ന്യദല്‍ഹി: ‘ദ കേരള സ്റ്റോറി’ എന്ന സിനിമയുടെ പ്രദർശനം വിലക്കിയ ബംഗാള്‍, തമിഴ്‌നാട് സര്‍ക്കാരുകളോട് വിശദീകരണം തേടി സുപ്രീംകോടതി. ഈ രണ്ട് സംസ്ഥാനങ്ങള്‍ക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഹർജി വീണ്ടും ബുധനാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡും ജസ്റ്റിസ് പി.എസ്. നരസിംഹയും അംഗങ്ങളായ ബെഞ്ചാണ് സിനിമ നിരോധിച്ച ബംഗാള്‍ സര്ക്കാരിനോട് സിനിമ പ്രദര്‍ശിപ്പിക്കാത്തിന് വിശദീകരണം തേടിയത്. “ഈ സിനിമ രാജ്യം മുഴുവന്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ സിനിമ പ്രദര്‍ശിപ്പിക്കാമെങ്കില്‍ എന്തുകൊണ്ട് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചു? ബംഗാളിന്‍റേതിന് സമാനമായ ജനസംഖ്യ സ്വഭാവമുള്ള മറ്റ് സംസ്ഥാനങ്ങളില്‍ ഈ സിനിമ ഓടിക്കൊണ്ടിരിക്കുകയാണ്. “- ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.
“സിനിമ കാണാന്‍ കൊള്ളില്ലെന്ന് ജനം ചിന്തിക്കുകയാണെങ്കില്‍ അവര്‍ അത് കാണില്ല. ഇതിന് സിനിമയുടെ മൂല്യവുമായി ഒരു ബന്ധവുമില്ല. അത് നല്ലതോ ചീത്തയോ ആകാം. പക്ഷെ ആ സിനിമ എന്തുകൊണ്ടാണ് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കാത്തത് ?” -സുപ്രീംകോടതി ബെഞ്ച് ചോദിച്ചു. കേരള സ്റ്റോറിയുടെ നിര്‍മ്മാതാക്കള്‍ സിനിമ നിരോധിച്ച ബംഗാള്‍ സര്‍ക്കാരിനെതിരെ നല്‍കിയ നോട്ടീസില്‍ സുപ്രീംകോടതി ബംഗാള്‍ സര്‍ക്കാരിനോട് വിശദീകരണം തേടി നോട്ടീസയച്ചു.
തമിഴ്നാട് സര്‍ക്കാരിനും സിനിമ പ്രദര്‍ശിപ്പിക്കാത്തതില്‍ വിശദീകരണം തേടി സുപ്രീംകോടതി നോട്ടീസയച്ചു.
ഇരു സംസ്ഥാനങ്ങളോടും വിശദീകരണം തേടിയ സുപ്രീംകോടതി കേസ് വീണ്ടും ബുധനാഴ്ച വാദം കേള്‍ക്കാനെടുക്കും. പശ്ചിമബംഗാള്‍ സര്‍ക്കാരിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സിംഘ് വിയാണ് വാദിക്കുന്നത്.
‘കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിഷയങ്ങളില്‍ അതത് ഹൈക്കോടതിയില്‍ പോകാനാണ് കോടതി നിര്‍ദേശിച്ചിട്ടുള്ളത്. അതിനാല്‍ സിനിമയുടെ നിര്‍മ്മാതാവ് സുപ്രീംകോടതിയിലല്ല, ഹൈക്കോടതിയിലാണ് പോകേണ്ടത് എന്ന് അഭിഷേക് മനു സിംഘ് വി വാദിച്ചു. എന്തുകൊണ്ട് ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചു എന്ന സുപ്രീംകോടതി ബെഞ്ചിന്റെ ചോദ്യത്തിന് ക്രമസമാധാന പ്രശ്നത്തിന്റെ ഭീഷണിയുണ്ടെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉള്ളതിനാലാണെന്ന് അഭിഷേക് മനു സിംഘ് വി ബംഗാള്‍ സര്‍ക്കാരിന് വേണ്ടി വിശദീകരിച്ചു.
സീനിയര്‍ അഡ്വക്കേറ്റ് ഹരീഷ് സാല്‍വേയാണ് ‘ദ കേരളാ സ്റ്റോറി’ നിര്‍മ്മാതാവിന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ചത്.” കേരളാ സ്റ്റോറി പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ച ദിവസം ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞത് ഈ സിനിമ ഒരു സമുദായത്തിന് എതിരായതിനാല്‍ അത് പ്രദര്‍ശിപ്പിക്കുന്നത് ക്രമസമാധാന പ്രശ്നം ഉണ്ടാക്കുമെന്നാണ്. ഒരു ക്രമസാമാധന പ്രശ്നവുമില്ലാതെ സിനിമ മൂന്ന് ദിവസം ഓടിയതിന് ശേഷമാണ് ബംഗാള്‍ സര്‍ക്കാര്‍ സിനിമ നിരോധിച്ചത് “- ഹരീഷ് സാല്‍വേ വാദിച്ചു.
സിനിമ റിലീസുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളുണ്ടാകുമെന്ന് ഭയന്ന് തമിഴ്നാട് സര്‍ക്കാര്‍ സ്വാഭാവിക നിരോധനം നടപ്പാക്കിയതിനെയും ഹരീഷ് സാല്‍വേ ചോദ്യം ചെയ്തു. സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് തമിഴ്നാട്ടിലെ തിയറ്ററുകള്‍ തിയറ്ററുകളില്‍ നിന്നും ‘കേരള സ്റ്റോറി’ പിന്‍വലിച്ചത്.
“സുരക്ഷിതത്വം ഉറപ്പാക്കാന്‍ എന്ത് ഭരണപരമായ സജ്ജീകരണങ്ങളാണ് ഒരുക്കിയതെന്ന് അറിയണം.തിയറ്ററുകള്‍ ആക്രമിക്കപ്പെടുന്നതിനാല്‍, കസേരകള്‍ കത്തിച്ചതിനാല്‍ ഞങ്ങള്‍ നിരോധനത്തെക്കുറിച്ച് ചിന്തിച്ചതെന്ന് സംസ്ഥാനസര്‍ക്കാരുകള്‍ക്ക് പറയാന്‍ കഴിയില്ല. ” – സുപ്രീംകോടതി ബെഞ്ച് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: