ന്യൂദല്‍ഹി: ബുദ്ധസംന്യാസിമാരുടെയും നയതന്ത്രവിദഗ്ധരുടെയും സാന്നിധ്യത്തില്‍ ‘ബുദ്ധം ശരണം ഗച്ഛാമി’ പ്രദര്‍ശനം ദല്‍ഹി മോഡേണ്‍ ആര്‍ട്‌സ് നാഷണല്‍ ഗാലറിയില്‍ കേന്ദ്രമന്ത്രി മീനാക്ഷി ലേഖി ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര ബുദ്ധിസ്റ്റ് കോണ്‍ഫെഡറേഷന്റെ സഹകരണത്തോടെയാണ് ബുദ്ധപൂര്‍ണിമ ആഘോഷങ്ങളെ തുടര്‍ന്ന് പ്രദര്‍ശനം സംഘടിപ്പിച്ചത്. ദ്രെപങ് ഗൊമാങ് മൊണാസ്ട്രിയിലെ ആചാര്യന്‍ കുന്ദലിങ് തത്സക് റിംപൊച്ചെ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യാതിഥിയായി.
ശ്രീബുദ്ധന്റെ ജീവിതം ആലേഖനം ചെയ്യുന്ന പ്രദര്‍ശനം ബൗദ്ധകലയുടെയും സംസ്‌കാരത്തിന്റെയും വിളംബരമാണ് നിര്‍വഹിക്കുന്നതെന്ന് മീനാക്ഷി ലേഖി പറഞ്ഞു. 2500 വര്‍ഷങ്ങള്‍ക്കിപ്പുറവും ജീവിക്കുന്ന ബുദ്ധസന്ദേശങ്ങളുടെ സര്‍വകാല പ്രസക്തിയെ ഓര്‍മ്മിപ്പിക്കുന്നതാണ് ‘ബുദ്ധം ശരണം ഗച്ഛാമി.’ സിദ്ധാര്‍ത്ഥന്‍ ജനിച്ച ലുംബിനിയും ബുദ്ധനായി മാറിയ ബോധഗയയും അതിര്‍ത്തികളെ മറികടക്കുന്ന സാംസ്‌കാരിക ഏകതയുടെ പ്രതീകങ്ങളായി നിലനില്‍ക്കുന്നു. ബൗദ്ധചിന്തയുടെ പ്രഭവകേന്ദ്രം എന്ന നിലയില്‍ ഈ സംസ്‌കൃതിയുടെ പരിപാലനത്തിന് ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്. ഭാരതീയവിചാരധാരയുടെ വിശുദ്ധിയുടെ അടയാളങ്ങളിലൊന്നാണ് ശ്രീബുദ്ധന്റെ ജീവിതദര്‍ശനം, മന്ത്രി പറഞ്ഞു.
നേപ്പാള്‍, മ്യാന്മര്‍, മംഗോളിയ, ദക്ഷിണകൊറിയ, തായ്‌ലന്‍ഡ്, ഭൂട്ടാന്‍, ജപ്പാന്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള കലാരൂപങ്ങളും പ്രദര്‍ശിനിയിലുണ്ട്. ഡെന്‍മാര്‍ക്ക്, ഗ്രീസ്, ലക്‌സംബര്‍ഗ്, ജമൈക്ക, പോര്‍ച്ചുഗല്‍, ജോര്‍ജിയ, ഐസ്‌ലന്‍ഡ്, ഇക്വഡോര്‍, സിറിയ, പെറു എന്നീ രാജ്യങ്ങളിലെ അംബാസഡര്‍മാരും മുതിര്‍ന്ന നയതന്ത്ര ഉദ്യോഗസ്ഥരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക