കോട്ടയം :ഡോക്ടര്‍ വന്ദനയ്ക്ക് വിട ചൊല്ലി ജന്മനാട്. കോട്ടയം മുട്ടുചിറയിലെ വീട്ടില്‍ അവസാനമായി ഒരു നോക്ക് കാണാനും അന്ത്യാജ്ഞലി അര്‍പ്പിക്കാനും ആയിരങ്ങളാണ് എത്തിയത്. മൃതദേഹം വന്ദന പഠിച്ച സ്ഥാപനങ്ങളില്‍ പൊതുദര്‍ശനത്തിന് വെച്ചശേഷമാണ് വീട്ടിലേക്ക് എത്തിച്ചത്.
ഏകമകള്‍ക്ക് അന്ത്യ ചുംബനം നല്കുന്ന മാതാപിതാക്കളുടെ നെഞ്ചുപൊട്ടിയുള്ള കരച്ചില് കണ്ടുനിന്നവരുടെ കണ്ണുകളെയും ഈറനണിയിയിക്കുന്നതായിരുന്നു. ബുധനാഴ്ച രാത്രിയോടെയാണ് മൃതദേഹം വന്ദനയുടെ വീട്ടില്‍ എത്തിച്ചത്. തുടര്‍ന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്, സംസ്ഥാന മന്ത്രിമാരായ വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്, വി.എന്‍. വാസവന്, സ്പീക്കര്‍ എ.എന്‍. ഷംസീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് എന്നിവര്‍ വന്ദനയുടെ വീട്ടിലെത്തി അന്ത്യോപചാരം അര്‍പ്പിച്ചു. അതേസമയം വന്ദനയുടെ മരണത്തിന് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നടത്തിയ പ്രസ്താവന വളരെ വിവാദമായിരുന്നു. അതിനാല്‍ ആരേയും അറിയിക്കാതെയാണ് ആരോഗ്യമന്ത്രി വന്ദനയുടെ വീട്ടിലെത്തി മടങ്ങിയത്. മാധ്യമങ്ങളോടും പ്രതികരിക്കാന്‍ തയ്യാറായില്ല.
വന്ദനയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ മന്ത്രിമാരുടെ സംഘം എത്തുന്നതിനാല്‍ കടുത്തുരുത്തിയില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. മന്ത്രിമാര്‍ക്ക് നേരെ പ്രതിഷേധം ഉണ്ടായേക്കാമെന്ന സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ബുധനാഴ്ച പുലര്‍ച്ചെയാണ് പോലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയില്‍ എത്തിച്ച പ്രതിയായ സന്ദീപ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ വന്ദനയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയത്. അക്രമാസക്തനായ ഇയാള്‍ ഹോം ഗാര്‍ഡിനെ അടത്തം കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്ത സ്വകാര്യ ആശുപത്രിയില്‍ ഉടന്‍ ചികിത്സയ്ക്ക് എത്തിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ല. ഉച്ചക്ക് രണ്ട് മണിയോടെ ആയിരുന്നു സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചത്. വന്ദനയുടെ മുത്തശ്ശനെയും മുത്തശ്ശിയെയും സംസ്കരിച്ചതിനോട് ചേര്‍ന്നാണ് വന്ദനക്കും ചിതയൊരുക്കിയത്. വന്ദനയുടെ അമ്മയുടെ സഹോദരന്റെ മകന് നിവേദ് ആണ് ചിതക്ക് തീകൊളുത്തിയത്.
കൊല്ലം അസീസിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്‍ഡ് റിസര്‍ച് സെന്ററിലെ എംബിബിഎസ് പഠനത്തിനുശേഷം ഹൗസ് സര്‍ജനായി സേവനമനുഷ്ഠിക്കുകയായിരുന്നു വന്ദന. പ്രതി ജി സന്ദീപിനെ കൊട്ടരാക്കര മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഡോക്ടര്‍ വന്ദനയുടെ കൊലപാതകത്തെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇപ്പോഴും പ്രതിഷേധ സമരത്തിലാണ്. വിഷയത്തില്‍ ഹൈക്കോടതിയും വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. സംവിധാനങ്ങളുടെ പരാജയമാണ് ഇത്. അവളുടെ ജീവത്യാഗം മറവിയിലാണ്ടു പോകില്ല. ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും, വന്ദനയുടെ മാതാപിതാക്കളെ തീരാദുഃഖത്തിലാഴ്ത്തുന്നതാണ് ഇത്. സൈനികരായിരുന്നെങ്കില്‍ അവരുടെ ജീവന് കൊടുത്ത് സംരക്ഷണം നല്‍കിയേനെയെന്നും വിഷയം പരിഗണിക്കവേ ഹൈക്കോടതി ജസ്റ്റിസ് ദേവന് രാമചന്ദ്രന്, ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് എന്നിവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: