ബെംഗളൂരു: അധികാരപ്പോരിനൊടുവില്‍ കര്‍ണാടകയില്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 12.30നാണ് സത്യപ്രതിജ്ഞ. ഉപമുഖ്യമന്ത്രിയായി ഡി.കെ.ശിവകുമാറും ചുമതലയേല്‍ക്കും. 18 മുതല്‍ 25 പേര്‍വരെ മന്ത്രിമാരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ശിവകുമാറിനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കാത്തിന്റെ അതൃപ്തിയിലാണ് ഡികെ പക്ഷത്തുള്ള എംഎല്‍എമാരും നേതാക്കളും. ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെട്ടിരുന്ന മുസ്ലീം സംഘടനകള്‍ ഉള്‍പ്പെടെയുള്ള മത, ജാതി സംഘടനകള്‍ ഇതിനടകം കോണ്‍ഗ്രസ് നേതൃത്വത്തെ അതൃപ്
തി അറിയിച്ചിട്ടുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനവും പ്രധാനപ്പെട്ട അഞ്ച് മന്ത്രി സ്ഥാനവുമാണ് മുസ്ലീം സംഘടനകള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടിരുന്നത്. വോക്കലിഗ, ലിംഗായത്ത്, ദളിത് സമുദായങ്ങളും സ്ഥാനമാനങ്ങള്‍ ആവശ്യപ്പെട്ട് രംഗത്തെത്തി. ഉപമുഖ്യമന്ത്രി പദം ഒന്ന് മാത്രമായി ചുരുക്കിയതിനാല്‍ ഇവരെയൊക്കെ തൃപ്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് പാടുപെടുകയാണ്.
ഉപമുഖ്യമന്ത്രിസ്ഥാനം ആവശ്യപ്പെട്ട മുന്‍ കെപിസിസി പ്രസിഡന്റ് ഡോ.ജി.പരമേശ്വരയ്ക്കും ലിംഗായത്ത് നേതാവ് എം.ബി. പാട്ടീലിനും വടക്കന്‍ കര്‍ണാടകത്തിലെ നേതാവ് സതീഷ് ജാര്‍ക്കിഹോളിക്കും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന് പ്രിയങ്ക് ഖാര്‍ഗെയ്ക്കും പ്രധാനപ്പെട്ട വകുപ്പുകള്‍ ലഭിച്ചേക്കും. ആഭ്യന്തരം ഡി.കെ. ശിവകുമാറിനാണെന്നുറപ്പായതിനാല് വിദ്യാഭ്യാസം, ജലസേചനം, വ്യവസായം, ആരോഗ്യം, ഗതാഗതം, പൊതുമരാമത്ത്, ബെംഗളൂരുവികസനം തുടങ്ങി പ്രധാന വകുപ്പുകളാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം ന്യൂനപക്ഷ വിഭാഗത്തില്‍നിന്നുള്ളവരും മലയാളികളുമായ യു.ടി. ഖാദര്‍, എന്‍.എ. ഹാരിസ്, കെ.ജെ. ജോര്‍ജ് എന്നിവരും മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്.
സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ബിജെപി ഇതര മുഖ്യമന്ത്രിമാരെയും പ്രധാന നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ചടങ്ങിലേക്ക് ക്ഷണം ലഭിച്ചിട്ടില്ല.
തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, എന്‍സിപി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, സമാജ്വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരടക്കമുള്ള നേതാക്കളെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: