ശിവാ കൈലാസ്
തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ പട്ടത്ത് സ്ഥിതി ചെയ്യുന്ന മഹാക്ഷേത്രമാണ് മാങ്കുളം ശ്രീ പരാശക്തി ദേവി ക്ഷേത്രം. ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ആചാര്യശ്രീ ആനന്ദ് നായര്‍ യാഗബ്രഹ്മനും, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രതന്ത്രി ഡോ.രാമചന്ദ്ര അഡിഖ മുഖ്യകാര്‍മ്മികനുമായി മഹാകാലേശ്വരയാഗം നടക്കുകയാണ്. നൂറ്റാണ്ടിലെ മഹായാഗത്തിന്റെ പുണ്യമാണ് കഴിഞ്ഞ 10 രാപ്പകലുകളിലായി അനന്തപുരി ഏറ്റുവാങ്ങിയത്. തീവ്രതയാര്‍ന്ന പൂജാവിധികളില്‍ ഒന്നാണ് കാലേശ്വരയാഗം. ഭഗവാന് ശ്രീപരമേശ്വരന്റെ വിവിധ ഭാവങ്ങളെ പ്രീതിപ്പെടുത്തിയാണ് യാഗശാല സംപൂര്ണതയില് എത്തുന്നത്.
യാഗമഹത്വം
അമ്മയെ പോലെ നിലകൊള്ളുകയും പ്രകൃതിയേയും ഭക്തരേയും സംരക്ഷിക്കുകയും ചെയ്യുന്ന ദേവിക്ക് മുന്നിലുള്ള ഹവന കുണ്ഠത്തിലെ അഗ്നിയില്‍ ഭക്തര്‍ ആവലാതികള്‍ പൂജാ വസ്തുക്കളായി സമര്‍പ്പിച്ചാണ് മടങ്ങുന്നത്. ഓരോ ഭക്തന്റെയും ആവലാതികള്‍ വിശുദ്ധാഗ്നിയില് എരിഞ്ഞടങ്ങും. സമസ്ത ലോകത്തിന്റേയും ശാന്തിയും പിതൃമോക്ഷവുമാണ് മഹാകാലേശ്വരയാഗം ലക്ഷ്യമിടുന്നത്.
വേദ വിധിപ്രകാരങ്ങളില് അല്പംപോലും വ്യതിചലിക്കാത്ത വസൂര്ധാരയും ഭസ്മാരതിയും ശനീശ്വരഹവനവും ഉള്‍പ്പടെ വിവിധങ്ങളായ പൂജകളാണ് നടന്നത്. ക്ഷേത്രവും ക്ഷേത്ര പരിസരവും മന്ത്രങ്ങളാല്‍ പാവനമായി. യാഗധൂപത്താല് മണ്ണും വിണ്ണും വിശുദ്ധമായ കാഴ്ച. മാങ്കുളം പരാശക്തി ദേവിയുടെ മുന്നില്‍ തൊഴുത് പൂജാദ്രവ്യങ്ങള്‍ വാങ്ങി യാഗകുണ്ഠത്തില്‍ അര്‍പ്പിച്ച് ഭക്തലക്ഷങ്ങള്‍ സായുജ്യരായി.
ക്ഷേത്ര ഐതിഹ്യം
ഒരിക്കല്‍ പോലും പൂജകള്‍ ചെയ്തിട്ടില്ലാത്ത, മന്ത്രങ്ങള്‍ ചൊല്ലിയിട്ടില്ലാത്ത, തമിഴ് സംസാരിച്ചിട്ടില്ലാത്ത, സാധാരണക്കാരനായ ഒരാള്‍ കൊടുങ്ങല്ലൂര്‍ ദേവിയെ തൊഴുതിട്ട് വരുന്ന വഴിയില്‍ കണ്ട, നിലാവ് പോലെ പുഞ്ചിരിക്കുന്ന വൃദ്ധയില്‍ നിന്ന് കിട്ടിയ അനുഗ്രഹവുമായി വീട്ടിലെത്തി. അന്നു മുതല്‍ അയാള്‍ തമിഴില്‍ സംസാരിക്കാനും മന്ത്രങ്ങള്‍ ചൊല്ലാനും പൂജകള്‍ ചെയ്യാനും തുടങ്ങി.
ഇതെല്ലാം കണ്ട് വീട്ടിലുള്ളവരും നാട്ടിലുള്ളവരും ആദ്യം അമ്പരന്നെങ്കിലും പിന്നീട് അയാളുടെ അനുഗ്രഹം തേടാന്‍ വരി നിന്നു. കണ്ടറിഞ്ഞവരുടെ അനുഭവങ്ങള്‍ കേട്ടറിഞ്ഞവരിലൂടെ ദേശങ്ങള്‍ കടന്നും ചെന്നു. ദൂരദേശത്ത് നിന്നു പോലും ഭക്തരെത്താന്‍ തുടങ്ങിയതോടെ മാങ്കുളം ശ്രീ പരാശക്തി ദേവിയുടെ ശക്തിയില്‍ അഭയം തേടുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ ഉയര്‍ന്നു. വിദ്യാഭ്യാസ പ്രശ്നങ്ങള്‍, മാനസിക പ്രശ്നങ്ങള്‍, കുടുംബ പ്രശ്നങ്ങള്‍,ആരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങി പ്രശ്നങ്ങളില്‍ പെട്ടുഴലുന്നവര്ക്കുള്ള ആത്മീയ പരിഹാരമാണ് ഇന്ന് മാങ്കുളം ശ്രീ പരാശക്തി ദേവീ ക്ഷേത്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: