പി ജി ബിജുകുമാര്‍
പിണറായി വിജയന് നേതൃത്വം നല്കുന്ന സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന നേട്ടമായി പറയുന്നത് വെള്ളൂരിലെ പത്രകടലാസ് നിര്‍മ്മാണശാലയായ കെപിപിഎല്‍ ആണല്ലോ. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായിരുന്ന ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ് ഏറ്റെടുത്ത് കേരള പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ് ആക്കിയതില്‍ മുഖ്യമന്ത്രി മുതല്‍ സാദാ സിപിഎം പ്രവര്ത്തകന് വരെ ഊറ്റം കൊണ്ടിരുന്നു. കേന്ദ്രസര്‍ക്കാര്‍ വിറ്റ് തുലയ്ക്കാന്‍ തീരുമാനിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്തു സംരക്ഷിച്ചു. ഇതാണ് ഇടതുബദല്‍ എന്നതായിരുന്നു പ്രചരണം. ഈ പ്രചരണം സംസ്ഥാനത്തെ ചില മാധ്യമങ്ങളും ഏറ്റെടുത്തിരുന്നു.
1980-82 കാലഘട്ടത്തിലാണ് കേന്ദ്രപൊതുമേഖലയിലുള്ള ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് കോര്‍പ്പറേഷന്റെ (HPC) ഒരു യൂണിറ്റായി എച്ച്എന്‍എല്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ജര്‍മ്മനി ആസ്ഥാനമായ വോയ്ത്ത് എന്ന കമ്പനിയാണ് യന്ത്രങ്ങള്‍ ഇവിടെ സ്ഥാച്ചത്. ഇതിനായി വൈക്കം താലൂക്കില്‍ വെള്ളൂര്‍ വില്ലേജില്‍ 700 ഏക്കര്‍ സ്ഥലം ഏറ്റെടുത്തു. ഇതില്‍ 100 ഏക്കറില്‍ ഫാക്ടറിയും മറ്റൊരു 100 ഏക്കറില്‍ ജീവനക്കാര്‍ക്കായുള്ള ക്വാര്‍ട്ടേഴ്സും സ്ഥാപിച്ചു. ബാക്കി സ്ഥലം തരിശായി കിടക്കുകയാണ്.
പ്രതിവര്‍ഷം ഒരു ലക്ഷം ടണ്‍ ന്യൂസ് പേപ്പര്‍ എന്നതായിരുന്നു ഉല്പാദന ലക്ഷ്യം. രണ്ടായിരത്തോളം സ്ഥിരം ജീവനക്കാരും അത്രതന്നെ കരാര്‍ ജീവനക്കാരും ഇവിടെ ജോലി ചെയ്തിരുന്നു. തുടക്കം മുതല്‍ കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ അഴിമതിയും കെടുകാര്യസ്ഥതയും ഉണ്ടായിരുന്നുവെങ്കിലും വന്‍ലാഭം കൈവരിച്ചിരുന്നു. എന്നാല്‍ ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്താനൊ, റൈറ്റിംഗ് പേപ്പര്‍ പോലെ ഇതേ ചെലവില്‍ കുടുതല്‍ ലാഭകരമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനൊ മാനേജ്മെന്റൊ അതിന് പ്രേരണ നല്കാന് ട്രേഡ് യൂണിയനുകളൊ ഒട്ടും താല്പര്യം കാണിച്ചില്ല. ഭരണ നിര്‍വഹണത്തിലെ കെടുകാര്യസ്ഥത തുടര്‍ന്നതോടെ കമ്പനിയുടെ ലാഭത്തിന്റെ ഗ്രാഫ് താഴ്ന്നു തുടങ്ങി.
ആധുനിക വല്‍ക്കരണം നടന്നത് വാജ്പേയ് സര്‍ക്കാരിന്റെ കാലത്ത്
ന്യൂസ് പ്രിന്റ് നിര്‍മാണത്തിന് പുറമെ പുതിയ മേഖലകളിലേക്ക് കമ്പനി പ്രവേശിക്കണമെന്ന് സാങ്കേതിക വിദഗ്ധരില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നതോടെ അടല്‍ ബിഹാരി വാജ്പേയ് സര്‍ക്കാര്‍ ഡിസൈന്‍ ഇന്‍ഗിംഗ് പ്ലാന്റ് അനുവദിച്ചു. കേന്ദ്ര സര്‍ക്കാര്‍ നല്കിയ 60 കോടി ചെലവഴിച്ച് സ്ഥാപിച്ച ഡിസൈന്‍ ഇന്‍ഗിംഗ് പ്ലാന്റാണ് എച്ച്എന്‍എല്‍ എന്ന സ്ഥാപനത്തില്‍ നടന്ന ഏക ആധുനിക വല്‍ക്കരണം. 1.5 ലക്ഷം ടണ്‍ ഈറ്റ, മുള, മറ്റ് പള്‍പ്പ് വുഡ്, 40,000 വേസ്റ്റ് പേപ്പറും ഏതാണ്ട് 50,000 ടണ്‍ മെറിക്ക് ക്ലോറൈഡ് അടക്കമുള്ള രാസവസ്തുക്കളും പ്രതിവര്‍ഷം ഇവിടെ ആവശ്യമാണ്. ആവശ്യമായ ഈറ്റ അടക്കമുള്ള അസംസ്കൃത വസ്തുക്കള്‍ സംസ്ഥാന വനംവകുപ്പ് സബ്സിഡി നിരക്കിലാണ് നല്കിവന്നത്. രണ്ടായിരത്തിന്റെ ആരംഭകാലംവരെ വലിയ ലാഭത്തിലായിരുന്നു ഈ സ്ഥാപനം. കൊടിയ അഴിമതി യും ധൂര്‍ത്തും കെടുകാര്യസ്ഥതയും ആഴത്തില്‍ പടര്‍ന്നതും, പുതിയ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇതിലും കുറഞ്ഞ ചെലവില്‍ സ്വകാര്യ സംരംഭകര്‍ ന്യൂസ് പ്രിന്റ് ഉല്പാദനം ആരംഭിച്ചതും എച്ച്എന്‍എല്ലിന് വിനാശകരമായി. പിന്നീട് സ്ഥാപനം തുടച്ചയായി നഷ്ടത്തിലേക്ക് എത്തുകയായിരുന്നു.
തുടര്‍ച്ചയായി നിരവധി വര്‍ഷം മലിനീകരണ നിയന്ത്രണ, പ്രകൃതി സൗഹൃദ സംരംഭം എന്ന നിലയില്‍ ഐഎസ്ഒ അംഗീകാരം നേടിയിരുന്ന കമ്പനിക്കെതിരെ മലിനീകരണത്തിന്റെ പേരില്‍ പരാതികളും ഉയരാന്‍ തുടങ്ങി. മൂവറ്റുപുഴയാറ്റിലും സമീപ കൃഷിയിടങ്ങളിലും അനിയന്ത്രിത മലിനീകരണം ഉണ്ടാകുന്നതായാണ് പരാതികള്‍ വന്നത്. ഉത് സംബന്ധിച്ച് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് നടത്തിയ പരിശോധനയില്‍ ഗുരുതരമായ മലിനീകരണ പ്രശ്നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 2018 ജൂലൈ 16ന് സ്റ്റോപ്പ് മെമ്മോ നല്കി കമ്പനിയില്‍ നിന്നുള്ള ഉല്പാദനം നിര്‍ത്തിവയ്പ്പിച്ചു. ബോര്‍ഡിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 31ന് പ്രവര്‍ത്തനാനുമതി ലഭിച്ചു. അപ്പോഴേക്കും വലിയ സാമ്പത്തിക പ്രതിസന്ധിയിലായി ഈ സ്ഥാപനം. പണം കമ്പനി മാനേജ്മെന്റ് തന്നെ കണ്ടെത്തി ഉല്പാദനം ആരംഭിക്കണമെന്ന നിര്‍ദ്ദേശം കേന്ദ്രസര്‍ക്കാര്‍ മുനോട്ടുവച്ചു. എന്നാല്‍ മാനേജ്മെന്റ് ഇക്കാര്യത്തില്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടു. കമ്പനി അടച്ചു പൂട്ടുന്ന സ്ഥിതിയായി.
ഇതോടെ കമ്പനിയുടെ ഓഹരി വില്ക്കുകയോ ഉല്പാദന-വിപണന ചുമതല സ്വകാര്യ സംരംഭകരെ ഏല്‍പ്പിക്കുകയോ ചെയ്യാമെന്ന ആശയം കേന്ദ്രം മുന്നോട്ടു വച്ചു. മുഴുവന്‍ തൊഴിലാളികളുടെയും തൊഴില്‍ സ്ഥിരതയും ശമ്പള കുടിശിക അടക്കമുള്ള ആനുകൂല്യങ്ങളും ഉറപ്പും നല്കി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചുകൊണ്ട് സ്ഥാപനം ഏറ്റെടുക്കാന്‍ സംരംഭകര്‍ തയ്യാറായിവന്നു. എന്നാല്‍ അവരെ ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കുന്ന നയങ്ങളാണ് തൊഴിലാളി സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടായത്. കമ്പനി പൂട്ടിപ്പോകാതിരിക്കാന്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ച നിര്‍ദ്ദേശം തൊഴിലാളി താല്പര്യങ്ങള്ക്ക് എതിരാണെന്ന് പ്രഖ്യാപിച്ച് സിഐടിയു, ഐഎന്‍ടിയുസി തുടങ്ങിയ ട്രേഡ് യൂണിയനുകളും, അവരേക്കാള്‍ ആവേശത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തുവന്നു. എച്ച്എന്‍എല്‍ ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ലേല നടപടികളുമായി മുന്നോട്ടുപോയ കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനും ലേലത്തില്‍ പങ്കെടുക്കാന്‍ അവസരം നല്കി. സ്വകാര്യ സംരംഭകര്‍ക്കെതിരെ ഭീഷണിയുമായി സംസ്ഥാന മുഖ്യമന്ത്രി തന്നെ രംഗത്തു വന്നതോടെ താല്പര്യം പ്രകടിപ്പിച്ച വന്‍കിട സംരംഭകര്‍ പിന്മാറി. അതോടെ സംസ്ഥാന സര്‍ക്കാരിന്റെ ഏജന്‍സിയായ കിന്‍ഫ്രയ്ക്ക് കമ്പനിയുടെ ഉടമസ്ഥത ലഭിച്ചു.
തൊഴിലാളികള്‍ വഞ്ചിക്കപ്പെട്ടു
2021 ആഗസ്റ്റ് മാസത്തില്‍ കേവലം 142 കോടി രൂപക്ക് എച്ച്എന്‍എല്‍ എന്ന കേന്ദ്ര പൊതുമേഖലാസ്ഥാപനം സംസ്ഥാന സര്‍ക്കാര്‍ ഏജന്‍സിയായ കിന്‍ഫ്ര ഏറ്റെടുത്തു. സംസ്ഥാന വ്യവസായ വകുപ്പ് സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ചെയര്‍മാനും കിന്‍ഫ്രയുടെ എംഡി സന്തോഷ് കോശി, വ്യവസായ വകുപ്പ് അഡീഷനല്‍ സെക്രട്ടറി എം.മാലതി എന്നിവര്‍ അംഗങ്ങളുമായ ഒരു ബോര്‍ഡിന്റെ കീഴില്‍ ഹിന്ദുസ്ഥാന്‍ ന്യൂസ് പ്രിന്റ് ലിമിറ്റഡ്-എച്ച്എന്‍എല്‍, കേരളാ പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ് എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു.
ഈ നടപടിയില്‍ സ്വാഭാവികമായും തൊഴിലാളികള്‍ ഏറെ സന്തോഷത്തിലായി. 30 മാസമായി ലഭിക്കാത്ത ശമ്പളം, ഈ കാലഘട്ടത്തില്‍ പിരിഞ്ഞുപോയവര്‍ക്ക് ആനുകൂല്യങ്ങള്‍ എല്ലാം ഉടന്‍ ലഭിക്കുമെന്ന് പ്രതീക്ഷ നല്കപ്പെട്ടു. ലേബര്‍ സപ്ലെ കോണ്ട്രാക്ടര് ആയിരുന്ന എച്ച്എന്‍എല്‍ എംപ്ലോയീസ് കോ-ഓപറേറ്റീവ് സൊസൈറ്റി അടക്കമുള്ള കരാറുകാര്‍ അവരുടെ കുടിശിക തുക ലഭിക്കുമെന്ന പ്രതീക്ഷയിലുമായിരുന്നു. എന്നാല്‍ അധികം താമസിയാതെ തന്നെ വ്യവസായ മന്ത്രി പി. രാജീവിന്റെ പ്രസ്താവന വന്നു. ‘ഈ സ്ഥാപനം ഏറ്റെടുത്തത് തൊഴിലാളികള്‍ക്ക് വേണ്ടിയല്ല, ശമ്പള കുടിശികയുടെ 35% മാത്രമേ നല്കു. മറ്റൊരു ആനുകൂല്യവും നല്‍കില്ല. ജോലിചെയ്യുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. സ്ഥിരപ്പെടുത്തുന്ന കാര്യം പിന്നീട് ആലോചിക്കാം’.
ഗ്രാറ്റുവിറ്റി ജീവനക്കാരുടെ അവകാശമാണെന്ന് കോട്ടയം ജില്ലയിലെ മറ്റൊരു സംസ്ഥാന പൊതുമേഖല സ്ഥാപനമായ ട്രാവന്‍കൂര്‍ സിമന്റ്സ് നല്കിയ ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി വ്യക്തമാക്കിയതാണ്. ഇവിടെ തൊഴിലാളിക്ക് അതും നിഷേധിക്കാനാണ് കേരളാ പേപ്പര്‍ പ്രോഡക്ട് ലിമിറ്റഡ് തീരുമാനം. ഇതിനെതിരെ ഏതാനും തൊഴിലാളികള്‍ എന്‍സിഎല്‍എ ട്രിബ്യൂണലിനെ സമീപിച്ചു. അനുകൂല വിധിയും നേടി. എന്നിട്ടും കമ്പനി മാനേജ്മെന്റൊ സംസ്ഥാന സര്‍ക്കാരൊ അനങ്ങുന്നില്ല.
ഈ സ്ഥാപനത്തില്‍ അംഗീകാരമുള്ളത് മൂന്ന് യൂണിയനുകളാണ്. സിഐടിയു, ആര്. ചന്ദ്രശേഖരന് നേതൃത്വം നല്കുന്ന ഐഎന്‍ടിയുസി, ഉമ്മന്‍ചാണ്ടിയുടെ നേതൃത്വം അംഗീകരിക്കുന്ന അസോസിയേഷന് എന്നിവയാണ് അത്. ഈ യൂണിയനുകളുടെ ഇപ്പോഴത്തെ അവസ്ഥ ദയനീയമാണ്. സ്ഥാപനം നേരിടുന്ന പ്രശനങ്ങളോ, തൊഴില്‍ പ്രശനങ്ങളൊ കമ്പനിയുടെ എംഡി യുടെ മുമ്പില്‍ അവതരിപ്പിക്കാന്‍ പോലും കഴിയുന്നില്ല. മൂന്ന് ഷിഫ്റ്റ് പ്രവര്‍ത്തിക്കുന്ന കമ്പനിയില്‍ നിലവില്‍ മതിയായ ജീവനക്കാരില്ല. ഉള്ളതൊഴിലാളികള് മൂന്നും നാലും ഷിഫ്റ്റ് തുടര്‍ച്ചയായി പ്രതിഫലമില്ലാതെ ജോലി ചെയ്യേണ്ടിവരുന്നു. ഉദ്ഘാടനം കഴിഞ്ഞ് ഒരു വര്‍ഷമായിട്ടും സ്ഥിര നിയമനം നല്‍കിയിട്ടില്ല. ഗൗരവതരമായ കാര്യങ്ങള്‍ കേവലം സ്പെഷ്യല്‍ ഓഫീസറോട് പറയുക, സര്‍ക്കാരുമായി ചര്‍ച്ച ചെയ്ത് വവിരം അറിയിക്കാമെന്ന അദ്ദേഹത്തിന്റെ മറുപടി വാട്ട്സ്ആപ് ഗ്രൂപ്പിലൂടെ പ്രചരണം നടത്തുക എന്നതാണ് ഇപ്പോഴത്തെ യൂണിയന് പ്രവര്‍ത്തനം. കഴിഞ്ഞ ഏപ്രില്‍ മാസം തൊഴിലാളികളെ സ്ഥിരപ്പെടുത്താമെന്ന് വ്യവസായമന്ത്രി പ്രഖ്യാപിച്ചു. എന്നാല്‍ സ്പെഷ്യല്‍ ഓഫീസര്‍ യൂണിയന് നേതാക്കളോട് പറഞ്ഞത് സര്‍ക്കാര്‍ പഠനം പൂര്ത്തിയായിട്ടില്ലന്നാണ്. പുതുതായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പേഴ്സണല്‍ മാനേജ്മെന്റ്, കേരള പ്രോഡക്റ്റിവിറ്റി കൗണ്‍സില്‍ എന്നീ ഏജന്‍സികളെ വീണ്ടും പഠിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുകയാണ്, മൂന്ന് മാസത്തിനകം അവര്‍ റിപ്പോര്‍ട്ട് നല്‍കും. ജീവനക്കാരുടെ എണ്ണം വര്ദ്ധിപ്പിക്കുന്നകാര്യവും സ്ഥിരപ്പെടുത്തല്‍ കാര്യങ്ങളും അതിനുശേഷമെ പരിഗണിക്കു.
എച്ച്എന്‍എല്‍ തകര്‍ക്കപ്പെട്ടത് അഴിമതി മൂലം
എച്ച്എന്‍എല്‍ തകര്‍ക്കപ്പെട്ടത് മാനേജ്മെന്റുംഅംഗീകൃത യൂണിയനുകളും ചേര്‍ന്ന് നടത്തിയ അഴിമതിയിലൂടെയാണ്. ഓട്ടോറിക്ഷയില്‍ 10 ടണ്‍ ഈറ്റ കൊണ്ടുവന്നുവെന്നുവരെ രേഖയുണ്ടാക്കി പണം കൈപ്പറ്റിയ ചരിത്രമുണ്ടിവിടെ. ഉപയോഗയോഗ്യമല്ലന്ന് ലാബ് റിപ്പോര്‍ട്ട് കിട്ടിയ കല്‍ക്കരി ഇറക്കുമതി ചെയ്തു. സംസ്ഥാന സര്‍ക്കാര്‍ സബ്സിഡി നിരക്കില്‍ നല്കുന്ന അക്വേഷ്യ, യൂക്കാലിപ്റ്റ്സ് തുടങ്ങിയവ മറിച്ചു വിറ്റു. ഇപ്പോള്‍ മുമ്പത്തേതിലും വലിയ കൊള്ളയാണ് കെപിപിഎല്‍ പേരില്‍ നടക്കുന്നത്. നേരത്തെ ഇതൊക്കെ പരിശോധിക്കാന്‍ സംവിധാനം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോള്‍ അതുമില്ല. ഇവിടെ കൊണ്ടുവരുന്ന രാസ പദാര്‍ഥങ്ങളുടെ ഗുണനിലവാരം പരിശോധിക്കാന്‍ ഉണ്ടായിരുന്ന ലാബ് പ്രവര്‍ത്തിക്കുന്നില്ല. സാധനങ്ങളുടെ തൂക്കം രേഖപ്പെടുത്താന്‍ സംവിധാനമില്ല. ഓരൊ സാധനവും എത്ര കോണ്ടുവന്നു എത്ര ഉപയോഗിച്ചുവെന്നതിന് കണക്കില്ല. ഫെറിക്ക്ക്ലോറൈഡെന്ന് പറഞ്ഞ് വന്ന ടാങ്കര്‍ ലോറിയില്‍ കൊണ്ടുവന്നത് പകുതിയും വെള്ളമായിരുന്നുവെന്ന് തൊഴിലാളി കള്‍ തന്നെ അടക്കംപറയുന്നു. തട്ടിപ്പുകാരാണെന്ന് മാനേജ്മെന്റിന് ബോധ്യപ്പെട്ട കരാറുകാര്‍ പോലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഇപ്പോഴും തുടരുകയാണ്. കേന്ദ്ര സര്‍ക്കാറിനെ കൊച്ചാക്കി വീമ്പു പറയാന്‍ ഉയര്‍ത്തി കാണിച്ചിരുന്ന കെപിപിഎല്‍ ഇപ്പോള്‍ സംസ്ഥാന സര്‍ക്കാറിന് പൊതിയാതേങ്ങയായി മാറിയിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: