരക സ്ഫോടക വസ്തുശേഖരം പിടിച്ചെടുത്തു. 15 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നാല് സര്‍ക്യൂട്ടുകള്‍, റിമോട്ട് ഫയറിങ് ഉപകരണങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള സ്ഫോടകവസ്തുക്കളാണ് സൈന്യത്തിന്റെ പട്രോളിങ്ങിനിടെ ബങ്ബാല്‍ ഖുല്ലെന്‍ ഗ്രാമത്തില്‍ നിന്ന് പിടിച്ചെടുത്തത്. ഐഇഡികള്‍ക്കായുള്ള റിമോട്ട് ഇനീഷ്യേഷന്‍ മെക്കാനിസവും കണ്ടെടുത്തു. മൂന്ന് കിലോഗ്രാം ടിഎന്‍ടി, 15 ഇലക്ട്രിക് ഡിറ്റണേറ്ററുകള്‍, നാല് സര്‍ക്യൂട്ടുകള്‍, റിമോട്ട് ഫയറിങ് ഉപകരണങ്ങള്‍ എന്നിവയും കണ്ടെത്തിയിട്ടുണ്ട്.
സൈന്യവും അസം റൈഫിള്‍സും പ്രദേശത്ത് തുടര്‍ച്ചയായി പട്രോളിങ് നടത്തുന്നുണ്ട്. കലാപം ശമിച്ചെങ്കിലും മണിപ്പൂരില്‍ സായുധരായ കുക്കി തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിയുതിര്‍ക്കുന്ന ഒറ്റപ്പെട്ട സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. 17ന് പട്രോളിങ്ങിനിടെ അക്രമികളുടെ വെടിയേറ്റ് അസം റൈഫിള്‍സിലെ ഒരു സൈനികന് വീരമൃത്യു വരിച്ചിരുന്നു.
ജനജീവിതം സുരക്ഷിതമാക്കുന്നതിനൊപ്പം മലയോരങ്ങളില്‍ ഒറ്റപ്പെട്ടുപോയ ഗോത്രസമൂഹത്തിനായി ആഹാരവും മരുന്നുമെത്തിക്കുന്നതും സൈനികരാണ്. ഇംഫാല്‍ താഴ്വരയിലേക്ക് അരി, പഞ്ചസാര, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങളുമായി ട്രക്കുകള്‍ സൈന്യത്തിന്റെ സംരക്ഷണം ലഭിച്ചതിനു ശേഷം യാത്ര പുനരാരംഭിച്ചു. തുടര്‍ച്ചയായ ദേശീയപാത ഉപരോധത്തെത്തുടര്‍ന്ന് നേരിട്ട ജീവന് രക്ഷാ മരുന്നുകളുടെ കടുത്ത ദൗര്‍ലഭ്യത്തിന് പരിഹാരം കാണാനുള്ള പരിശ്രമത്തിലാണ് സംസ്ഥാനസര്‍ക്കാര്‍. അവശ്യമരുന്നുമായി വരുന്ന 14 ട്രക്ക് ഇപ്പോഴും ഗുവാഹത്തിയില്‍ മാവോയ്ക്കും സേനാപതിക്കും കുടുങ്ങിക്കിടക്കുകയാണ്. ചില ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ എയര്‍ലിഫ്റ്റിങ് ഫാര്‍മസ്യൂട്ടിക്കല്‍സ് അവലംബിച്ചിട്ടുണ്ട്. അതേസമയം, സംസ്ഥാനത്ത് വാഹന ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: