തിരുവനന്തപുരം: ഏരിയ സെക്രട്ടറിയെ കൗണ്‍സിലറാക്കാന്‍ കോളേജില്‍ എസ്എഫ്ഐയുടെ ആള്‍മാറാട്ടം. കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച പെണ്‍കുട്ടിക്കു പകരം സംഘടനാനേതാവായ ആണ്‍കുട്ടിയുടെ പേരു ചേര്‍ത്താണ് എസ്എഫ്ഐയുടെ നേതൃത്വത്തില്‍ ആള്‍മാറാട്ടം. സര്‍വ്വകലാശാല യൂണിയന്റെ നേതൃത്വത്തില്‍ നേതാവിനെ എത്തിക്കുകയായിരുന്നു ലക്ഷ്യം.
കേരള യൂണിവേഴ്സിറ്റിക്കു കീഴിലുള്ള കാട്ടാക്കട ക്രിസ്ത്യന്‍ കോളജിലാണു സംഭവം. ഡിസംബര്‍ 12നു നടന്ന കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ യൂണിവേഴ്സിറ്റി യൂണിയന് കൗണ്‍സിലര്‍ (യുയുസി) സ്ഥാനത്തേക്ക് എസ്എഫ്ഐ പാനലിലെ ആരോമലും അനഘയും ജയിച്ചു.എന്നാല്‍, കൗണ്‍സിലര്‍മാരുടെ പേരുകള്‍ കോളജില്‍നിന്നു യൂണിവേഴ്സിറ്റിയിലേക്കു നല്കിയപ്പോള് അനഘയ്ക്കു പകരം കോളജിലെ ഒന്നാം വര്‍ഷ ബിഎസ് സി വിദ്യാര്‍ഥി എ.വിശാഖിന്റെ പേരാണ്. എസ്എഫ്ഐ കാട്ടാക്കട ഏരിയ സെക്രട്ടറിയാണു വിശാഖ്. കോളജ് യൂണിയന് തിരഞ്ഞെടുപ്പില്‍ വിശാഖ് മത്സരിച്ചിരുന്നില്ല. വിശാഖിനെ കേരള സര്‍വകലാശാലാ യൂണിയന് ചെയര്മാന് പദവിയില്‍ എത്തിക്കാന്‍ വേണ്ടിയാണ് കോളജ് തലത്തില്‍ കൃത്രിമം കാട്ടിയതെന്നാണു വിവരം. 26നാണു സര്‍വകലാശാല യൂണിയന് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ്.
സിപിഎമ്മിലെയും എസ്എഫ്ഐയിലെയും ചില നേതാക്കളുടെ സമ്മര്‍ദത്തിന്റെ പുറത്താണ് ക്രമക്കേടു നടത്തിയതെന്നാണ് വിവരം. യുയുസി ആയി ജയിച്ച പെണ്‍കുട്ടി രാജിസന്നദ്ധത അറിയിച്ചതുകൊണ്ടാണു മറ്റൊരാളെ നിര്‍ദേശിച്ചതെന്നു കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജി.ജെ.ഷൈജു വിശദീകരിക്കുന്നതെങ്കിലും ഇത് നിയമവിധേയമല്ല. സിപിഎമ്മിന്റെ സംസ്ഥാന, ജില്ലാ നേതൃത്വങ്ങള്‍ക്കും കേരള യൂണിവേഴ്സിറ്റിക്കും ആള്‍മാറാട്ടം സംബന്ധിച്ച പരാതി കിട്ടിയിട്ടുണ്ട്. വിഷയത്തില്‍ യൂണിവേഴ്സിറ്റി കോളേജ് അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: