ന്യൂദല്‍ഹി : രാജ്യത്ത് പ്രതിരോധ ഉല്‍പ്പാദനത്തിന്റെ മൂല്യം 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ആദ്യമായി ഒരു ലക്ഷം കോടി രൂപ കടന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഒരു ലക്ഷത്തി ആറായിരത്തി 800 കോടി രൂപയാണ് മൂല്യമെന്നും സ്വകാര്യ പ്രതിരോധ വ്യവസായങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ കൂടി ലഭിച്ചാല്‍ അത് ഇനിയും ഉയരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രതിരോധ ഉല്‍പ്പാദനത്തിന്റെ നിലവിലെ മൂല്യം കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തിലധികമാണ്. കഴിഞ്ഞ വര്‍ഷം ഇത് 95,000 കോടി രൂപയായിരുന്നു.
പ്രതിരോധ വ്യവസായങ്ങളുമായും അവയുടെ പങ്കാളികളുമായും സര്‍ക്കാര്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ നേരിടുന്ന വെല്ലുവിളികള്‍ ഇല്ലാതാക്കുന്നതിനും രാജ്യത്ത് പ്രതിരോധ ഉല്‍പ്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുമാണിത്.
വ്യവസായം സുഗമമായി നടത്തുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളെയും സ്റ്റാര്‍ട്ടപ്പുകളുടെയും വിതരണ ശൃംഖലയിലേക്ക് കൂട്ടിച്ചേര്‍ക്കല്‍ ഉള്‍പ്പെടെ നിരവധി നയ പരിഷ്കാരങ്ങള്‍ എടുത്തിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
പ്രതിരോധ രൂപകല്‍പ്പന, വികസനം, ഉത്പ്പാദനം എന്നിവയിലെ ഈ നയങ്ങളിലൂടെ കഴിഞ്ഞ 7-8 വര്‍ഷത്തിനിടെ വ്യവസായങ്ങള്‍ക്ക് നല്കിയ പ്രതിരോധ ലൈസന്‍സുകളുടെ എണ്ണത്തില്‍ ഏകദേശം 200 ശതമാനം വര്‍ധനയുണ്ടായതായി മന്ത്രാലയം വ്യക്തമാക്കി. ഈ നടപടികള്‍ രാജ്യത്തെ പ്രതിരോധ വ്യാവസായിക ഉത്പ്പാദന മേഖലയ്ക്ക് ഉത്തേജനം നല്‍കുകയും വന്‍തോതിലുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: