പത്തനംതിട്ട: പൊന്നമ്പലമേട്ടില്‍ അതിക്രമിച്ച് കയറി പൂജ നടത്തിയ കേസില്‍ പിടിയിലായ പ്രതികളെ റിമാന്‍ഡ് ചെയ്തു. വനംവികസന കോര്‍പ്പറേഷനിലെ സൂപ്പര്‍ വൈസര്‍ രാജേന്ദ്രന്, തൊഴിലാളി സാബു എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ഇന്നലെ പത്തനംതിട്ട ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ദേവസ്വം ബോര്‍ഡിന്റെ പരാതിയില്‍ പച്ചക്കാനം ഫോറസ്റ്റ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റ്.
മെയ് എട്ടിനാണ് ഒന്‍പതംഗ സംഘം പൊന്നമ്പല മേട്ടില്‍ കടന്നുകയറി പൂജ നടത്തിയത്. പൂജ നടത്തിയ തൃശൂര്‍ സ്വദേശി നാരായണന് നമ്പൂതിരി അടക്കം ഏഴു പേര് ഒളിവിലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. നാരായണന് നമ്പൂതിരി ഏറെക്കാലമായി ചെന്നൈയിലാണ് താമസിക്കുന്നത്. നാരായണന് നമ്പൂതിരിയുടെ നേതൃത്വത്തില്‍ എത്തിയ സംഘത്തിന് വഴികാണിക്കാനായി എത്തിയവരാണ് ഇപ്പോള്‍ അറസ്റ്റിലായ രാജേന്ദ്രനും സാബുവും. ഇവര്‍ക്ക് പണവും പാരിതോഷികവും ലഭിച്ചതായാണ് കണ്ടെത്തല്‍. പ്രതികള്‍ക്കെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറുടെ പരാതിയില്‍ മൂഴിയാര്‍ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇമെയില്‍ മുഖാന്തിരം ലഭിച്ച പരാതി പ്രകാരമാണ് കേസെടുത്തത്.
ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ കടന്നു കയറി ശബരിമല ക്ഷേത്രത്തിന്റെ പരിപാവനത കളങ്കപ്പെടുത്തുകയും അയ്യപ്പഭക്തരെ അവഹേളിക്കുകയും ചെയ്തുവെന്നും ആചാര വിരുദ്ധമായി പൂജ നടത്തിയെന്നുമാണ് എഫ്ഐആറില്‍ പറയുന്നത്.
295, 295 എ, 447,34 എന്നീ വകുപ്പുകളിട്ടാണ് എഫ്ഐആര്‍. ഒമ്പത് പ്രതികളില്‍ അഞ്ചു പേര് തമിഴ്നാട് സ്വദേശികളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: