ന്യൂദല്‍ഹി: കര്‍ണാടകയില്‍ പുതിയ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള അന്തിമ വട്ട ചര്‍ച്ചകള്‍ തുടരുന്നു. മുഖ്യമന്ത്രി പദം ആഗ്രഹിക്കുന്ന സിദ്ധരാമയ്യയും ഡി കെ ശിവകുമാറും കൂടുതല്‍ കൂടിയാലോചനകള്‍ക്കായി രാജ്യതലസ്ഥാനത്താണ്.പാര്‍ട്ടി ഹൈക്കമാന്‍ഡ് വിളിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച ഉച്ചയോടെയാണ് ശിവകുമാര്‍ ദല്‍ഹിയിലെത്തിയത്. സിദ്ധരാമയ്യ ഇന്നലെ തന്നെ ദല്‍ഹിയിലെത്തിയിരുന്നു.
കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വ്യക്തമായ ജനവിധി ലഭിച്ചിട്ടും മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. 224 അംഗ കര്‍ണാടക നിയമസഭയില്‍ 135 സീറ്റുകളാണ് കോണ്‍ഗ്രസ് നേടിയത്. കര്‍ണാടകയില്‍ പാര്‍ട്ടിയുടെ കേന്ദ്ര നിരീക്ഷകര്‍ ഇന്നലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎല്‍എമാരുടെ അഭിപ്രായം അറിയിച്ചിരുന്നു. അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഖാര്‍ഗെ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി ആലോചിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.
കോണ്‍ഗ്രസ് നിയമസഭാ കക്ഷി ഞായറാഴ്ച വൈകുന്നേരം ബെംഗളൂരുവില്‍ യോഗം ചേര്‍ന്ന് നിയമസഭാ കക്ഷിയുടെ തലവനെ തിരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ അധികാരപ്പെടുത്തുന്ന ഒറ്റവരി പ്രമേയം പാസാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: