കൊച്ചി : കൊച്ചി പുറംകടലിലെ കപ്പലില്‍നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിലെ അന്താരാഷ്ട്ര ബന്ധത്തിലേക്ക് അന്വേഷണം വ്യാപിപ്പിച്ച് എന്‍സിബി. കേസില്‍ അറസ്റ്റിലായിട്ടുള്ള പാക് സ്വദേശി സുബൈറിനെ എന്‍സിബി സംഘം വിശദമായി ചോദ്യം ചെയ്തു വരികയാണ്.
മയക്കുമരുന്ന് കടത്താനുള്ള ശ്രമത്തിനിടെ പുറം കടലില്‍ നിന്നാണ് എന്‍സിബിയും നാവികസേനയും ചേര്‍ന്ന് പിടികൂടിയത്. 2500 കിലോ മെത്താംഫെറ്റമിന്‍ മയക്കുമരുന്നാണ് ഇവരില്‍ നിന്ന് പിടികൂടിയിട്ടുള്ളത്. രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വിപണിമൂല്യമുള്ള ലഹരിവേട്ടയാണ് ഇത്.
മയക്കുമരുന്ന് കടത്ത് സംബന്ധിച്ച് വിവരം ലഭിച്ചതിനെ തുടര്‍ന്ന് നാവികസേനയും എന്‍സിബിയും ഇവര്‍ക്കായി തെരച്ചില്‍ നടത്തുകയായിരുന്നു. അന്വേഷണ സംഘം പിന്തുടരുന്നതായി മനസ്സിലാക്കിയതോടെ കള്ളക്കടത്ത് സംഘം കപ്പല്‍ മുക്കാന്‍ ശ്രമിച്ചശേഷം ബോട്ടില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ഇതിലൊരു ബോട്ടിനെ പിന്തുടര്‍ന്ന പാക്കിസ്ഥാന് സ്വദേശിയാണ് നിലവില്‍ അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ ഉള്ളത്. ഇയാള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച ബോട്ടും കണ്ടുകെട്ടിയിട്ടുണ്ട്.
മുങ്ങിത്തുടങ്ങിയ കപ്പലില്‍നിന്ന് ചാക്കുകളില്‍ സൂക്ഷിച്ചനിലയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. പാക്കിസ്ഥാനില്‍ ഉത്പാദിപ്പിക്കുന്ന വിവിധ ബസ്മതി അരിക്കമ്പനികളുടെ ചാക്കുകളിലാണ് മയക്കുമരുന്ന് സൂക്ഷിച്ചിരുന്നത്. സുബൈറും സംഘവും ഇതിന് മുമ്പും പലവട്ടം മയക്കുമരുന്ന് കടത്തിയതായാണ് സൂചന. പാക്കിസ്ഥാന് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യാന്തര റാക്കറ്റായ ഹാജി സലീം ഗ്രൂപ്പാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്നും സംശയിക്കുന്നുണ്ട്. പാക്കിസ്ഥാന്, അഫ്ഗാനിസ്ഥാന് എന്നിവിടങ്ങളില്‍ ഉത്പാദിപ്പിക്കുന്ന മയക്കുമരുന്ന് ഇറാനിലെത്തിച്ച് അവിടെനിന്ന് കടല്‍മാര്‍ഗം വിവിധ രാജ്യങ്ങളിലേക്ക് കടത്തുന്നതാണ് ഹാജി സലീം ഗ്രൂപ്പിന്റെ രീതി.
അറസ്റ്റിലായ പാക്കിസ്ഥാന് സ്വദേശിയില്‍ നിന്നും മയക്കുമരുന്ന് കടത്ത് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനെ തുടര്‍ന്ന് എന്‍സിബി സംഘം സുബൈറിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ കൂട്ടാളികള്‍ ആരൊക്കെ?, എവിടേക്കാണ് കടത്തിയത്. മയക്കുമരുന്ന് കടത്തിലെ സാമ്പത്തിക ഇടപാട്, അന്താരാഷ്ട്ര ബന്ധം എന്നിവ കേന്ദ്രീകരിച്ചാണ് എന്‍സിബിയുടെ അന്വേഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: