ന്യൂദല്‍ഹി: സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഭാരത് പേയുടെ സഹസ്ഥാപകനും മുന്‍ മാനേജിങ് ഡയറക്ടറുമായ ആഷ്നിര്‍ ഗ്രോവറിനും അദ്ദേഹത്തിന്റെ ഭാര്യക്കുമെതിരെ ദല്‍ഹി പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ ഭാരത് പേ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ദല്‍ഹി പോലീസിലെ സംഘത്തിന്റെ (ഇഒഡബ്ല്യു) നടപടി. ഗ്രോവറും കുടുംബാംഗങ്ങളും ചേര്‍ന്ന് 81 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി.
ആഷ്നിര്‍ ഗ്രോവര്‍, ഭാര്യ മാധുരി ഗ്രോവര്‍ എന്നിവരെ കൂടാതെ ഇവരുടെ കുടുംബാംഗങ്ങളായ ദീപക് ഗുപ്ത, സുരേഷ് ജെയിന്, ശ്വേതങ്ക് ജെയിന് എന്നിവരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പരാതിയിന്മേല് നടത്തിയ അന്വേഷണത്തില്‍, പ്രഥമദൃഷ്ട്യാ ആരോപണ വിധേയര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതായി എഫ്ഐആറില്‍ പറയുന്നു. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നിങ്ങനെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ എട്ടു വകുപ്പുകളാണ് ഗ്രോവറിന്റെയും കുടുംബാംഗങ്ങളുടെയും പേരില്‍ ചുമത്തിയിട്ടുള്ളത്.
2022 മാര്‍ച്ചിലാണ് സാമ്പത്തിക ക്രമേക്കടുകള്‍ നടത്തിയെന്നാരോപിച്ച് ആഷ്നിര്‍ ഗ്രോവറിനെ ഭാരത് പേയില്‍ നിന്ന് പുറത്താക്കിയത്. പരാതിയില്‍ നഷ്ട പരിഹാരവും ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ, നിയന്ത്രിത ഓഹരികള്‍ വീണ്ടെടുക്കാനും ഗ്രോവറിനെ സ്ഥാപക പദവിയില്‍ നിന്ന് നീക്കം ചെയ്യാനുമായി സിംഗപ്പൂരില്‍ ഭാരത് പേ ആര്ബിട്രേഷന് ക്ലെയിം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: