തിരുവനന്തപുരം: ഖദീജത്തുള്‍ ഖുബ്ര മതപാഠശാലയിലെ പതിനേഴുകാരി അസ്മിയയുടെ ദുരൂഹമരണത്തില്‍ അന്വേഷണം ഇഴയുന്നതില്‍ പ്രതിഷേധം ശക്തമാകുന്നു. തുടക്കത്തില്‍ ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസില്‍ കുട്ടിയുടെ മാതാപിതാക്കളും നാട്ടുകാരുടെ ദുരൂഹത ആരോപിച്ചതോടെ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. നിലവില്‍ നെയ്യാറ്റിന്‍കര എഎസ്പിയുടെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് അന്വേഷിക്കുന്നത്. അനധികൃത മതപഠനകേന്ദ്രം നടത്തുന്നവരെ ചോദ്യം ചെയ്യാനോ കേന്ദ്രത്തിന്റെ പ്രവര്‍ത്തനം തടയുന്നതിനോ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. 35 പെണ്‍കുട്ടികളെയാണ് ഇവിടെ താമസിപ്പിച്ചിരുന്നത്.
അസ്മിയയുടെ മരണത്തോടെ ഇവരെയെല്ലാം തല്‍ക്കാലത്തേക്ക് വീടുകളിലേക്ക് അയച്ചിരിക്കുകയാണ്. ഈ കുട്ടികളുടെ മൊഴികള്‍ രേഖപ്പെടുത്താനും പോലീസിന്റെ ഭാഗത്തുനിന്ന് ഇതുവരെ നീക്കമൊന്നുമുണ്ടായിട്ടില്ല. അനധികൃത മതപഠനത്തിന് നിരോധിത മതതീവ്രവാദ സംഘടനകളിലെ പ്രവര്‍ത്തകര്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പോലീസ് നടപടി വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്നലെ ബിജെപിയും എബിവിപിയും സ്ഥലത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മതപാഠശാല അടച്ചുപൂട്ടണമെന്നാവശ്യപ്പട്ട് ബിജെപി ബാലരാമപുരം പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
വിവാദ മതപാഠശാലയിലേക്ക് എബിവിപി സംഘടിപ്പിച്ച മാര്‍ച്ചിനുനേരെ പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ മുദ്രാവാക്യം വിളിച്ച് പ്രകോപനം സൃഷ്ടിച്ചെങ്കിലും പോലീസ് നോക്കി നില്‍ക്കുകയായിരുന്നു. എന്നാല്‍ റോഡിലിരുന്ന് പ്രതിഷേധിച്ച എബിവിപി പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ബലപ്രയോഗത്തിന് ശ്രമിക്കുകയും ചെയ്തു. മതതീവ്രവാദികളെ പ്രീണിപ്പിക്കുന്നതിനുവേണ്ടിയാണ് അന്വേഷണം മന്ദഗതിയിലാക്കിയതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: