കെ.ബി.ശ്രീകുമാര്‍
(പ്രാന്തസമ്പര്‍ക്ക പ്രമുഖ്,
രാഷ്‌ട്രീയ സ്വയംസേവക സംഘം)
സാധാരണ മരണവാര്‍ത്ത കേള്‍ക്കുമ്പോള്‍ തോന്നാറുള്ള ദുഃഖവും ആശങ്കയുമെല്ലാം അങ്ങേത്തലയ്‌ക്കല്‍ നിന്ന് മനസ് പെട്ടെന്ന് ഉണക്കാറുണ്ട്. ആത്മാവിന്റെ അനശ്വരതയും ജീവിതത്തിന്റെ ക്ഷണികതയും ചേര്‍ത്തുവച്ച് ആശ്വസിക്കാനാണ് അത്തരം സന്ദര്‍ഭങ്ങളില്‍ ശീലിച്ചത്. എന്നാല്‍ രവിച്ചേട്ടന്റെ (അയ്യപ്പസേവാസമാജം സംസ്ഥാനസെക്രട്ടറിയായിരിക്കെ ഇന്നലെ അന്തരിച്ച പത്തനംതിട്ട സീതത്തോട് മടയില്‍ കിഴക്കേതില്‍ എന്‍.ജി. രവീന്ദ്രന്‍-60) മരണവാര്‍ത്തയില്‍ മനസ്സും പതറി നില്‍ക്കുകയാണ്.
മികച്ച സംഘാടകന്‍, കാര്യകര്‍ത്താവ് തുടങ്ങി വിശേഷണങ്ങള്‍ക്കതീതമായ ജീവിതം. സംഘജീവിതം തന്നെ വ്യക്തി ജീവിതമാക്കി മാറ്റിയ ഉത്തമ സ്വയംസേവകന്‍. ഏകാത്മതാസ്‌തോത്രത്തോടെ തുടങ്ങുന്ന വീട്ടിലെ പ്രഭാതങ്ങള്‍. അകലെയല്ലാതെ സംഘസ്ഥാന്‍. പുലരും മുതല്‍ കൃഷിപ്പണി. അതിലേറെ സമയം സംഘപ്രവര്‍ത്തനം. കുടുംബമാകെ സംഘമായാല്‍ പിന്നെ അതിന്റെ പരിണാമം സമാജത്തില്‍ പ്രതിഫലിക്കുക സ്വാഭാവികമാണല്ലോ. സംഘത്തെപ്പറ്റി രവിച്ചേട്ടനറിയാവുന്ന അത്രതന്നെ സഹധര്‍മ്മിണി രാധയ്‌ക്കും ഏക മകന്‍ ഓംനാഥിനും അറിയാം.
സ്വയംസേവകന്‍ കാര്യകര്‍ത്താവാകുമ്പോള്‍ ആദര്‍ശവ്യക്തതയും പ്രവര്‍ത്തന വികാസത്തെക്കുറിച്ചുള്ള കാഴ്ചപ്പാടും വികസിച്ചു വരുന്നു. അത്തരം ഘട്ടങ്ങളില്‍ എപ്പോഴോ സംഘത്തിനായി മാത്രം ജീവിതം പരിണമിക്കാറുണ്ട്. പ്രചാരക ജീവിതത്തില്‍ വിവിധ ഇടങ്ങളില്‍ രവിച്ചേട്ടന്‍ എത്തിപ്പെട്ടത് ആദര്‍ശബോധത്തിന്റെ തെളിനീരായാണ്.
പന്ത്രണ്ടു വര്‍ഷമായിരുന്നു പ്രചാരക ജീവിതം. കണ്ണൂരില്‍ ജില്ലാ പ്രചാരകനായിരുന്ന അഞ്ചു വര്‍ഷക്കാലം പ്രശ്‌ന സങ്കുലമായിരുന്നു. എന്നിരുന്നാലും സംഘപ്രവര്‍ത്തനത്തെ ആ പ്രതിസന്ധികള്‍ ഏശാതിരിക്കുവാന്‍ അദ്ദേഹം പരമാവധി പരിശ്രമിച്ചു. സംഘം ആഗ്രഹിക്കുന്നിടത്ത് ഉണ്ടാവുക എന്നതും സ്വയംസേവകനില്‍ നിന്നു പ്രതീക്ഷിക്കുന്ന മൗലിക സ്വാഭാവമാണ്. പ്രചാരക ജീവിതംവിട്ട് തിരിച്ചെത്തിയ രവിച്ചേട്ടന്‍ വീണ്ടും കണ്ണൂരിലെത്തിയതും പ്രവര്‍ത്തനത്തില്‍ ലയിച്ചു ചേര്‍ന്നതും ഇക്കാരണത്താലാണ്.
പത്തനംതിട്ടയില്‍ തിരിച്ചെത്തിയ രവിച്ചേട്ടന്‍ ക്രമേണെ ആ ജില്ലയുടെ വിവിധ ചുമതലകള്‍ ഏറ്റെടുത്തു. ആര്‍എസ്എസ് സഹകാര്യവാഹും കാര്യവാഹും ആയ അദ്ദേഹം പിന്നീട് ശബരിഗിരി വിഭാഗ് കാര്യവാഹ് എന്ന നിലയിലും ദീര്‍ ഘകാലം പ്രവര്‍ത്തിച്ചു. പത്തനംതിട്ടയിലെ സംഘടനാപ്രവര്‍ത്തന വികാസവും കഴിഞ്ഞ ഏതാനും വര്‍ഷമായി സമാജത്തില്‍ കാണുന്ന സ്വാധീനവും അദ്ദേഹത്തിന്റെ അക്ഷീണ പ്രവര്‍ത്തനവുമായി കൂടി ബന്ധപ്പെട്ടു കിടക്കുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ബാലബാലികാ സദനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ ഓരോന്നും ഉയര്‍ന്നു വന്നപ്പോള്‍ അതിന്റെ ഓരം ചേര്‍ന്ന് അദ്ദേഹത്തിലെ കാര്യകര്‍ത്താവും ഉണ്ടായിരുന്നു. ആസൂത്രണത്തിലെ കൃത്യതയും പഴുതടച്ചുള്ള നിര്‍വഹണവും ലക്ഷ്യത്തെ മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനശൈലിയുംകൊണ്ട് കാര്യകര്‍ത്താക്കള്‍ക്ക് മാതൃകയായി അദ്ദേഹം മാറി.
ചിലപ്പോഴെല്ലാം ഉണ്ടാകാറുള്ള ഈര്‍ഷ്യകള്‍, പ്രവര്‍ത്തകര്‍ക്കിടയിലെ അസ്വസ്ഥതകള്‍, എല്ലാം അദ്ദേഹം ഒരു ചിരിയിലൂടെ പരിഹരിച്ചിരുന്നു. തന്റെ പ്രവര്‍ത്തനമേഖലയിലെ ബാല തരുണ പ്രൗഢ സ്വയം സേവകരെയെല്ലാം ഓരേപോലെ അടുത്തറിയാന്‍ ശ്രമിച്ചിരുന്ന വ്യക്തിത്വമായിരുന്നു അദ്ദേഹത്തിന്റേത്. സ്വയംസേവകര്‍ അദ്ദേഹത്തോടു കാട്ടിയിരുന്ന സ്‌നേഹാദരങ്ങള്‍ക്കും അതിരുണ്ടായിരുന്നില്ല. ഓരോ സംഘകുടുംബത്തിലേയും നാഥനായി, വഴികാട്ടിയായി, സന്തോഷത്തിലും സന്താപത്തിലും രവിച്ചേട്ടന്‍ എത്തിയിരുന്നു. സമൂഹത്തിന്റെ വിവിധ മേഖലകളിലെ പ്രമുഖരുമായി അദ്ദേഹം കാത്തുസൂക്ഷിച്ച സൗഹൃദങ്ങള്‍ ആശയവിപുലീകരണത്തിന് സഹായകമായി.
സാധാരണക്കാരന്റെ ജീവിതയാത്രയായിരുന്നു അത്. കൂനങ്കര ശബരി ശരണാശ്രമത്തിലാണ് ആ യാത്ര അവസാനമെത്തിനിന്നത്. ആശ്രമത്തിലെ കുട്ടികളും അവിടുത്തെ കൃഷി കാര്യങ്ങളും, തീര്‍ത്ഥാടകരായെത്തുന്ന അയ്യപ്പഭക്തന്മാരും, അവര്‍ക്കുവേണ്ടി അന്നദാനമൊരുക്കുന്ന തിരക്കും പ്രവര്‍ത്തകരെക്കുറിച്ചുള്ള ചിന്തയും എല്ലാം പങ്കുവയ്‌ക്കുമ്പോഴും കുടുംബത്തെക്കുറിച്ച് അങ്ങോട്ടു ചോദിക്കുമ്പോള്‍ മാത്രമേ രവിച്ചേട്ടന്‍ പ്രതികരിച്ചു കണ്ടിട്ടുള്ളൂ.
രവിച്ചേട്ടനെപ്പറ്റി അനുഭവങ്ങള്‍ പങ്കുവയ്‌ക്കുവാന്‍ ഒട്ടേറെപ്പേരുണ്ടാവും. അതിലെല്ലാം ആദര്‍ശത്തിന്റെ സ്പന്ദനവും കാണാം. എന്നാല്‍ ഒന്നുറപ്പാണ്. ഇടയ്‌ക്കിടെ കാണുമ്പോഴുള്ള കുസൃതിയും കൗതുകവും നിറഞ്ഞ ആ പുഞ്ചിരി ഇനിയുണ്ടാവില്ല. ആ പ്രേരണ അവസാനിക്കുകയുമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: