തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരം 25 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികള്‍ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ 22ന് രാവിലെ 10.30ന് നിയമസഭയിലെ ആര്. ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്പീക്കര്‍ എ.എന്‍ ഷംസീര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ജനുവരി 9 മുതല്‍ 15 വരെ നിയമസഭാ പരിസരത്തു സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീര്‍ പ്രകാശനവും ചടങ്ങില്‍ ഉപരാഷ്ട്രപതി നിര്‍വഹിക്കും. നിയമസഭാ മന്ദിരത്തിന്റെ പരിസരത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും ഉപരാഷ്ട്രപതി നടത്തും. നിലവിലുള്ള എം.എല്‍.എ.മാര്‍ക്കു പുറമെ മുന്‍ എം.എല്‍.എ.മാരെയും മുന്‍ ജീവനക്കാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്ന് സ്പീക്കര്‍ പറഞ്ഞു.
ഉച്ചയ്ക്ക് 2 മണിക്ക് ചേരുന്ന മുന്‍ നിയമസഭാംഗങ്ങളുടെ കൂട്ടായ്മയില്‍ മുന്‍ മുഖ്യമന്ത്രിമാരെയും മുന്‍ സ്പീക്കര്‍മാരെയും ആദരിക്കും. ഈ ചടങ്ങില്‍ അഖിലേന്ത്യാ വെറ്ററന്‍സ് മീറ്റുകളില്‍ നിരവധി പുരസ്കാരങ്ങള്‍ നേടിയ പിറവം മുന്‍ എം.എല്‍.എ എം.ജെ. ജേക്കബിനെയും ആദരിക്കും. നിയമസഭാംഗങ്ങളും ജീവനക്കാരും മറ്റ് കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.
1998 മെയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ.ആര്. നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്. പത്താം കേരള നിയമസഭയുടെ കാലത്ത് ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയും എം.വിജയകുമാര്‍ സ്പീക്കറും ആയിരിക്കെ 1998 ജൂണ്‍ 29 മുതലാണ് ഈ മന്ദിരത്തില്‍ സഭ സമ്മേളിച്ചുതുടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: