ഗുരുവായൂര്‍: വൈശാഖമാസത്തിലെ അവസാന പൊതു അവധി ദിനം കൂടിയായിരുന്ന ഇക്കഴിഞ്ഞ ഞായറാഴ്ച (മെയ് 15) ഭക്തജനങ്ങളാല്‍ തിങ്ങിഞെരുങ്ങി ഗുരുവായൂര്‍. പരമാവധി ഭക്തര്‍ക്ക് ദര്ശനസൗഭാഗ്യമുണ്ടാവാന് അന്ന് ഉച്ചയ്ക്ക് രണ്ടേമുക്കാല്‍ കഴിഞ്ഞാണ് അടച്ചത്.തിരക്കേറിയതിനാല്‍ ഭക്തര്‍ക്ക് എട്ടര മണിയ്ക്ക് ശേഷം പ്രദക്ഷിണം അനുവദിച്ചിരുന്നില്ല.
രാവിലെ മുതലേ ദര്‍ശനത്തിനായി വന്ന ഭക്തരുടെ ക്യൂ നീണ്ടുകൊണ്ടിരുന്നു. അത് പടിഞ്ഞാറെ നടപ്പുര കവിഞ്ഞ് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റിന്റെ പിന്‍ഭാഗം വരെ എത്തി. വീണ്ടും വീണ്ടും ഭക്തര്‍ എത്താന്‍ തുടങ്ങിയതോടെ സെക്യൂരിറ്റി ഉച്ചയ്ക്ക് 12.30ന് ക്യൂ അവസാനിപ്പിച്ചു. ശേഷം വന്നവരോട് ഉച്ചയ്ക്ക് മൂന്നരയ്ക്ക് ശേഷം വരാന്‍ ആവശ്യപ്പെട്ടു.
ഉച്ചയ്ക്ക് രണ്ടേമുക്കാല്‍ മണിയ്ക്ക് അടച്ച നട അരമണിയ്ക്കൂര്‍ കഴിഞ്ഞ് വീണ്ടും മൂന്നരയ്ക്ക് തുറന്നു. ഞായറാഴ്ച 47 വിവാഹവും 822 ചോറൂണും നടന്നു.
നെയ് വിളക്ക് വഴിപാടായി ഞായറാഴ്ച കിട്ടിയത് 28 ലക്ഷം; ഞായറാഴ്ച മൊത്തം വരുമാനം 75 ലക്ഷം രൂപ
പൊതു അവധി ദിവസങ്ങളില്‍ തിരക്ക് നിയന്ത്രിക്കാന്‍ വേണ്ടി ദേവസ്വം അധികൃതര്‍ വിഐപി ദര്‍ശനം അവസാനിപ്പിച്ചിരിക്കുകയാണ്. ഇതോടെ നെയ് വിളക്ക് ശീട്ടാക്കി പ്രത്യേക ദര്‍ശനത്തിനുള്ളവരുടെ തിരക്ക് വര്‍ധിച്ചു. ഞായറാഴ്ച നെയ് വിളക്കിനത്തില് ലഭിച്ചത് 28 ലക്ഷം രൂപ. ആയിരം രൂപയുടെ നെയ് വിളക്ക് ശീട്ടാക്കിയത് ഏകദേശം 2000 പേര്. 4500 രൂപയുടെ വഴിപാട് ഏകദേശം 200ഓളം പേര് ചെയ്തു. പൊതു അവധിദിവസങ്ങളില്‍ രാവിലെ ആറര മുതല്‍ ഉചയ്ക്ക് രണ്ടര വരെയാണ് വിഐപി ദര്‍ശനം ഒഴിവാക്കിയിരിക്കുന്നത്. ഞായറാഴ്ച മാത്രം വഴിപാടില്‍ നിന്നും വിവാഹത്തില്‍ നിന്നും മറ്റുമായി ക്ഷേത്രത്തിന് ലഭിച്ചത് 75 ലക്ഷം രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: