മയ്യോര്‍ക: കളിമണ്ണിലെ ഗ്രാന്‍ഡ് സ്ലാം ടെന്നിസ് ടൂര്‍ണമെന്റ് ഫ്രഞ്ച് ഓപ്പണ്‍ കിരീടം കുത്തകയാക്കിയ താരം റാഫേല്‍ നദാല്‍ ഇക്കുറി ടൂര്‍ണമെന്റിനില്ല. ദിവസങ്ങള്‍ക്കകം തുടങ്ങുന്ന ഫ്രഞ്ച് ഓപ്പണ്‍ ടെന്നിസില്‍ നിന്നും പിന്മാറുന്നതായി താരം അറിയിച്ചു.
‘എന്റെ പരിക്ക് അധികം കൂടിയിട്ടില്ല, പക്ഷെ റോളന്‍ഡ് ഗാരോസില്‍ എനിക്ക് കളിക്കാനാവില്ല’ അദ്ദേഹം സ്പെയിനിലെ മയ്യോര്‍ക്കയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ശാരിരിക അവശതകള്‍ തുടരുന്നതിനാലാണ് തന്റെ പിന്മാറ്റമെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. താന്‍ 2024ലെ ഡേവിസ് കപ്പിനായി തയ്യാറെടുക്കുകയാണെന്നും അത് തന്റെ കരിയറിന്റെ അവസാന വര്‍ഷമായിരിക്കുമെന്നും 36കാരനായ സ്പാനിഷ് താരം അറിയിച്ചു.
22 ഗ്രാന്‍ഡ് സ്ലാം കിരീടം നേടി നോവാക് ദ്യോക്കോവിച്ചിനൊപ്പം റെക്കോഡ് പങ്കിടുന്ന നദാല്‍ ഏറ്റവും കൂടുതല്‍ തവണ റോളന്‍ഡ് ഗാരോസ് കിരീടം സ്വന്തമാക്കിയ താരം കൂടിയാണ്. 14 തവണയാണ് റോളന്‍ഡ് ഗാരോസില്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടത്തില്‍ മുത്തമിട്ടത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ലോക ടെന്നിസില്‍ സജ്ജീവമായ താരം 2008, 2016 ഒളിംപിക്സുകളില്‍ സ്വര്‍ണം നേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: