ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണക്കേസില്‍ ഇന്ത്യ ആവശ്യപ്പെട്ട പാക്ക് വംശജനായ കനേഡിയന്‍ വ്യവസായി തഹാവൂര്‍ റാണയെ ഇന്ത്യയ്ക്ക് വിട്ടുനല്‍കാന്‍ യുഎസ് കോടതിയുടെ ഉത്തരവ്. കാലിഫോര്‍ണിയ കോടതി ജഡ്ജി ജാക്വിലിന് ചൂലിജിയാന്റേതാണ് ഉത്തരവ്. കുറ്റവാളി കൈമാറ്റ ഉടമ്പടി പ്രകാരം ഇന്ത്യ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കോടതി ഉത്തരവ്. 2008 നവംബര്‍ 26ലെ മുംബൈ ഭീകരാക്രമണത്തില്‍ 6 യുഎസ് പൗരന്മാര് ഉള്‍പ്പെടെ 166 പേര് കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിന് 2009 ഒക്ടോബറില്‍ അറസ്റ്റിലായ റാണ 168 മാസം തടവു ശിക്ഷ വിധിക്കപ്പെട്ട് ജയിലിലായിരുന്നു.
റാണയ്ക്കെതിരെ ഇന്ത്യയില്‍ എന്‍ഐഎ പ്രത്യേക കോടതിയുടെ അറസ്റ്റ് വാറന്റ് ഉണ്ട്. സുഹൃത്തായ യുഎസ് പൗരന് ഡേവിഡ് ഹെഡ്ലിയുമൊത്ത് പാക്ക് ഭീകര സംഘടനകളായ ലഷ്കറെ തയിബ, ഹര്‍ക്കത്തുല്‍ മുജാഹിദീന്‍ എന്നിവയ്ക്കായി മുംബൈ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയതിനാണ് റാണ അന്വേഷണം നേരിടുന്നത്.
റാണയെ വിട്ടുകിട്ടിയാല്‍ മുംബൈ ഭീകരാക്രമണ കേസില്‍ പാക്ക് ചാരസംഘടനയായ ഐഎസ്ഐയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു. ഇതേ കേസില്‍ പിടിയിലായ പാക്ക് ഭീകരന് അജ്മല്‍ കസബിനെ വിചാരണ ചെയ്ത് 2012 നവംബര്‍ 21ന് ഇന്ത്യ തൂക്കിലേറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: