തിരുവനന്തപുരം : ഐജി പി. വിജയനെ സര്‍വീസില്‍ നിന്നും അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തതില്‍ സംസ്ഥാന പോലീസിനുള്ളില്‍ അതൃപ്തി. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെന്‍ഡ് ചെയ്തത്. സേനയ്ക്കുള്ളിലെ പോരാണ് സസ്പെന്ഷന് പിന്നിലെന്നാണ് ആരോപണം ഉയരുന്നത്.
എലത്തൂര്‍ തീവ്രവാദ കേസ് അന്വേഷണ സംഘത്തിന്റെ ഭാഗം അല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ പി. വിജയന് ഫോണില്‍ വിളിച്ചിരുന്നു. തുടര്‍ന്ന് പ്രതിയുടെ സഞ്ചാരവിവരം ചോര്‍ന്നെന്നും ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നും ആരോപിച്ചാണ് ഐജി പി.വിജയനെ സസ്പെന്‍ഡ് ചെയ്തത്. എഡിജിപി എം.ആര്. അജിത്തിന്റെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വിജയന് കീഴിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെ വിളിച്ചുവെന്ന പേരില്‍ എടുത്ത നടപടി കടുത്തുവെന്നാണ് ഇപ്പോള്‍ പോലീസ് സേനയ്ക്കുള്ളില്‍ നിന്നുള്ള വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.
മികച്ച അന്വേഷണ ഉദ്യോഗസ്ഥന്, ചേലാമ്പര ബാങ്ക് കവര്‍ച്ച ഉള്‍പ്പെടെ പ്രമാദമായ കേസുകള്‍ തെളിയിച്ച ഉദ്യോഗസ്ഥന്, രാജ്യത്തിന് മാതൃകയായ സ്റ്റുഡന്റ് പോലീസ് പദ്ധതിയുടെ നോഡല്‍ ഓഫീസര്‍, പ്രധാന മന്ത്രിയുടെ പോലും പ്രശംസ പറ്റിയ ശബരിമലയിലെ പുണ്യം പൂങ്കാവനം പദ്ധതിയുടെ ചുമതലക്കാരന്, അങ്ങനെ സേനയെ പല മേഖലയില്‍ പ്രശസ്തി നേടിയിട്ടുള്ള വ്യക്തിയാണ് പി. വിജയന്.
എലത്തൂര്‍ ആക്രമണമുണ്ടായതിന് പിന്നാലെ ഭീകര വിരുദ്ധ സേനയുടെ തലവനായ വിജയനും കോഴിക്കോടെത്തിയിരുന്നു. എടിഎസ് അന്വേഷണം തുടങ്ങിയ ശേഷമായിരുന്നു എഡിജിപി അജിത് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചത്. അന്വേഷണം തുടങ്ങിയ ശേഷവും ഏകോപനത്തെ ചൊല്ലി എഡിജിപിയും ഐജിയും തമ്മില്‍ തര്‍ക്കങ്ങളുമുണ്ടായി. ഇതിനിടെയാണ് പ്രതിയെ കൊണ്ടുവന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പകര്‍ത്തിയത്.
പ്രധാന മന്ത്രിയുടെ മന്‍കിബാദിന്റെ കോണ്‍ക്ലേവില്‍ പങ്കെടുക്കാനുള്ള അനുമതി നിരസിച്ചതിന് പിന്നാലെയാണ് എല്ലാ ചുമതലകളില്‍ നിന്നും സര്‍ക്കാര്‍ മാറ്റിയ ശേഷം എഡിജിപിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. വിവര ചോര്‍ച്ചയിലെ സംശയത്തിന്റെ മറവില്‍ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനോട് കടുത്ത നടപടി വേണ്ടിയിരുന്നില്ലെന്ന് ഐഎഎസ് തലത്തിലും അഭിപ്രായമണ്ട്. സസ്പെന്റ് ചെയ്യാന്‍ ചീഫ് സെക്രട്ടറിയും ശുപാര്‍ശ ചെയ്തിരുന്നില്ല. ഇതെല്ലാം മറികടന്നാണ് പി. വിജയന് സസ്പെന്‍ഡ് ചെയ്തിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: