പത്തനംതിട്ട: ശബരിമല പൊന്നമ്പലമേട്ടില്‍ തമിഴ്നാട് സ്വദേശികളുടെ അനധികൃത പൂജ. നാരായണന് സ്വാമി എന്നയാളുടെ നേതൃത്വത്തില്‍ അഞ്ചംഗ സംഘം പൂജ നടത്തിയതിന്റെ ദൃശ്യങ്ങള്‍ ചാനലിലൂടെ പുറത്തുവന്നു. മകരവിളക്ക് തെളിക്കുന്ന സ്ഥലമായ പൊന്നമ്പലമേട്, ശബരിമല സന്നിധാനത്തിന്റെ മൂലസ്ഥാനം എന്നാണ് വിശ്വാസം. അതീവസുരക്ഷാ മേഖലയിലാണ് പൊന്നമ്പലമേട് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്ന് നോക്കിയാല്‍ ശബരിമല സന്നിധാനം കാണാനാകും. വനംവകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ പ്രദേശം. വനം വകുപ്പും പൊലീസും അറിയാതെ പൊന്നമ്പലമേട്ടിലേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ ആകില്ല. അതിനാല്‍ അതീവ സുരക്ഷ മേഖലയില്‍ നാരായണന് സ്വാമിയും കൂടെ അഞ്ചു പേരും എത്തിയത് എങ്ങനെയെന്നത് ദുരൂഹമാണ്.
പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിലാണ് നാരായണന് സ്വാമിക്കെതിരേ കേസ് എടുത്തത്. അനധികൃതമായി വനത്തില്‍ കയറിയതിനാണ് കേസെടുത്തിരിക്കുന്നത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ പൊന്നമ്പലമേട്ടില്‍ എത്തി പൂജ നടത്തിയത്. ശബരിമലയില്‍ മുമ്പ് കീഴ്ശാന്തിയുടെ സഹായിയായിരുന്നു നാരായണന് എന്നാണ് വിവരം. അതേസമയം സംഭവത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന് അടിയന്തിര റിപ്പോര്‍ട്ട് തേടി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കമീഷണറോട് ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രി ആവശ്യപ്പെട്ടത്. സംഭവം വിശദമായ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് വനം വകുപ്പ് മേധാവിക്കും പോലീസ് മേധാവിക്കും പരാതി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: