കാട്ടാക്കട ക്രിസ്ത്യന്‍ കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ യുണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ചയാള്‍ക്കു പകരം മറ്റൊരാളുടെ പേര് സര്‍വകലാശാലയ്‌ക്ക് നല്‍കിയ നടപടി വിവാദമായിരിക്കുകയാണല്ലോ. എസ്എഫ്‌ഐ പാനലില്‍ ജയിച്ച അനഘയ്‌ക്കു പകരം എസ്എഫ്‌ഐ ഏരിയാ സെക്രട്ടറിയായ എ.വിശാഖിന്റെ പേരാണ് പ്രിന്‍സിപ്പാള്‍ നല്‍കിയത്. കാമ്പസ് രാഷ്‌ട്രീയത്തിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിപോലും ഇല്ലാത്ത ഇത്തരമൊരു നടപടിയില്‍ പലരും അത്ഭുതപ്പെടുന്നത് ഡിവൈഎഫ്‌ഐയിലേക്കും സിപിഎമ്മിലേക്കും ആളെക്കൂട്ടുന്ന എസ്എഫ്‌ഐയുടെ ചരിത്രം ശരിയായി അറിയാത്തതുകൊണ്ടാണ്. എന്തും ചെയ്യാന്‍ മടിക്കാത്ത അക്രമിസംഘമായാണ് അവര്‍ പല ക്യാമ്പസുകളിലും പ്രവര്‍ത്തിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കാതിരിക്കുകയും, മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ക്യാമ്പസുകളില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കാതിരിക്കുകയും ചെയ്യുന്ന എസ്എഫ്‌ഐ ആള്‍മാറാട്ടമെന്നല്ല, അതിലപ്പുറവും കാണിച്ചെന്നു വരും. യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലറായി ജയിച്ച വിദ്യാര്‍ത്ഥിനിക്കു പകരം തങ്ങള്‍ക്ക് വേണ്ടപ്പെട്ട ഒരാളെ സര്‍വകലാശാല യൂണിയന്‍ ചെയര്‍മാനായി പ്രതിഷ്ഠിക്കാന്‍ എസ്എഫ്‌ഐയും സിപിഎമ്മും ചേര്‍ന്ന് ഒത്തുകളി നടത്തുകയായിരുന്നു. ജയിച്ച വിദ്യാര്‍ത്ഥിനി ഇതിന് നിന്നുകൊടുക്കാതിരുന്നതോടെയാണ് പദ്ധതി പാളിയതും ‘അച്ചടക്ക നടപടി’കളുമായി സിപിഎം രംഗപ്രവേശം ചെയ്തതും. തട്ടിപ്പ് പുറത്തായതോടെ പിശകു പറ്റിയതാണെന്നു പറഞ്ഞ് കോളജ് പ്രിന്‍സിപ്പാള്‍ സര്‍വകലാശാലയ്‌ക്ക് കത്തു നല്‍കി തടിയൂരാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഒരുവിധത്തിലും വെറുതെ വിടാന്‍ പറ്റാത്ത നിയമവിരുദ്ധ പ്രവര്‍ത്തനമാണ് നടന്നിരിക്കുന്നത്. ഇതു ചെയ്തവര്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം.
എസ്എഫ്‌ഐയുടെ മസ്സില്‍ പവറിനെക്കുറിച്ച് നല്ല ധാരണയുള്ള കോളജ് പ്രിന്‍സിപ്പാള്‍ അവരുടെ തിട്ടൂരം അനുസരിക്കുകയായിരുന്നുവെന്നു വേണം കരുതാന്‍. എസ്എഫ്‌ഐയ്‌ക്ക് ആധിപത്യമുള്ള കോളജില്‍ ആര് പ്രിന്‍സിപ്പലാവണം, ആര് പാടില്ല എന്നൊക്കെ തീരുമാനിക്കുന്നതുപോലും എസ്എഫ്‌ഐ നേതൃത്വം ആണല്ലോ. തങ്ങള്‍ക്ക് ഇഷ്ടമല്ലാത്തവരെ റീത്തുവച്ചും കസേരകത്തിച്ചുമൊക്കെ അവര്‍ നേരിടും. കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകപോലും ചെയ്യാത്ത ഒരാളെ ജയിച്ചയാളായി പ്രഖ്യാപിച്ച് സര്‍വകലാശാലയ്‌ക്ക് കത്ത് നല്‍കിയത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണ്. ഇതുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിക്കുന്നത്. ഇതും തട്ടിപ്പാണ്. സിപിഎമ്മിന്റെ അറിവും സമ്മതവുമില്ലാതെ ഒരു എസ്എഫ്‌ഐ ഘടകവും ഇങ്ങനെയൊരു കുത്സിതവൃത്തി ചെയ്യില്ല. അല്ലെങ്കില്‍ തന്നെ എസ്എഫ്‌ഐയുടെ ഏരിയാ സെക്രട്ടറിയായിരിക്കുന്ന ഒരാള്‍ക്ക് ഇതിലെ ജനാധിപത്യ സ്വഭാവം അറിയില്ലെന്നുണ്ടോ. എന്നുതന്നെയുമല്ല, മത്സരിക്കാതെ ജയിപ്പിച്ചെടുത്ത വിശാഖ് സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റി അംഗം കൂടിയാണ്. സിപിഎം നേതൃത്വത്തിന്റെ അറിവോടുകൂടി തന്നെയാണ് ഈ അട്ടിമറി നടത്തിയതെന്ന് ഇതില്‍നിന്നൊക്കെ വ്യക്തമാണ്. ഇപ്പോള്‍ വിവാദ കഥാപാത്രമായിരിക്കുന്ന വിശാഖിനെ എസ്എഫ്‌ഐയുടെ നേതൃത്വത്തില്‍നിന്ന് മാറ്റിനിര്‍ത്തിയെന്നൊക്കെ പറയുന്നത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ്. വിവാദം കെട്ടടങ്ങുന്നതോടെ ഇയാള്‍ വീണ്ടും എസ്എഫ്‌ഐയ്‌ക്കും സിപിഎമ്മിനും വേണ്ടപ്പെട്ടവനാകും. എസ്എഫ്‌ഐയില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും.
വിദ്യാര്‍ത്ഥി രാഷ്‌ട്രീയത്തിനുവേണ്ടി വീറോടെ വാദിക്കുന്നവരാണ് എസ്എഫ്‌ഐക്കാര്‍. കലാലയങ്ങളില്‍ പഠനത്തിനു പകരം അക്രമങ്ങള്‍ നടക്കുന്നത് കണക്കിലെടുത്ത് കാമ്പസ് രാഷ്‌ട്രീയം അഭികാമ്യമല്ലെന്ന അഭിപ്രായമുയരുമ്പോഴൊക്കെ പുതുതലമുറ രാഷ്‌ട്രീയബോധമുള്ളവരാവാന്‍ അത് ആവശ്യമാണെന്ന നിലപാടാണ് എസ്എഫ്‌ഐയ്‌ക്ക്. എന്നാല്‍ എസ്എഫ്‌ഐയുടെ രാഷ്‌ട്രീയമെന്നത് തനി ഫാസിസമാണ്. തലസ്ഥാനത്ത് ഉള്‍പ്പെടെ പല കോളജുകളിലും നടമാടുന്നത് ഈ ഫാസിസമാണ്. ഇതിനെ എബിവിപി ഉള്‍പ്പെടെ മറ്റ് വിദ്യാര്‍ത്ഥി സംഘടനകള്‍ ചോദ്യം ചെയ്യുമ്പോള്‍ സ്വാഭാവികമായും സംഘര്‍ഷമുണ്ടാവും. ഇത് തങ്ങള്‍ക്കെതിരായ അക്രമമായി ചിത്രീകരിച്ച് മുറവിളി കൂട്ടുകയാണ് എസ്എഫ്‌ഐ ചെയ്യാറുള്ളത്. കോളജ് അധ്യാപകരില്‍ ബഹുഭൂരിപക്ഷവും സിപിഎമ്മിന്റെ സംഘടനയില്‍പ്പെട്ടവരായതിനാല്‍ ഈ അതിക്രമങ്ങള്‍ക്ക് അവര്‍ കൂട്ടുനില്‍ക്കുകയും ചെയ്യും. കൂട്ടുനില്‍ക്കാത്തവര്‍ക്ക് എസ്എഫ്‌ഐയുടെ കൈകരുത്ത് അനുഭവിക്കേണ്ടിവരും. സ്വാതന്ത്ര്യം, ജനാധിപത്യം എന്നൊക്കെയുള്ള മുദ്രാവാക്യങ്ങള്‍ മുഴക്കി അതിനു കടകവിരുദ്ധമായി പ്രവര്‍ത്തിക്കുന്നത് എസ്എഫ്‌ഐയുടെ രീതിയാണ്. അവര്‍ പരിശീലിപ്പിക്കപ്പെട്ടിട്ടുള്ളതും ഇതിനാണ്. പാര്‍ട്ടി തെരഞ്ഞെടുപ്പില്‍ തോറ്റവര്‍ ജയിച്ചതായി പ്രഖ്യാപിക്കുന്ന ചരിത്രം സിപിഎമ്മിനുണ്ട്. ഇതുതന്നെയാണ് കാട്ടാക്കട കോളജില്‍ നടന്നിട്ടുള്ളതും. ഇത്തരം സംഭവങ്ങള്‍ മറ്റ് ക്യാമ്പസുകളിലും എസ്എഫ്‌ഐ നടത്തിയിരിക്കാന്‍ സാധ്യതയുമുണ്ട്. അതുകൊണ്ട് ഇപ്പോഴത്തെ സംഭവത്തില്‍ ശക്തമായ നടപടികളെടുക്കുകയും സമഗ്രമായ അന്വേഷണം നടത്തുകയും വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: