കൊല്ലം : ഡോ. വന്ദന ദാസ് കൊലക്കേസിലെ പ്രതി സന്ദീപിനെ അഞ്ച് ദിവസത്തേക്ക് ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് വൈദ്യ സഹായം നൽകണമെന്ന് കോടതി നിർദ്ദേശിച്ചു. തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്നും പ്രതിയെ കസ്റ്റഡിയിൽ വിടണമെന്നുമുള്ള ക്രൈംബ്രാഞ്ച് ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
ഒന്നിടവിട്ട ദിവസങ്ങളിൽ 15 മിനിറ്റ് അന്വേഷണ ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിൽ അഭിഭാഷകന് പ്രതിയെ കാണാമെന്നും കോടതി വ്യക്തമാക്കി. പ്രതിയുടെ മാനസിക സ്ഥിതി പരിശോധിക്കേണ്ടതുണ്ടെന്നും അതിനാൽ കസ്റ്റഡിയിൽ വേണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. പ്രോസിക്യൂഷന്റെ ഈ വാദം അംഗീകരിച്ചാണ് കോടതി നടപടി. സംഭവ ദിവസത്തെ സിസിടിവി ദ്യശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്ക്കുകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു.
പുലർച്ചെ ആശുപത്രിയിലെത്തിയ സന്ദീപ് വന്ദനാ ദാസിനെ കുത്തി കൊലപ്പെടുത്തുന്നതിന് മുമ്പുള്ള ദൃശ്യങ്ങളാണ് ക്രൈംബ്രാഞ്ച് സംഘം ശേഖരിച്ചത്. കൊലപാതകം നടന്ന ദിവസവും തലേ ദിവസവും പ്രതിയായ സന്ദീപിനെ കണ്ടവരില്‍നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പ്രതിയെ മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരാക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂരാണ് കോടതിയിൽ ഹാജരായത്. സന്ദീപിന്റെ ഇടതുകാലിന് പരിക്കുണ്ട്. യൂറിനറി ഇൻഫക്ഷൻ ഉണ്ട്. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കണം. ശാരീരിക പ്രശ്നങ്ങൾ കണക്കിലെടുത്ത് കസ്റ്റഡിയിൽ കൊടുക്കരുതെന്നും അഡ്വ. ആളുർ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. എഡിജിപി എം.ആര്‍ അജിത്കുമാര്‍ എല്ലാദിവസവും ഓണ്‍ലൈനില്‍ യോഗം ചേര്‍ന്ന് അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. ഐജി സ്പര്‍ജന്‍കുമാര്‍, ഡിഐജി ആര്‍ നിശാന്തിനി, എസ്പി എം എന്‍ സുനില്‍, അഡീഷണല്‍ എസ്പി സന്തോഷ്കുമാര്‍ എന്നിവരുടെ മേൽ നോട്ടത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: