ന്യൂദല്‍ഹി: എവറസ്റ്റ് കൊടുമുടി കീഴടക്കിയ മലയാളി പര്വതാരോഹകന് ഷെയ്ക്ക് ഹസന് ഖാന് മൂന്നാം ഘട്ട പര്‍വതാരോഹണ ദൗത്യവുമായി നാളെ രാവിലെ 7.40 ന് അലാസ്കയിലെ മൗണ്ട് ദെനാലിയിലേക്ക് പുറപ്പെടും. കൊടുമുടിയില്‍ ഉയര്‍ത്താനുള്ള ഇന്ത്യന്‍ ദേശീയ പതാക ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഷെയ്ക്ക് ഹസന് ഖാന് കേരള ഹൗസില്‍ നടന്ന ചടങ്ങില്‍ കൈമാറി.
ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യ വാര്‍ഷികത്തിന്റെ ഭാഗമായി ആരംഭിച്ച ലോക പര്‍വതാരോഹണ ദൗത്യത്തിലെ മൂന്നാമത്തെ ഭൂഖണ്ഡമാണ് വടക്കേ അമേരിക്ക. നാര്‍ത്ത് അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് മൗണ്ട് ദെനാലി. ഇന്ത്യ- യുഎസ് ഫ്രണ്ട്ഷിപ്പ് എക്സ്പെഡിഷന് എന്ന് പേരിട്ടിരിക്കുന്ന പര്‍വതാരോഹണ ദൗത്യ സംഘത്തില്‍ ഖാന് ഉള്‍പ്പെടെ നാല് പേരാണുള്ളത്. മറ്റ് മൂന്നുപേര്‍ യുഎസ് പൗരന്മാരാണ്. മെയ് 22ന് അലാസ്കയിലെ തല്‍ക്കീത്നയില്‍ നിന്നാണ് എക്സ്പെഡിഷന് ആരംഭിക്കുക. 21 ദിവസം കൊണ്ട് പൂര്‍ത്തിയാക്കി ജൂണ്‍ 11ന് കൊടുമുടിയിറങ്ങും. യുഎസ്എയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനമായ അലാസ്കയിലാണ് ദെനാലി കൊടുമുടി.
അഞ്ച് വര്‍ഷം കൊണ്ട് ഏഴു ഭൂഖണ്ഡങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും 195 രാജ്യങ്ങളിലെ ഉയരം കൂടിയ കൊടുമുടികളിലും ഇന്ത്യയുടെ ദേശീയ പതാക ഉയര്‍ത്തുക എന്നതാണ് ഖാന്റെ ദൗത്യം. ‘ഹര് ദേശ് തിരംഗ ‘ എന്നാണ് ദൗത്യത്തിന്റെ പേര്.
2021ല്‍ നടത്തിയ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ കിളിമഞ്ചാരോ എക്സ്പെഡിഷനോടെയാണ് ഖാന് പര്വതാരോഹകനായത്. 2022 മെയ് 15ന് എവറസ്റ്റ് കൊടുമുടി കീഴടക്കി. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മൗണ്ട് എല്‍ബ്രൂസ് എക്സെപ ഡിഷനാണ് അടുത്ത ദൗത്യം. ഇത് ജൂലൈയില്‍ പൂര്‍ത്തിയാക്കും.
18 ലക്ഷം രൂപയാണ് ദെനാലി എക്പെഡിഷന് ആകെ ചെലവ് വരുക. ഇതിന്റെ ഒരു ഭാഗം സ്പോണ്സര് ചെയ്തിരിക്കുന്നത് ഖാന് ബിടെക് പഠിച്ച പത്തനംതിട്ട മുസലിയാര്‍ കോളജാണ്.
സംസ്ഥാന ധനകാര്യ വകുപ്പില്‍ അസി. സെക്ഷന്‍ ഓഫീസറായ ഷെയ്ക്ക് ഹസന് ഖാന് കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എന്‍ജിനീയറിങ് കോളജില്‍ നിന്ന് എം ടെക്ക് പാസായതിനു ശേഷമാണ് സര്‍ക്കാര്‍ സര്‍വീസില്‍ ചേര്‍ന്നത്. പന്തളം കൂട്ടംവെട്ടിയില്‍ അലി അഹമ്മദ് ഖാന്റെയും ഷാഹിദയുടെയും മകനാണ്. ഖദീജ റാണി ഹമീദാണ് ഭാര്യ. മകള്‍ – ജഹനാര മറിയം ഷെയ്ക്ക്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: