ആലപ്പുഴ: ജോലിക്കിടെ കൈവിരലുകളറ്റു പോയ യുവതിക്ക് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നഷ്ടപരിഹാരം ലഭിച്ചില്ല. നിയമ പോരാട്ടവുമായി കുടുംബം. കനാല്‍ വാര്‍ഡ് ബംഗ്ലാവ് പറമ്പില്‍ യോഹന്നാന്റെ ഭാര്യ സൗമ്യാ വര്‍ഗീസിനാ (36)ണ് ഏഴ് വര്‍ഷം പിന്നിട്ടിട്ടും കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഉള്‍പ്പെടെ ഒരാനുകൂല്യവും ലഭിക്കാത്തത്. മസാല ഉല്‍പ്പാദന കമ്പനിയായ വല്ലഭദാസ് കാഞ്ചിയില്‍ ജോലിക്കിടെ 2016 ജൂലൈ 29നാണ് സൗമ്യാ വര്‍ഗീസിന് അപകടമുണ്ടായത്.
ജോലിയില്‍ പ്രവേശിച്ച 11-ാം മാസത്തില്‍ മെഷീനില്‍ വലതു കൈ വീണ് നാല് വിരലുകളാണ് അറ്റു പോയത്. പായ്ക്കിങ് സെക്ഷനിലായിരുന്നു സൗമ്യക്ക് ജോലി. ആശുപത്രിയിലെ ചികിത്സാ ചെലവ് നടത്തിയതല്ലാതെ മറ്റൊരു സഹായവും ആനുകൂല്യവും തങ്ങള്‍ക്ക് കമ്പനിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറയുന്നു. നഷ്ട പരിഹാരം ലഭിക്കാതെ വന്നതോടെയാണ് ട്രൈബ്യൂണല്‍ കോടതിയില്‍ നിയമ നടപടികള്‍ ആരംഭിച്ചത്. ഇഎസ്ഐ ബോര്‍ഡ് യോഗത്തില്‍ സൗമ്യയുടെ ഭര്‍ത്താവിന് ജോലി നല്‍കിയതായി കമ്പനി അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ഇതുവരെ തങ്ങള്‍ക്ക് ജോലി ലഭിച്ചില്ലെന്ന് ഇവര്‍ പറയുന്നു. സൗമ്യക്ക് അപകടം സംഭവിച്ചതിന് ശേഷം നഷ്ട പരിഹാരം ലഭ്യമാക്കണമെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ഫാക്ടറീസ് ആന്റ് ബോയിലേഴ്സ് ഉദ്യോഗസ്ഥര്‍ തൊഴില്‍ വകുപ്പിന് റിപ്പോര്‍ട്ട് അയച്ചിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് വെളിച്ചം കണ്ടിട്ടില്ല.
വലതു കൈക്ക് അപകടം സംഭവിച്ചതിനാല്‍ വീട്ടു ജോലി പോലും ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലാണ് ഈ യുവതി. ഭര്‍ത്താവ് വാടകയ്ക്ക് ഓട്ടോറിക്ഷ ഓടിച്ചു കിട്ടുന്ന വരുമാനം മാത്രമാണ് ഈ കുടുംബത്തിന്റെ ഏക ആശ്രയം. പത്തിലും ഏഴാം കഌസിലും യുകെജിയിലുമായി പഠിക്കുന്ന നാല് പെണ്മക്കളുടെ പഠനം പോലും മുടങ്ങുന്ന അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: