ന്യൂദല്‍ഹി: നഷ്ടപ്പെട്ടതോ മോഷണം പോയതോ ആയ മൊബൈല്‍ ഫോണുകള്‍ ബ്ലോക്ക് ചെയ്യാനും ട്രാക്ക് ചെയ്യാനുമായി കേന്ദ്ര സര്ക്കാന് രാജ്യവ്യാപകമായി പുതിയ സംവിധാനമാരംഭിക്കുന്നു. മൊബൈല്‍ ഫോണുകള്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ടെലികോം ഡിപ്പാര്‍ട്ട്മെന്റ് പ്രവര്‍ത്തനസജ്ജമാക്കിയിരിക്കുന്ന സേവനമാണ് സെന്‍ട്രല്‍ എക്യുപ്മെന്റ് ഐഡന്റിറ്റി രജിസ്ട്രി (സിഇഐആര്‍) സിസ്റ്റം. മെയ് 17ന് സിസ്റ്റം രാജ്യവ്യാപകമായി പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഉന്നത ഉദ്യോഗസ്ഥന് അറിയിച്ചു.
നേരത്തെ തന്നെ രാജ്യത്ത് വിവിധയിടങ്ങളില്‍ സിഇഐആര്‍ പ്രവര്‍ത്തനമാരംഭിച്ചിരുന്നു. 2019 സപ്തംബറില്‍ ദാദ്ര-നഗര്‍ ഹവേലി, ഗോവ, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഡിസംബറില്‍ ദല്‍ഹിയിലും സിഇആര്‍ പ്രവര്‍ത്തനം തുടങ്ങി. നഷ്ടമായ മൊബൈല്‍ ഫോണിന്റെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്യാന്‍ സഹായിക്കും എന്നതാണ് ഇതിന്റെ പ്രത്യേകതയെന്ന് ടെലികോം ഡിപ്പാര്‍ട്ട്മെന്റിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും പ്രൊജക്ട് ബോര്‍ഡ് ചെയര്‍മാനുമായ രാജ്കുമാര് ഉപാധ്യായ പറഞ്ഞു. ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ് രാജ്യത്തെ എല്ലാ മൊബൈല്‍ ഓപ്പറേറ്റര്‍മാരുടെയും ഐഎംഇഐ ഡാറ്റാബേസുമായി ബന്ധിപ്പിച്ചാണ് സിഇഐആര്‍ രാജ്യവ്യാപകമായി പ്രവര്ത്തനസജ്ജമാക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബ്ലാക്ക്ലിസ്റ്റ് ചെയ്ത മൊബൈല്‍ ഉപകരണങ്ങളുടെ വിവരങ്ങള്‍ എല്ലാ നെറ്റ്വര്‍ക്ക് ഓപ്പറേറ്റര്‍മാര്‍ക്കിടയിലും പങ്കിടുന്ന ഒരു കേന്ദ്ര സംവിധാനമായും സിഇഐആര്‍ പ്രവര്‍ത്തിക്കുന്നു. മൊബൈല്‍ ഫോണിലെ സിം കാര്‍ഡ് മാറിയാലും ഏതെങ്കിലും ഒരു നെറ്റ്വര്ക്കില് ബ്ലാക്ക്ലിസ്റ്റ് ചെയ്തിരിക്കുന്ന ഉപകരണങ്ങള്‍ മറ്റ് നെറ്റ്വര്ക്കുകളില് പ്രവര്‍ത്തിക്കില്ല.
മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയുടെ പകര്‍പ്പിനൊപ്പം ആവശ്യമായ രേഖകള്‍ സഹിതം സിഇഐആറില്‍ അപേക്ഷ നല്‍കണം. അപേക്ഷ ലഭിച്ച് 24 മണിക്കൂറിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ബ്ലോക്ക് ചെയ്യും. പിന്നീട് രാജ്യത്തുള്ള ഒരു സിം കാര്‍ഡും ഇതില്‍ ഉപയോഗിക്കാന്‍ കഴിയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: