തിരുവനന്തപുരം: മരണത്തിന് കീഴടങ്ങിയപ്പോള്‍ പോലും അജയ്യനായി സാരംഗ്. പത്താം ക്ലാസ് പരീക്ഷാഫലം വരും മുന്‍പ് വാഹനാപകടത്തില്‍ ജീവന് പൊലിഞ്ഞെങ്കിലും ആറു പേര്‍ക്ക് പുതുജീവന്‍ പകര്‍ന്ന് മടങ്ങിയ സാരംഗിന് എല്ലാ വിഷയത്തിലും എ പ്ലസ്. അതും ഗ്രേസ് മാര്‍ക്ക് ഇല്ലാതെ തന്നെ.
എസ്എസ്എല്‍സി ഫലപ്രഖ്യാപനത്തിന് ശേഷം മന്ത്രി വി. ശിവന്‍കുട്ടി സാരംഗിന്റെ ഫലം പ്രത്യേകമായി പ്രഖ്യാപിക്കുകയായിരുന്നു.
തിരുവനന്തപുരം ആറ്റിങ്ങല്‍ ബോയ്സ് സ്കൂളിലെ വിദ്യാര്‍ഥിയായിരുന്നു ബി. ആര്. സാരംഗ്. വാഹനപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവേയാണ് മരണത്തിന് കീഴടങ്ങിയത്. മസ്തിഷ്ക മരണം സംഭവിച്ച സാരംഗ് ആറ് പേര്‍ക്കാണ് പുതുജീവന്‍ നല്‍കിയത്. സാരംഗിന്റെ കണ്ണുകള്‍, കരള്‍, ഹൃദയം, മജ്ജ തുടങ്ങിയവയാണ് ദാനം ചെയ്തത്.
കരവാരം വഞ്ചിയൂര്‍ നടക്കാപറമ്പ് നികുഞ്ജത്തില്‍ ബിനീഷ് കുമാറിന്റെയും രജനിയുടെയും മകന്, കഴിഞ്ഞ ആറിന് വൈകിട്ട് മൂന്നിന് അമ്മയോടൊപ്പം ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുമ്പോള്‍, തോട്ടക്കാട് കുന്നത്തുകോണം പാലത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. സൈഡ് കൊടുക്കുമ്പോള്‍ നിയന്ത്രണം വിട്ട ഓട്ടോ വൈദ്യുത തൂണിലിടിച്ച് റോഡില്‍ മറിയുകയായിരുന്നു. തെറിച്ചുവീണ സാരംഗിന്റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തിരുവനന്തപുരം സ്വകാര്യശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. ബുധനാഴ്ച മസ്തിഷ്ക മരണം സ്ഥിരീകരിച്ചു.
ഉന്നത വിജയം കൈവരിച്ചതിന്റെ സന്തോഷം ആഘോഷിക്കാന്‍ സാരംഗ് ഇല്ലെന്ന ദുഃഖത്തിലാണ് കുടുംബവും നാട്ടുകാരും കൂട്ടുകാരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: