ന്യൂദല്‍ഹി: ശിവലിംഗമെന്ന് ഹിന്ദുവിശ്വാസികള്‍ വിളിക്കുന്ന, വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ കണ്ടെത്തിയ വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു.
ശിവലിംഗമാണെന്ന് ഹിന്ദു വിശ്വാസികള്‍ അവകാശപ്പെടുന്ന വസ്തുവിനെ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടിരിക്കുകയാണ് അലഹബാദ് ഹൈക്കോടതി. നേരത്തെ വാരണാസി ജില്ലാ കോടതി ഇത്തരമൊരു ആവശ്യം തള്ളിക്കളഞ്ഞിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലിലാണ് അലഹബാദ് ഹൈക്കോടതിയുടെ വിധി. ഈ ശിവലിംഗത്തിന്റെ കാലപ്പഴക്കം കണ്ടെത്താന്‍ കാര്‍ബണ്‍ ഡേറ്റിംഗ് ഉള്‍പ്പെടെയുള്ള പരിശോധന നടത്താന്‍ ഹൈക്കോടതിയില്‍ പരാതി നല്കിയ അഞ്ച് ഹിന്ദു സ്ത്രീകള്‍ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ, ഗ്യാന്‍വാപി പള്ളി അധികൃതര്‍ ഇത് ശിവലിംഗമാണെന്ന വാദത്തെ തള്ളിക്കളയുന്നു. സുപ്രീംകോടതി വിധി പ്രകാരം ശിവലിംഗം കണ്ടെത്തിയ ഗ്യാന്‍വാപി പള്ളിയ്ക്കുള്ളിലെ പ്രദേശം പൊലീസ് സംരക്ഷണയിലാണ് ശിവലിംഗത്തിന്റെ സംരക്ഷണം നീട്ടണമെന്ന ഹിന്ദു സംഘടനകളുടെ ഹര്‍ജിയിലായിരുന്നു നേരത്തെ സുപ്രീംകോടതിയുടെ ഈ ഉത്തരവ്.
കേസിന്റെ ചരിത്രം
2022 ഏപ്രിലിലാണ് യുപിയിലെ ഗ്യാന്‍വാപി-ശൃംഗാര്‍ ഗൗരി തര്‍ക്കം വാര്‍ത്തകളില്‍ നിറഞ്ഞത്. ഗ്യാന്‍വാപി പള്ളിയിലെ പുറംചുമരിനോട് ചേര്‍ന്നുള്ള ഹിന്ദുവിഗ്രഹങ്ങള്‍ ആരാധിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആറ് സ്ത്രീകള്‍ കോടതിയെ സമീപിച്ചു. ഇതോടെ ഗ്യാന്‍വാപി പള്ളിസമുച്ചയത്തിന്റെ വീഡിയോ സര്‍വ്വേ നടത്താന്‍ കോടതി ഉത്തരവിട്ടു. ഈ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ അവിടെ ശിവലിംഗത്തിനോട് സാമ്യമുള്ള ഒരു വിഗ്രഹം വിശ്വാസികള്‍ ശരീരശുദ്ധിവരുത്തുന്ന കുളത്തില്‍ കണ്ടെത്തിയതായി ഹിന്ദു സംഘടനകള്‍ വീണ്ടും വാദിച്ചു. എന്നാല്‍ ഇത് ശിവലിംഗമല്ല, വിശ്വാസികള്‍ നമാസിന് ഉപയോഗിക്കുന്ന കുളത്തിലെ ജലധാരയുടെ ഭാഗമാണെന്നായിരുന്നു മറുപക്ഷത്തിന്റെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: