ഡോ. ശങ്കര്‍ മഹാദേവന്
ദ കേരള സ്റ്റോറി ഒരു ശാലിനി ഉണ്ണികൃഷ്ണന്റെ മാത്രം സിനിമയല്ല, എത്രയോ ശാലിനിമാരുടെയും അവരുടെ മാതാപിതാക്കളുടെയും കഥയാണ്. ചിത്രം മുന്നോട്ടുവയ്ക്കുന്ന രണ്ട് പ്രധാനപ്പെട്ട വിഷയങ്ങള്‍ ലൗ ജിഹാദ്, ഐസിസ് തീവ്രവാദം എന്നിവയാണ്.
ഈ സിനിമയുടെ ട്രെയിലര്‍ മുന്നോട്ടുവച്ച കണക്കിലെ കളികളും, അവസാനം പറഞ്ഞ കണക്കുകളുടെയുമൊക്കെ സത്യാവസ്ഥ മാറ്റിനിര്‍ത്തിയാല്‍ ഈ സിനിമ മുന്നോട്ടു വയ്ക്കുന്ന രണ്ട് പ്രമേയങ്ങളും നിലനില്‍ക്കുന്നതാണെന്ന വസ്തുത മറച്ചുവയ്ക്കാന്‍ സാധിക്കില്ല. അഫ്ഗാന് ജയിലില്‍ അകപ്പെട്ട ഒരു മലയാളി ഐസിസ് തീവ്രവാദിയില്‍ നിന്നാണ് കഥ പുരോഗമിക്കുന്നത്. പഠിച്ചുകൊണ്ടിരുന്ന കോളജില്‍ നിന്ന് താന്‍ എങ്ങനെയാണ് മതംമാറ്റത്തിന് വിധേയമാക്കപ്പെട്ടതെന്നും, ഐസിസില്‍ ചേരാന്‍ സിറിയയിലേക്ക് പോകുമ്പോള്‍ നടക്കുന്ന സംഭവവികാസങ്ങളും, അവര്‍ യുഎന്‍ ഫോഴ്സിന്റെ കയ്യില്‍ അകപ്പെടുന്നതുമാണ് സിനിമയുടെ കഥാതന്തു.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശാലിനി ഉണ്ണികൃഷ്ണനെ അതീവ തന്മയത്വത്തോടുകൂടി അഥ ശര്‍മ അവതരിപ്പിച്ചിരിക്കുന്നു. ഒന്നാം പകുതിയില്ചിത്രത്തിന് കുറച്ച് ലാഗ് അനുഭവപ്പെടുന്നുണ്ടെങ്കിലും രണ്ടാം പകുതിയില്‍ ചിത്രം വൈകാരികതയുടെ പുതിയ തലത്തിലേക്ക് നീങ്ങുന്നു. ഐസിസ് തീവ്രവാദികളില്‍ നിന്ന് രക്ഷപ്പെടുവാനുള്ള ശാലിനിയുടെ നീക്കങ്ങള്‍ പ്രേക്ഷകര്‍ക്ക് ഉദ്വേഗത്തിന്റെ പിരിമുറക്കം സമ്മാനിക്കുന്നു. ഐസിസ് തീവ്രവാദികളുടെ പൈശാചികമായ ക്രൂരതകളുടെ ദൃശ്യങ്ങള്‍ സിനിമയയിലുണ്ട്. ലിപ്സ്റ്റിക് ഇട്ടതിന് കൈ വെട്ടുന്നതും, ഫോണ്‍ ഉപയോഗിച്ചതിനു തലവെട്ടുന്നതും, സ്ത്രീകളെ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുന്നതുമായ സംഭവങ്ങള്‍ ഐസിസ് തീവ്രവാദ ക്യാമ്പുകളില്‍ നടക്കുന്നതെന്തെന്ന് വരച്ചുകാട്ടുന്നു.
ജീവിക്കാന്‍ വേണ്ടിയുള്ള ശാലിനിയുടെ പോരാട്ടങ്ങളിലൂടെയും, ഇന്ത്യയിലേക്ക് തിരിച്ചുവരാന്‍ ശാലിനി കാണിക്കുന്ന പ്രയാസങ്ങളിലൂടെയുമാണ് സിനിമ പുരോഗമിക്കുന്നത്. മക്കളെ നഷ്ടപ്പെടുമ്പോള്‍ മാതാപിതാക്കള്‍ക്ക് ഉണ്ടാകുന്ന വ്യഥയുടെ ആഴം എത്രയെന്ന് കാണികളിലേക്ക് പകരുന്നതില്‍ സംവിധായകന് വിജയിച്ചിരിക്കുന്നു. ഇത് സിനിമ കാണുന്ന മാതാപിതാക്കളുടെ കണ്ണുകളെ ഈറനണിയിക്കുന്നു.
ദ കേരള സ്റ്റോറി ഏതെങ്കിലും മതത്തിന് എതിരായ സിനിമയല്ല. മതങ്ങളെക്കുറിച്ചല്ല മറിച്ച് തീവ്രവാദമാണ് ചിത്രത്തിന്റെ പ്രമേയം. മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട്, പ്രണയത്താല്‍ വഞ്ചിതരായി, തീവ്രവാദത്തിലേക്ക് വഴിതെറ്റിപ്പോയ ഒരുപറ്റം ആളുകള്‍. അത്തരം ആളുകളുടെ കഥയാണ് ദി കേരള സ്റ്റോറി പറയുന്നത്. ഇതെങ്ങനെയാണ് ഒരു മതത്തിന്റെ മാത്രം കഥയാവുന്നത്? ഇതെങ്ങനെയാണ് ഒരു സംസ്ഥാനത്ത് മാത്രം അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നത്?
കേരളത്തിലെ വലതും ഇടതും രാഷ്ട്രീയക്കാര്‍ ഈ ചിത്രം ഇറങ്ങുന്നതിന് മുന്‍പുതന്നെ ചിത്രത്തിനെതിരെ തെരുവുകളില്‍ പ്രതിഷേധം നടത്തുന്നത് കണ്ടപ്പോള്‍ അവരോട് സഹതാപമാണ് തോന്നിയത്. വോട്ട് ബാങ്ക് ലക്ഷ്യമാക്കി ഒരു മതത്തെ മാത്രം പ്രീണിപ്പിക്കുന്ന തരത്തില്‍ ഇടതും വലതുമായ രാഷ്ട്രീയക്കാര്‍ പ്രസ്താവനകളിറക്കി. മുഖ്യമന്ത്രിയും സാംസ്കാരിക മന്ത്രിയും ചിത്രം കാണാതെതന്നെ ചിത്രത്തിന് എതിരെ നിന്നു. യഥാര്‍ത്ഥത്തില്‍ ഈ രാഷ്ട്രീയ നേതൃത്വം ഈ ചിത്രം കണ്ട് വിലയിരുത്തണമായിരുന്നു.
ഐസിസ് തീവ്രവാദം സമൂഹത്തെ വലയം ചെയ്തിട്ടുള്ള മാരകമായ കാന്‍സറാണ്. ഐസിസ് ആശയത്തിലേക്ക് ആകൃഷ്ടരായി ആളുകള്‍ കേരളത്തില്‍ നിന്ന് സിറിയയിലേക്കും അഫ്ഗാനിസ്ഥാനിലേക്കും മറ്റും പോയിട്ടുണ്ട്. ഇത് ആര്‍ക്കും നിഷേധിക്കാനാവില്ല. കേരളത്തില്‍ നിന്നും മാത്രമല്ല തമിഴ്നാട്ടില്‍ നിന്നും യുപി, കര്‍ണാടക, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഐസിസിലേക്ക് പോയിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ ജനസംഖ്യ അനുപാതം വച്ചുനോക്കുമ്പോള്‍ കേരളത്തില്‍ നിന്നും ഐസിസിലേക്ക് പോയവരുടെ എണ്ണം വളരെ കൂടുതലാണ്. അതുകൊണ്ടുതന്നെ കേരള സ്റ്റോറി എന്ന പേര് അന്വര്‍ത്ഥമാണ്.
സമ്പൂര്‍ണ്ണ സാക്ഷരതയുള്ള കേരളത്തില്‍ നിന്ന് എന്തുകൊണ്ട് ഇത്രയും ആളുകള്‍ തീവ്രവാദത്തിലേക്ക് പോകുന്നു എന്നത് പഠന വിഷയമാക്കേണ്ട കാര്യമാണ്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഐസിസില്‍ ചേരാന്‍ പോയിട്ടുണ്ട്. എന്നാല്‍, ഹിന്ദുക്കളും ക്രിസ്ത്യാനികളും പോയതിനേക്കാള്‍ എത്രയോ അധികം മുസ്ലിങ്ങളാണ് ഇതിലേക്ക് ആകൃഷ്ടരായിട്ടുള്ളത്. ഹിന്ദുക്കളും ക്രിസ്ത്യാനികളും മതംമാറി പോകുമ്പോള്‍ ഇസ്ലാം വിശ്വാസികള്‍ മതമൗലികവാദത്തിന് അടിമപ്പെട്ട് അവിടേക്ക് പോകുന്നു. അപ്പോള്‍ ആരാണ് ഈ സിനിമ കൂടുതലായി ഏറ്റെടുക്കേണ്ടത്, കാണേണ്ടത്?
ദി കേരള സ്റ്റോറി എന്ന സിനിമ എല്ലാ വരും കാണേണ്ട സിനിമയാണ്. മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന, തീവ്രവാദത്തെ എതിര്‍ക്കുന്ന, നിര്‍ബന്ധിത മതപരിവര്‍ത്തനത്തെ എതിര്‍ക്കുന്ന, മനുഷ്യാവകാശത്തെക്കുറിച്ച് സംസാരിക്കുന്ന ഓരോ വ്യക്തിയും കുടുംബത്തോടൊപ്പം കാണേണ്ട സിനിമയാണ്. ഇതിന്റെ സംവിധായകനായ സുദീപ്തൊ സെനും, നിര്‍മ്മാതാവായ വിപുല്‍ അമൃത് ലാല്‍ ഷായും, ഛായാഗ്രഹണം നിര്‍വഹിച്ച പ്രസന്തനു മഹാപാത്രയും, അഥ ശര്‍മ്മയും മറ്റ് അഭിനേതാക്കളും, ഈ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവരും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഈ സിനിമയെ കേരള സമൂഹം ഒന്നടങ്കം ഏറ്റെടുക്കണം. ചില സിനിമകള്‍, ചില കാലഘട്ടങ്ങളില്‍ പിറക്കുന്നതാണ്, സംഭവിക്കുന്നതാണ്. സമൂഹത്തിലെ അനിവാര്യങ്ങളായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിക്കലാണ് ചില സിനിമകള്‍. അങ്ങനെയുള്ള ഒരു സിനിമയാണ് ‘ദി കേരള സ്റ്റോറി.’
പ്രതികരിക്കാൻ ഇവിടെ എഴുതുക: